വിശ്വസിച്ചേ പറ്റൂ, ലോകത്തിലെ ഏറ്റവും സമയനിഷ്ഠയുള്ള വിമാനത്താവളം ഇന്ത്യയിലാണ്
Mail This Article
‘‘ട്രെയിൻ 11.08 ന് വരുമെന്നു പറഞ്ഞാൽ 11.08 ന് വന്നിരിക്കും. ഒരു മിനിറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല' - വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തി വരുന്ന സഞ്ചാരികൾ മിക്കപ്പോഴും പറയുന്ന ഒരു ഡയലോഗ് ആണിത്. ആ രാജ്യങ്ങളിൽ പൊതുഗതാഗത സംവിധാനം പിന്തുടരുന്ന സമയനിഷ്ഠയെക്കുറിച്ചാണ് അവർ ഇങ്ങനെ വാചാലരാകുന്നത്. എന്നാൽ ഇപ്പോൾ സമയനിഷ്ഠയുടെ കാര്യത്തിൽ നമുക്കും ഒന്ന് തലയുയർത്തി നിൽക്കാം. ലോകത്തിലെ തന്നെ ഏറ്റവും സമയനിഷ്ഠയുള്ള വിമാനത്താവളം ഇന്ത്യയിലാണ്. അതും ദക്ഷിണേന്ത്യയിൽ.
ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളമാണ് (KIA) ലോകത്തിലെ തന്നെ ഏറ്റവും സമയകൃത്യതയാർന്ന വിമാനത്താവളമായി തുടർച്ചയായ മൂന്നാം മാസവും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഏവിയേഷൻ അനലിറ്റിക്സ് കമ്പനിയായ സിറിയം (Cirium) നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. വിമാനം പുറപ്പെടുന്നതിൽ കെംപഗൗഡ രാജ്യാന്തര വിമാനത്താവളം സമയത്തിന്റെ കാര്യത്തിൽ കൃത്യത പുലർത്തുന്നുണ്ടെന്ന് സർവേയിൽ കണ്ടെത്തി.
നേട്ടം തുടർച്ചയായ മൂന്നാം മാസം
തുടർച്ചയായ മൂന്നാം മാസമാണ് ബെംഗളൂരു രാജ്യാന്തര വിമാനത്താവളം ഈ നേട്ടം സ്വന്തമാക്കുന്നത്. ജൂലൈയിൽ 87.51 ശതമാനവും ഓഗസ്റ്റിൽ 89.66 ശതമാനവും സെപ്തംബറിൽ 88.51 ശതമാനവും ആയിരുന്നു വിമാനത്താവളം പുലർത്തിയ സമയനിഷ്ഠ. ഇതോടെ ലോകത്തിൽ തന്നെ സമയനിഷ്ഠ പുലർത്തുന്ന ഒന്നാമത്തെ വിമാനത്താവളമായി ബെംഗളൂരു വിമാനത്താവളം മാറി.
31.91 മില്യൺ സഞ്ചാരികളുമായി കിയ
88 റൂട്ടുകളും 35 എയർലൈനുകളുമായുള്ള പങ്കാളിത്തവും ഉൾക്കൊള്ളുന്ന ഒരു വലിയ ശ്യംഖലയാണ് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് ഉള്ളത്. 2022 - 2023 വർഷത്തിൽ 31.91 മില്യൺ യാത്രക്കാരാണ് ബെംഗളൂരു വിമാനത്താവളം ഉപയോഗിച്ചത്. രാജ്യത്തെ ഏറ്റവും തിരക്കുള്ള മൂന്നാമത്തെ വിമാനത്താവളം കൂടിയാണ് കെംപഗൗഡ രാജ്യാന്തര വിമാനത്താവളം. ഇത്രയും തിരക്കുണ്ടായിട്ടും പുറപ്പെടുന്ന വിമാനങ്ങളുടെ കാര്യത്തിൽ കൃത്യനിഷ്ഠത പുലർത്തുന്നത് ഈ വിമാനത്താവളത്തിനെ അഭിനന്ദനാർഹമാക്കുന്നു.
സമയനിഷ്ഠുള്ള രണ്ടാമത്തെ വിമാനത്താളം യു എസ് എയിൽ
സമയനിഷ്ഠയുടെ കാര്യത്തിൽ ബെംഗളൂരു വിമാനത്താവളത്തിനു പിന്നിലായി രണ്ടാം സ്ഥാനത്ത് എത്തിയത് യു എസ് എയിലെ സാൾട്ട് ലേക്ക് സിറ്റി രാജ്യാന്തര വിമാനത്താവളമാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളം, മിനെപോളിസിലെ സെന്റ് പോൾ രാജ്യാന്തര വിമാനത്താവളം, ബൊഗോട്ടയിലെ എൽ ദൊറാഡോ രാജ്യാന്തര വിമാനത്താവളം എന്നിവയാണ് സമയനിഷ്ഠയുടെ കാര്യത്തിൽ ആദ്യ അഞ്ചിൽ ഇടം പിടിച്ച വിമാനത്താവളങ്ങൾ.
സമയനിഷ്ഠയുടെ കാര്യത്തിൽ ആദ്യ പതിനഞ്ചിൽ ഇടം പിടിച്ച വിമാനത്താവളങ്ങൾ
1. കെംപഗൗഡ രാജ്യാന്തര വിമാനത്താവളം, ബെംഗളൂരു, ഇന്ത്യ
2. സാൾട്ട് ലേക്ക് സിറ്റി രാജ്യാന്തര വിമാനത്താവളം, ഉട്ട, യു എസ് എ
3. രാജിവ് ഗാന്ധി രാജ്യാന്തര വിമാനത്താവളം, ഹൈദരാബാദ്, ഇന്ത്യ
4. മിന്നെപോളിസ് - സെന്റ് പോൾ രാജ്യാന്തര വിമാനത്താവളം, മിന്നെസോട്ട, യു എസ് എ
5. എൽ ദോരൊഡോ രാജ്യാന്തര വിമാനത്താവളം, ബൊഗോട്ട, കൊളംബിയ
6. ഒസ് ലോ എയർപോർട്ട് ഗാർഡർമോൻ, നോർവേ
7. ഡെട്രോയിറ്റ് മെട്രോപോളിറ്റൻ വെയ്ൻ കൗണ്ടി വിമാനത്താവളം, യു എസ് എ
8.ഹാർട്ട്സ്ഫീൽഡ് - ജാക്സൺ അറ്റ്ലാന്റ രാജ്യാന്തര വിമാനത്താവളം, യുഎസ്എ
9. ഹമദ് രാജ്യാന്തര വിമാനത്താവളം, ദോഹ, ഖത്തർ
10. സീറ്റിൽ - ടകോമ രാജ്യാന്തര വിമാനത്താവളം, യു എസ് എ
11. ഫീനിക്സ് സ്കൈ ഹാർബർ രാജ്യാന്തര വിമാനത്താവളം, യു എസ് എ
12. സാൻ ഡിഗോ രാജ്യാന്തര വിമാനത്താവളം, യു എസ് എ
13. ഷാർലറ്റ് ഡഗ്ലസ് രാജ്യാന്തര വിമാനത്താവളം, യു എസ് എ
14. സൻഫ്രാൻസിസ്കോ രാജ്യാന്തര വിമാനത്താവളം, യു എസ് എ
15. ലൊസാഞ്ചലസ് രാജ്യാന്തര വിമാനത്താവളം, യു എസ് എ