കത്തിയും ബ്ലേഡും മുതൽ ബാറ്ററി വരെ, വിമാനത്തിലെ ഹാൻഡ് ലഗേജിൽ ഇത് വച്ചാൽ പണി കിട്ടും
Mail This Article
ഹാൻഡ് ലഗേജിൽ നിന്ന് വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഒരു യുവാവ് പിടിയിലായി. ഷൂട്ടിങ് പരിശീലിച്ച ഇയാൾ യാത്രയ്ക്കു മുൻപ് ബാഗിൽ നിന്ന് വെടിയുണ്ട എടുത്തു മാറ്റാൻ മറന്നു പോയി. അതാണ് അറസ്റ്റ് വരെ നീണ്ട നിയമനടപടിയിലേക്ക് നയിച്ചത്. ഷൂട്ടിങ് പരിശീലിച്ച കായികതാരങ്ങൾക്കു മാത്രമല്ല ആർമി ഉദ്യോഗസ്ഥർക്കു പോലും വെടിയുണ്ട വിമാനത്തിൽ ഹാൻഡ് ബാഗിൽ സൂക്ഷിക്കാൻ അനുമതിയില്ല. അതെല്ലാം ചെക്ക് ഇൻ ബാഗിലാണ് വയ്ക്കേണ്ടത്. ഇത്തരത്തിൽ ഉണ്ടാകുന്ന ചെറിയ അശ്രദ്ധകൾ ചിലപ്പോൾ നമ്മുടെ വിമാനയാത്ര മുടങ്ങാൻ തന്നെ കാരണമാകും. കാരണം ചെറിയ ഒരു ബ്ലേഡ് അല്ലെങ്കിൽ കത്തി, ബാറ്ററികൾ ഇവയെല്ലാം വിമാനയാത്രയിൽ നമ്മൾ കൈയിൽ കരുതുന്ന ബാഗിൽ സൂക്ഷിക്കാൻ അനുമതിയില്ല.
ക്രിക്കറ്റ് കളിക്കാരനാണോ ? വിമാനത്തിലേക്ക് ബാറ്റുമായി പോകണ്ട
കത്തിയും ബ്ലേഡും മാത്രമല്ല അതിലും വലിയ വില്ലൻമാരുണ്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശം അനുസരിച്ച് കായിക ഇനങ്ങളുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കൾക്ക് ഹാൻഡ് ലഗേജിൽ സ്ഥാനമില്ല. ബേസ്ബോൾ ബാറ്റുകൾ, അമ്പും വില്ലും, ക്രിക്കറ്റ് ബാറ്റുകൾ, ഗോൾഫ് ക്ലബ്ബുകൾ (ഗോൾഫ് കളിക്കാൻ ഉപയോഗിക്കുന്ന സ്റ്റിക്ക്), ഹോക്കി സ്റ്റിക്കുകൾ, ലാക്രോസ് സ്റ്റിക്കുകൾ, ബില്യാർഡ്സ് സ്നൂക്കർ എന്നിവ കളിക്കാൻ ഉപയോഗിക്കുന്ന കോല്, സ്കീ പോൾസ്, തോക്കുകൾ തുടങ്ങി നിരവധി വസ്തുക്കൾ ഹാൻഡ് ലഗേജിൽ ഉൾപ്പെടുത്താൻ കഴിയില്ല. ഇത്തരത്തിലുള്ള വസ്തുക്കളെല്ലാം ചെക്ക് ഇൻ സമയത്ത് കൊടുത്തുവിടുന്ന ലഗേജിൽ ഉൾപ്പെടുത്തേണ്ടതാണ്.
ലൈറ്ററുകളും കൂർത്ത മുനയുള്ള വസ്തുക്കളും ഒഴിവാക്കണം
വിമാനത്തിനുള്ളിലേക്ക് കയറുമ്പോൾ നിങ്ങൾ കൈയിൽ കരുതുന്ന ഹാൻഡ് ലഗേജിൽ ഒരു കുഞ്ഞ് ബ്ലേഡോ കത്തിയോ ഉണ്ടെങ്കിൽ യാത്ര മുടങ്ങാൻ വേറൊന്നും വേണ്ട. ലൈറ്റർ, കത്തി, കൂർത്ത മുനയുള്ള വസ്തുക്കൾ, കളിപ്പാട്ട ആയുധത്തിന്റെ റിയലിസ്റ്റിക് പകർപ്പ്, കത്രിക, ബോക്സ് കട്ടറുകൾ, മഞ്ഞുമല കയറാൻ ഉപയോഗിക്കുന്ന ഐസ് ആക്സ്, ഐസ് പിക്ക്, നീളത്തിലുള്ള ഏതു തരത്തിലുള്ള കത്തിയും. ഇറച്ചി വെട്ടുന്ന കത്തി, പിച്ചാത്തി, വാൾ തുടങ്ങിയുള്ള യാതൊരുവിധ വസ്തുക്കളും ഹാൻഡ് ബാഗിൽ കരുതാൻ പാടില്ല.
തോക്കുകളും വെടിയുണ്ടകളും പടിക്കു പുറത്ത്
വെടിമരുന്ന്, ചെറിയ കൈത്തോക്കുകൾ, കംപ്രസ്ഡ് എയർ ഗൺസ്, തോക്കുകൾ, ഫ്ലെയർ തോക്കുകൾ, ഗൺ ലൈറ്റേഴ്സ്, ഗൺ പൗഡർ, തോക്കുകളുടെ ഭാഗങ്ങൾ, പെല്ലറ്റ് തോക്കുകൾ, തോക്കുകളുടെ റിയലിസ്റ്റിക് പകർപ്പുകൾ, സ്റ്റാർട്ടർ പിസ്റ്റളുകൾ തുടങ്ങി യാതൊരുവിധ വസ്തുക്കളും വിമാനത്തിനുള്ളിൽ പാടില്ല. കോടാലി, കാറ്റ്ൽ പ്രോഡ്, ഇരുമ്പു പാര, ചുറ്റിക, ഡ്രില്ലുകൾ, അറക്കവാൾ, സ്ക്രൂഡ്രൈവറുകൾ, ചവണ, കൊടിൽ തുടങ്ങി അപകടകരമെന്ന് തോന്നിക്കുന്ന ഒരു വസ്തുക്കളും വിമാനത്തിനുള്ളിൽ ഹാൻഡ് ബാഗിൽ വയ്ക്കാൻ അനുമതിയില്ല. കൂടാതെ പെപ്പർ സ്പ്രേയും അനുവദിക്കില്ല. കൂടാതെ സ്ഫോടക വസ്തുക്കൾ, ഗ്രനേഡുകൾ എന്നിവയ്ക്കും അനുമതിയില്ല.
വെള്ളമാണെങ്കിലും പേസ്റ്റ് ആണെങ്കിലും 100 മില്ലിയിൽ കവിയരുത്
തീപിടുത്തത്തിന് കാരണമാകുന്ന ഒരു വസ്തുക്കളും ഹാൻഡ് ബാഗിൽ അനുവദിക്കില്ല. അതേസമയം, കുറിപ്പടിയോടു കൂടിയ ഇൻഹേലർ, മരുന്ന് എന്നിവയും കുഞ്ഞുങ്ങളുടെ ഭക്ഷണവും അനുവദിക്കും. പെട്രോൾ പോലുള്ള ഉൽപന്നങ്ങൾ, ഗ്യാസ് ടോർച്ചുകൾ, തീപ്പെട്ടി, ടർപെന്റൈൻ, ഭാരം കുറഞ്ഞ ദ്രാവകം എന്നവയും അനുവദനീയമല്ല. സ്പ്രേ പെയിന്റ്, കണ്ണീർ വാതകം, കുളങ്ങളിലും മറ്റും ഉപയോഗിക്കുന്ന ക്ലോറിൻ, ലിക്വിഡ് ബ്ലീച്ച് എന്നിവയും കൈയിൽ കരുതുന്ന ബാഗിൽ ഉണ്ടാകരുത്.
ഈ മുകളിൽ പറഞ്ഞിരിക്കുന്ന വസ്തുക്കൾ ഒരു സൂചന മാത്രമാണ്. എന്നാൽ യാത്രയുടെ സമയത്ത് ഹാൻഡ് ലഗേജിൽ സംശയകരമായ എന്തെങ്കിലും വസ്തു കണ്ടെത്തിയാൽ ഉചിതമായ നടപടി അധികൃതർ സ്വീകരിക്കും. അതുകൊണ്ടു തന്നെ വിമാനയാത്രയെ തടസപ്പെടുത്തുകയോ മറ്റുള്ളവരെ ആക്രമിക്കാൻ സാധ്യതയുള്ളതോ ആയ വസ്തുക്കൾ വിമാനത്തിൽ കൈയിൽ കരുതുന്ന ബാഗിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.