ഇസ്രയേൽ യാത്ര റദ്ദു ചെയ്ത് സഞ്ചാരികൾ; ഹോട്ടലുകൾ ദുരിതാശ്വാസ കേന്ദ്രങ്ങളായി, ഇരുളടഞ്ഞ് വിനോദസഞ്ചാര മേഖല
Mail This Article
യുദ്ധം ഒരു നാടിനെ പല വിധത്തിലാണ് ബാധിക്കുന്നത്. അത് എല്ലാ മേഖലകളുടെയും താളം തെറ്റിക്കും. ജനജീവിതത്തെ തകിടം മറിക്കും. വ്യവസായങ്ങളെ ബാധിക്കും. ഇസ്രയേലിലെ ഏറ്റവും വലിയ വ്യവസായങ്ങളിൽ ഒന്നായ വിനോദസഞ്ചാരം ഹമാസ് ആക്രമണത്തെ തുടർന്നുണ്ടായ യുദ്ധത്തെ തുടർന്ന് തകർന്നിരിക്കുകയാണ്. വിനോദസഞ്ചാരികളെ താമസിപ്പിക്കുന്നതിനുള്ള ഹോട്ടലുകൾ യുദ്ധത്തെ തുടർന്ന് വീടുകളിൽ നിന്ന് ഒഴിപ്പിക്കപ്പെട്ടവർക്കായി മാറ്റി വെച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിൽ നിന്ന് ഇസ്രയേലിലേക്കുള്ള വിമാനങ്ങൾ റദ്ദ് ചെയ്യപ്പെട്ടു, രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്, ഹോട്ടലുകൾ ദുരിതാശ്വാസ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.
4000 കടന്ന് മരണസംഖ്യ
യുദ്ധം തുടരുമ്പോൾ ഇരുഭാഗങ്ങളിലുമായി മരണം 4000 കടന്നു. 30 അമേരിക്കക്കാരാണ് ഇതുവരെ യുദ്ധത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടത്. യുദ്ധം തുടങ്ങിയപ്പോൾ തന്നെ ഇസ്രയേൽ വിനോദസഞ്ചാര മന്ത്രാലയം മുൻഗണന കൊടുത്തത് രാജ്യത്തേക്ക് എത്തിയ വിനോദസഞ്ചാരികളെ ഒഴിപ്പിക്കുന്നതിന് ആയിരുന്നു. ഇസ്രയേലിലേക്കുള്ള യാത്ര പിന്നെ ഒരിക്കലാക്കാം എന്ന നിർദ്ദേശമാണ് വിനോദസഞ്ചാരികൾക്ക് മന്ത്രാലയം നൽകുന്നത്. യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ ഇസ്രയേലിലേക്കുള്ള യാത്ര മാറ്റിവെക്കുകയാണ് ഇപ്പോൾ ഉചിതമെന്നാണ് ട്രാവൽ ഏജൻസികളും പറയുന്നത്. രാജ്യത്തെ വിനോദസഞ്ചാരമേഖല അതിന്റെ ഇരുണ്ട സമയത്തിൽ കൂടി കടന്നുപോകുകയാണ് ഇപ്പോൾ.
ഇത് സാമ്പത്തികനഷ്ടത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയമല്ല
ഈ യുദ്ധസമയത്ത് സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ഇസ്രയേലിലെ ബ്രൗൺ ഹോട്ടലുകളുടെ സ്ഥാപകനായ ലിയോൺ അവിഗാഡ് പറയുന്നത്. പ്രതിസന്ധിയിലായി പോയ രാജ്യത്തെ ജനങ്ങളെ സഹായിക്കുന്നതിനാണ് മുഖ്യ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇസ്രയേലിലുള്ള എല്ലാവരും സുഹൃത്തുക്കളാണ്. അതുകൊണ്ടു തന്നെ ഈ സമയത്ത് ഞങ്ങളുടെ ആളുകൾ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. ഈ സമയത്ത് ചോദ്യങ്ങൾ ചോദിച്ചു നിൽക്കുകയല്ല, പരസ്പരം സഹായഹസ്തം നൽകുകയാണ് ചെയ്യേണ്ടതെന്നും അവിഗാഡ് പറഞ്ഞു.
ഹോട്ടലുകൾ ദുരിതാശ്വാസ ക്യാപുകളായി
ഇസ്രയേലിന്റെ തലസ്ഥാനമായ ടെൽ അവിവിലെ ബെൻ ഗുരിയോൺ വിമാനത്താവളം തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും മിക്ക രാജ്യങ്ങളും ഇസ്രയേലിലേക്കുള്ള വിമാന സർവീസ് നിർത്തി വെച്ചിരിക്കുകയാണ്. ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നു. മിക്ക ഹോട്ടലുകളും ദുരിതാശ്വാസ ക്യാംപുകളായി മാറിയിരിക്കുകയാണ്. ചരിത്രപ്രധാനമായ സ്ഥലങ്ങളും നാഷണൽ പാർക്കുകളും അടച്ചിട്ടിരിക്കുകയാണ്. ക്രൂയിസ് ഷിപ്പുകൾ ഇസ്രയേൽ തീരം ഒഴിവാക്കുകയാണ്.
കോവിഡ് മഹാമാരിക്ക് ശേഷം ഇസ്രയേലിൽ അടുത്ത ആഘാതം
കോവിഡ് മഹാമാരിക്ക് ശേഷം ഇസ്രയേൽ വിനോദസഞ്ചാരമേഖലയ്ക്ക് ഉണ്ടായിരിക്കുന്ന അടുത്ത ആഘാതമാണ് ഇപ്പോഴത്തെ യുദ്ധം. കോവിഡ് കാലത്തിനു ശേഷം ഇസ്രയേൽ വിനോദസഞ്ചാര മേഖല സഞ്ചാരികൾക്കായി തുറന്നത് 2022 ജനുവരിയിൽ ആയിരുന്നു. ആ വർഷം 2,675,000 വിനോദസഞ്ചാരികൾ ആയിരുന്നു ഇസ്രയേലിൽ എത്തിയത്. എന്നാൽ 2019 നെ അപേക്ഷിച്ച് 41 ശതമാനം കുറവാണ് 2022ൽ ഇസ്രയേലിൽ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണം.
വിവിധ മതങ്ങളുടെ വിശുദ്ധനാടായ ജറുസലം
വിവിധ മതങ്ങൾക്ക് അവരുടെ മതപരമായ വിശ്വാസമനുസരിച്ച് വിശുദ്ധനാടാണ് ജറുസലം. അതുകൊണ്ടു തന്നെ ജൂതൻമാരും ക്രിസ്ത്യാനികളും മുസ്‌ലിംകളും ഇവിടേക്ക് എത്തിച്ചേരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ഇസ്രയേലിലെ വിനോദസഞ്ചാര മേഖല അതിന്റെ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നതിന് ഇടയിലാണ് ഇപ്പോഴത്തെ യുദ്ധമെന്ന് ഇസ്രയേലിലെ ഏറ്റവും വലിയ ടൂർ ഏജൻസിയായ ടൂറിസ്റ്റ് ഇസ്രയേലിന്റെ സ്ഥാപകൻ ബെൻ ജൂലിയസ് പറഞ്ഞു. ഈ മാസം മാത്രം ഈ ഏജൻസി പ്രതീക്ഷിച്ചിരുന്നത് 15,000 വിനോദസഞ്ചാരികളെ ആയിരുന്നു. എന്നാൽ യുദ്ധം എത്തിയതോടെ നൂറു കണക്കിന് യാത്രകളാണ് റദ്ദു ചെയ്യപ്പെട്ടത്. തെരുവുകൾ പ്രേതനഗരം പോലെയാണ്. കടകൾ തുറക്കുന്നില്ല. അപ്രതീക്ഷിതമായി എത്തിയ ആക്രമണത്തിന്റെ നടുക്കത്തിലാണ് പലരും.
ജീവനക്കാർ യുദ്ധഭൂമിയിലേക്ക്, റസ്റ്ററന്റുകൾ അടഞ്ഞുകിടക്കുന്നു
ഇസ്രയേലിലെ മിക്ക റസ്റ്ററന്റുകളും അടഞ്ഞു കിടക്കുകയാണ്. കാരണം, ജീവനക്കാരിൽ മിക്കവരും സൈന്യത്തിലേക്ക് തിരിച്ചു വിളിക്കപ്പെട്ടിരിക്കുകയാണ്. ഇതിൽ പാചകക്കാരും റസ്റ്ററന്റിലെ മറ്റ് മേഖലകളിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടുന്നു. യുദ്ധം ഒരു കാലത്തും ആർക്കും നന്മ വരുത്തിയിട്ടില്ല. അത് ജീവഹാനിയും നാശനഷ്ടങ്ങളും മാത്രമാണ് ഇരുഭാഗത്തും വരുത്തുന്നത്. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്ന് യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം.