കൊതുകുകടി കൊള്ളാതെ യാത്ര ആസ്വദിക്കണോ, എങ്കിൽ ഈ രാജ്യത്തേക്ക് പറക്കാം
Mail This Article
യാത്രയുടെ രസം കളയുന്ന ചെറിയ ചില രസം കൊല്ലികളുണ്ട്. അത്തരത്തിൽ ഒന്നാണ് മൂളിപ്പാട്ട് പാടി വന്ന് നമ്മുടെ ചോരയൂറ്റി കുടിക്കുന്ന കൊതുകുകൾ. നമ്മുടെ നാട്ടിൽ കൊതുകുകടി കൊള്ളുക എന്നത് തന്നെ അനുദിനജീവിതത്തിന്റെ ഭാഗമാണ്. അത്രയധികമാണ് കൊതുകുകൾ. ലോകമെമ്പാടും ഏകദേശം 2500 ൽ അധികം വ്യത്യസ്ത രീതിയിലുള്ള കൊതുകുകളുണ്ട്. എന്നാൽ കൊതുകുകൾ ഒരെണ്ണം പോലുമില്ലാത്ത ചില സ്ഥലങ്ങളുമുണ്ട് ഈ ഭൂമിയിൽ.
കൊതുകു കടി ഒന്നും ഏൽക്കാതെ, ഒരു കൊതുകിനെ കാണുക പോലും ചെയ്യാതെ സുഖമായി യാത്ര പോയി വരാൻ പറ്റുന്ന ഒരു രാജ്യമുണ്ട്, ഐസ്ലൻഡ്. നമ്മുടെ ചോരയൂറ്റി കുടിക്കുന്ന ഈ വില്ലന്റെ ഒരു പൊടി പോലും ഇവിടെയെങ്ങും കാണാൻ സാധിക്കില്ല. ഐസ്ലൻഡിന്റെ കാലാവസ്ഥയും താപനിലയുമാണ് കൊതുകിനെ അകറ്റി നിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്. വടക്കൻ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. റെയിക് ജാവികാണ് തലസ്ഥാനം. സജീവ അഗ്നിപർവ്വതങ്ങളുള്ള രാജ്യമാണിത്.
എന്താണ് ഐസ്ലൻഡിന്റെ 'നോ മൊസ്കിറ്റോ' സിദ്ധാന്തം
കൊതുകിനെ പറ്റിയും കൊതുകുകടിയെപറ്റിയും വളരെ പ്രചോദനാത്മകമായ ഒരു ചിന്തയുണ്ട്. 'സമൂഹത്തിൽ യാതൊരു മാറ്റവും കൊണ്ടുവരാൻ കഴിയാത്ത വളരെ ചെറിയ ആളാണെന്ന് നിങ്ങൾ സ്വയം കരുതുന്നെങ്കിൽ ഒരു രാത്രി കൊതുകിനൊപ്പം ഉറങ്ങുക' - അപ്പോൾ മനസിലാകും നമ്മൾ അത്ര ചെറിയ ആളല്ലെന്ന്. ചിന്തിച്ചു നോക്കിയാൽ ഒരുപാട് അർത്ഥതലങ്ങളിലേക്ക് എത്തുന്ന ഒരു വാക്യമാണ് ഇത്. പക്ഷേ, ഐസ്ലൻഡുകാർ എങ്ങനെയാണ് ഈ കുഞ്ഞൻമാരെ ഒതുക്കിയതെന്ന് അറിയണ്ടേ ? ഇതു സംബന്ധിച്ച് നിരവധി ഗവേഷകരും ശാസ്ത്രജ്ഞരുമാണ് ഐസ്ലൻഡിലെ താപനില കൊതുകുകളെ അകറ്റി നിർത്തുന്നതിൽ വഹിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് പഠിച്ചത്. അന്റാർട്ടിക്ക പോലുള്ള തണുത്തുറഞ്ഞ പ്രദേശങ്ങളിൽ വരെ കൊതുകുകൾ പ്രജനനം നടത്തുമെങ്കിലും ഐസ്ലൻഡിൽ അത് സാധ്യമല്ല.
ഐസ്ലൻഡിന് എന്താണ് പ്രത്യേകത
ഭൂമിയിലെ തണുത്തുറഞ്ഞ മറ്റ് പല പ്രദേശങ്ങളിലും യാതൊരു കുഴപ്പവുമില്ലാതെ പ്രജനനം നടത്താൻ കഴിയുന്ന കൊതുകുകൾ അവിടെയെല്ലാം വളരെ സന്തോഷകരമായ കുടുംബജീവിതമാണ് നയിച്ചു വരുന്നത്!. എന്നാൽ, ഐസ്ലൻഡിൽ അവർക്ക് വില്ലൻമാരാകുന്നത് അവിടുത്തെ കാലാവസ്ഥയാണ്. വർഷത്തിൽ ഐസ്ലൻഡിൽ മൂന്ന് തവണയാണ് തണുത്തുറയൽ നടക്കുന്നത്. ഇതാണ് കൊതുകുകൾക്ക് ഐസ്ലൻഡ് പ്രിയപ്പെട്ട വാസസ്ഥലം അല്ലാതായി മാറുന്നത്. ചുരുക്കത്തിൽ കൊതുകുകളുടെ നിലനിൽപ്പിന് ഒട്ടും അഭികാമ്യമല്ലാത്ത കാലാവസ്ഥയാണ് ഐസ്ലൻഡിലേത്. കൂടാതെ, ഇവിടുത്തെ വെള്ളത്തിന്റെയും മണ്ണിന്റെയും രാസഘടനയും കൊതുകുകൾക്കു ജീവിക്കാൻ യോജിച്ചതല്ല.
എന്നാൽ കാലാവസ്ഥ വ്യതിയാനം ഐസ്ലൻഡിനെയും കാര്യമായ രീതിയിൽ മാറ്റങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഭാവിയിൽ ഐസ് ലൻഡും കൊതുകുകൾക്ക് പറ്റിയ ഒരു ഇടമായി മാറാൻ സാധ്യതയുണ്ട്.