ADVERTISEMENT

ദുബായ് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ, ആകാശം മുട്ടുന്ന കോണ്‍ക്രീറ്റ് സൗധങ്ങളും ബുര്‍ജ് ഖലീഫയുമെല്ലാമാണ് എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ വേറെയും ഒട്ടേറെ സുന്ദരമായ കാഴ്ചകളും അനുഭവങ്ങളും ഇവിടെയുണ്ട്. ദുബായ് യാത്ര പോകുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് സ്കൈ വ്യൂസ് ഒബ്സെര്‍വേറ്ററി. ബുര്‍ജ് ഖലീഫയില്‍ നിന്നു നോക്കിയാല്‍ കാണുന്നത്ര മനോഹരമായിത്തന്നെ ഇവിടെ നിന്നും നോക്കിയാലും ദുബായ് നഗരം മുഴുവനും കാണാനാകും, അതും കുറഞ്ഞ ചെലവില്‍.

Image Credit : skyviewsobservatory/instagram.com
Image Credit : skyviewsobservatory/instagram.com

ഡൗണ്‍ടൗൺ ദുബായിലെ എമാർ സ്‌ക്വയർ ഏരിയയിലാണ് സ്കൈ വ്യൂസ് ഒബ്സെര്‍വേറ്ററി സ്ഥിതിചെയ്യുന്നത്. 360 ഡിഗ്രിയില്‍ ദുബായ് നഗരത്തിന്‍റെ കാഴ്ച കാണാനാകും എന്നതാണ് ഇവിടുത്തെ പ്രത്യേകത. ദുബായ് സിറ്റി സെന്ററിൽ നിന്നു വെറും 2.1 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. കാറിലാണെങ്കില്‍ 6 മിനിറ്റിനുള്ളിൽ ലൊക്കേഷനിൽ എത്തിച്ചേരാം. ബുര്‍ജ് ഖലീഫയില്‍ നിന്നും 400 മീറ്റർ ആണ് ഇവിടേക്കുള്ള ദൂരം.

Image Credit : skyviewsobservatory/instagram.com
Image Credit : skyviewsobservatory/instagram.com

സ്കൈ വ്യൂസ് ഒബ്സർവേറ്ററിയുടെ 52, 53 നിലകളിലാണ് കാഴ്ച ഒരുക്കിയിട്ടുള്ളത്. 219.5 മീറ്റർ ഉയരത്തിലുള്ള ഈ ഭാഗത്ത് ഒരു ഗ്ലാസ് എലിവേറ്ററിൽ കയറിയെത്താം. ഇവിടെ 25 മീറ്റർ നീളമുള്ള ഗ്ലാസ് തറയിലൂടെ നടന്ന് ദുബായിലെ അംബരചുംബികളായ കെട്ടിടങ്ങളുടെയും തിളങ്ങുന്ന തീരങ്ങളുടെയും ഗംഭീരമായ കാഴ്ചകൾ ആസ്വദിക്കാം. ബുർജ് ഖലീഫയും ഷെയ്ഖ് സായിദ് റോഡും ഡൗൺടൗൺ ദുബായും ഉൾപ്പെടെ നഗരത്തിലെ പ്രധാനകാഴ്ചകള്‍ ഇവിടെ നിന്നും കാണാം. 53-ാം നിലയിൽ നിന്ന് 52-ാം നിലയിലേക്ക് ഗ്ലാസ് സ്ലൈഡിലൂടെ നിരങ്ങി നീങ്ങാം. 

തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെയും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ രാത്രി പന്ത്രണ്ടു മണി വരെയുമാണ് സന്ദര്‍ശക സമയം. ടിക്കറ്റ് എടുത്ത് കയറുന്ന ഒരാള്‍ക്ക് രണ്ടു മണിക്കൂര്‍ വരെ ഇവിടെ ചിലവഴിക്കാം. 

ഒരാള്‍ക്ക് 1,813 രൂപ മുതലാണ്‌ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഇതില്‍ സ്കൈ വ്യൂ, ഗ്ലാസ് സ്ലൈഡ് എന്നിവ ഉള്‍പ്പെടുന്നു. എഡ്ജ് വാക്ക് ഉള്‍പ്പെടുന്ന മറ്റു നിരക്ക് കൂടിയ പാക്കേജുകളുമുണ്ട്. 3 വയസ്സിന് താഴെയുള്ള കുട്ടികളെ ശിശുക്കളായി കണക്കാക്കി, പ്രവേശനം സൗജന്യമായിരിക്കും. 3 മുതൽ 65 വയസ് വരെ പ്രായമുള്ളവരിൽ നിന്ന് മുതിർന്നവർക്കുള്ള നിരക്ക് ഈടാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com