ഈ ദ്വീപുകള്‍ എത്ര കണ്ടിട്ടും മതി വരുന്നില്ല; റെബ ജോണിന്റെ ബീച്ച് വെക്കേഷന്
Mail This Article
റെബ മോണിക്ക ജോണ്‍ എന്ന താരം സിനിമയിലേയ്ക്കു കടന്നു വന്നത് ‘ജേക്കബിന്‍റെ സ്വർഗ്ഗരാജ്യം’ എന്ന സിനിമയിലൂടെയാണ് അതിനു മുന്‍പ് മഴവിൽ മനോരമയിലെ ജനപ്രിയ റിയാലിറ്റി ടെലിവിഷൻ പരമ്പരയായിരുന്ന ‘മിടുക്കി’യുടെ സെക്കൻഡ് റണ്ണറപ്പായിരുന്നു. പിന്നീട്, ബിഗിൽ, ഫോറൻസിക്, എഫ്ഐആർ തുടങ്ങിയ ധാരാളം സിനിമകളിലൂടെയും രേബ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. യാത്രകള്‍ വളരെയധികം ഇഷ്ടമുള്ള ആളാണ് റെബയെന്ന്, റെബയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ കണ്ടാല്‍ മനസിലാകും. യൂറോപ്പിലേക്കും മറ്റും നടത്തിയ ഒട്ടേറെ യാത്രകളുടെ ചിത്രങ്ങള്‍ റെബ പോസ്റ്റ് ചെയ്തത് കാണാം. ഇപ്പോഴിതാ ഏറ്റവും പുതിയ ബീച്ച് വെക്കേഷൻ ചിത്രങ്ങള്‍ സമൂഹ മാധ്യങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് നടി.
ഫിഫി ദ്വീപുകളിലെ പിലേ ലഗൂണില്‍ നിന്നുള്ള ചിത്രങ്ങളാണിവ. മനോഹരമായ ബീച്ചും കടലുമെല്ലാം ഈ ചിത്രങ്ങളില്‍ കാണാം. ഫുകേതിലെ വലിയ ദ്വീപിനും മലാക്ക നദിയുടെ പടിഞ്ഞാറേ കടലിടുക്കിനുമിടയിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹമാണ് ഫി ഫി ദ്വീപുകൾ. ആറ് ദ്വീപുകളുടെ ഒരു കൂട്ടമാണ് ഇത്.
ഫി ഫി ഡോൺ, ഫി ഫി ലേ എന്നിവയാണ് ഇവിടെയുള്ള പ്രശസ്തമായ രണ്ട് ദ്വീപുകൾ. 2000 ൽ ഫി ഫി ലേയിൽ ചിത്രീകരിച്ച 'ദി ബീച്ച്' എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷമാണ് ഫി ഫി ദ്വീപുകൾ കൂടുതല്‍ പ്രശസ്തമായത്. തായ്‌ലൻഡിൽ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ഒരിടമാണ് ഇവിടം.
കൂടാതെ, കോഹ് പായ് എന്ന് തദ്ദേശീയമായി അറിയപ്പെടുന്ന ബാംബൂ ദ്വീപും മൂന്നു ഭാഗവും മലകളാൽ ചുറ്റപ്പെട്ട മായ കടലിടുക്കുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്. സ്പീഡ് ബോട്ട് വഴി ഫുകേതില്‍ നിന്നും 45 മിനിറ്റിനുള്ളിലും ക്രാബിയിൽ നിന്നും 90 മിനിറ്റിനുള്ളിലും ഒരു ഫെറി വഴി ഇവിടേയ്ക്ക് എത്തിച്ചേരാം.