ബാഗ് പാക്ക് ചെയ്തോളൂ, ഹോൺബിൽ ഫെസ്റ്റിവൽ ഡിസംബർ ഒന്നിന് നാഗാലാൻഡിൽ ആരംഭിക്കും
Mail This Article
ഉത്സവങ്ങൾ സഞ്ചാരികൾക്ക് നൽകുന്ന ഉത്സാഹം ചെറുതൊന്നുമല്ല. അതുകൊണ്ടു തന്നെ ഓരോ നാട്ടിലേക്കും യാത്രയ്ക്കായി തിരഞ്ഞെടുക്കുമ്പോൾ അവിടുത്തെ പ്രധാനപ്പെട്ട ഉത്സവകാലം തിരഞ്ഞെടുക്കുന്നവരുമുണ്ട്. കാരണം, ഉത്സവങ്ങൾ ഒരു നാടിനെ കൂടുതൽ മനോഹരമാക്കുന്ന ആഭരണങ്ങളാണ്. മൈസൂരുവിന് ദസറ പോലെ തൃശൂരിന് പൂരം പോലെ പാലക്കാടിന് കൽപ്പാത്തി രഥോത്സവം പോലെ ഓരോ നാടിനും അതിന്റെ പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന ഉത്സവങ്ങളുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിൽ ഡിസംബർ മാസത്തിൽ നടക്കുന്ന ഹോൺബിൽ ഉത്സവം അത്തരത്തിൽ ഒന്നാണ്.
രാജ്യത്തെ തന്നെ ഏറ്റവും സാംസ്കാരിക സമ്പന്നമായ ഉത്സവങ്ങളിൽ ഒന്നാണ് ഹോൺബിൽ ഉത്സവം. യാത്രാപ്രേമികൾ ഓരോ വർഷവും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്ന് കൂടിയാണ് ഇത്. നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമ പട്ടണത്തിലാണ് ഈ ഉത്സവം നടക്കുന്നത്. നാഗാലാൻഡിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ആഘോഷമാക്കുന്ന ഈ ഉത്സവത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി സഞ്ചാരികളാണ് എത്തിച്ചേരുന്നത്. ഡിസംബർ ഒന്നു മുതൽ 10 വരെയാണ് ഹോൺബിൽ മഹോത്സവം.
ഉത്സവങ്ങളുടെ നാടായ നാഗാലാൻഡ്
ഇന്ത്യയിലെ അതിമനോഹരമായ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നാണ് നാഗാലാൻഡ്. വിവിധ ഗോത്രങ്ങൾ നേതൃത്വം നൽകുന്ന നിരവധി ഉത്സവങ്ങളാണ് ഓരോ വർഷവും നാഗാലാൻഡിൽ നടന്നു വരുന്നത്. നാഗാലാൻഡിന്റെ സാംസ്കാരിക പൈതൃകവും ചരിത്രവും മാത്രമല്ല വ്യത്യസ്തമായ ഭക്ഷണരീതിയും ഓരോ ഉത്സവങ്ങളുടെയും ഭാഗമാണ്. ഉത്സവങ്ങളുടെ നാട് എന്ന പേരു കൂടിയുണ്ട് ഈ വടക്കുകിഴക്കൻ സംസ്ഥാനത്തിന്. അതിൽ തന്നെ ഏറ്റവും പ്രാധാന്യമുള്ള ഉത്സവമാണ് ഹോൺബിൽ ഫെസ്റ്റിവൽ. നാഗാലാൻഡ് സർക്കാരും സംസ്ഥാന ടൂറിസം വകുപ്പിന്റെ ആർട്സ് ആൻഡ് കൾച്ചർ വകുപ്പും ചേർന്നാണ് ഹോൺബിൽ ഉത്സവം സംഘടിപ്പിക്കുന്നത്.
വേഴാമ്പലിൽ നിന്ന് കടം കൊണ്ട പേര്
ഹോൺബിൽ ഉത്സവം എന്ന പേര് വേഴാമ്പലിൽ (ഹോൺബിൽ) നിന്ന് ഉദ്ഭവിച്ചതാണ്. നാഗാ ഗോത്രങ്ങൾക്കിടയിൽ ബഹുമാനത്തിന്റെ അടയാളമായി കരുതപ്പെടുന്ന പക്ഷിയാണ് ഹോൺബിൽ അഥവാ വേഴാമ്പൽ. നാഗാലാൻഡിലെ 17 ഓളം ഗോത്രങ്ങൾ ഒരുമിച്ചെത്തുന്ന ഉത്സവമായ ഹോൺബിൽ ഉത്സവം ഇവിടെ അറിയപ്പെടുന്നത് തന്നെ ഉത്സവങ്ങളുടെ ഉത്സവം എന്ന പേരിലാണ്. സാംസ്കാരിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ 17 ഗോത്രങ്ങൾ ഒരുമിച്ച് ചേരുന്നത്. ഗോത്രവർഗക്കാരുടെ പുരാതന പാരമ്പര്യങ്ങളെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും അറിയാൻ താൽപര്യമുള്ളവർക്ക് ഹോൺബിൽ ഉത്സവം ഒരു സുവർണാവസരമാണ്.
പഴയകാലത്തെക്കുറിച്ച് അറിയാൻ ഒരു യാത്ര
ഗോത്രവിഭാഗങ്ങളുടെ കുടിലുകളുടെ ഘടനയെക്കുറിച്ച് അറിയാനും പഴയ കാലത്തേക്ക് തിരികെ പോകാനുമുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവകാലം. പരമ്പരാഗതമായി നാഗാ ഭവനങ്ങളിൽ കണ്ടുവരുന്ന ഡ്രംസ്, ഗോങ്ങ്സ്, വസ്ത്രധാരണരീതികൾ, തടി കൊണ്ടുള്ള കൊത്തുപണികൾ ഇവയൊക്കെ കാണാനും അറിയാനും കഴിയും. നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയിൽ നിന്ന് 10 കിലോമീറ്റർ ദൂരെയുള്ള പൈതൃകഗ്രാമമായ കിസാമയിലാണ് ഹോൺബിൽ ഉത്സവം നടക്കുന്നത്. നാഗാലാൻഡിന്റെ സാഹോദര്യത്തിന്റെ അടയാളമായി മാറിയിരിക്കുകയാണ് ഈ ഉത്സവം. നാഗാ മൊറുങ്ങ്സ് എക്സിബിഷൻ ആണ് ഉത്സവത്തിൻ്റെ പ്രധാന ആകർഷണം.
ഇക്കാര്യങ്ങൾ മറക്കരുത്
- ഹോൺബിൽ ഉത്സവത്തിന് എത്തുന്നവർ ഓരോ ദിവസവും 20 രൂപ - 30 രൂപ നിരക്കിലുള്ള പാസുകൾ എടുക്കേണ്ടതാണ്.
- കാമറയ്ക്ക് 50 രൂപ ചാർജ് ഈടാക്കുന്നതാണ്.
- ഉത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയ്ക്ക് അകത്തുള്ള സഞ്ചാരികൾ പ്രാദേശിക സർക്കാരിൽ നിന്ന് ഇന്നർ ലൈൻ പെർമിറ്റ് നേടേണ്ടതാണ്.
- വിദേശികളായ സഞ്ചാരികൾ എത്തിച്ചേർന്ന് 24 മണിക്കൂറിനുള്ളിൽ ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.