ADVERTISEMENT

ഇന്ത്യയിൽ നിന്നും അൻപതി‌ലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക്, 1,000 ഡോളർ (83,219.75 രൂപ) ഫീസ്‌ ഏര്‍പ്പെടുത്തി മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ.  മൂല്യവർധിത നികുതി അഥവാ വാറ്റ് കൂടി കണക്കാക്കുമ്പോൾ, യാത്രക്കാര്‍ക്ക് 1,130 ഡോളര്‍ (94,038.32 രൂപ) അധിക ചെലവ് വരും. ഇന്ത്യയിൽ നിന്നോ, നിര്‍ദ്ദിഷ്ട ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നോ ഉള്ള പാസ്‌പോർട്ടിൽ യാത്ര ചെയ്യുന്ന ആളുകൾ അധിക ഫീസ് അടയ്ക്കാൻ ബാധ്യസ്ഥരായിരിക്കും.

Image Credit : Guayo Fuentes / shutterstock
Image Credit : Guayo Fuentes / shutterstock

എല്‍ സാല്‍വഡോറിലൂടെ അമേരിക്കയിലേക്കുള്ള ക്രമരഹിതമായ കുടിയേറ്റം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. ഇതിലൂടെ ലഭിക്കുന്ന അധികവരുമാനം, എൽ സാൽവഡോര്‍ രാജ്യാന്തര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കും. ഈ പുതിയ ഫീസ് ഒക്ടോബർ 23 മുതൽ പ്രാബല്യത്തിൽ വന്നതായി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഫീസിന് പുറമേ, ആഫ്രിക്കയിലും ഇന്ത്യയിലും നിന്നു വരുന്ന യാത്രക്കാരെ കുറിച്ച് സാൽവഡോറിലെ അധികൃതർക്കു ദിവസേന അറിയിപ്പുകൾ നൽകാൻ എയർലൈനുകൾ ബാധ്യസ്ഥരായിരിക്കും.

എൽ സാൽവഡോറിന്‍റെ പതാക Image Credit : Tatohra/shutterstock
എൽ സാൽവഡോറിന്‍റെ പതാക Image Credit : Tatohra/shutterstock

കുടിയേറ്റ വെല്ലുവിളികൾ നേരിടുന്നതിനും രാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍ വർധിപ്പിക്കുന്നതിനുമായി, ലോകമെമ്പാടുമുള്ള ഗവൺമെന്റുകളും എയർലൈനുകളും നടത്തുന്ന ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നീക്കം. സെപ്റ്റംബറിൽ അവസാനിച്ച 2023 സാമ്പത്തിക വർഷത്തിൽ, 3.2 ദശലക്ഷം കുടിയേറ്റക്കാരാണ് രാജ്യത്തേക്ക് ഒഴുകിയെത്തിയത്. എൽ സാൽവഡോറിന്‍റെ ഈ തീരുമാനം ഇന്ത്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള യാത്രക്കാർക്കു കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും രാജ്യാന്തര കുടിയേറ്റ പ്രശ്‌നങ്ങളിൽ സമഗ്രമായ സമീപനത്തിനുള്ള ആവശ്യകത അടിവരയിടുകയും ചെയ്യുന്നു.

നൂറിലധികം അഗ്നിപർവ്വതങ്ങൾ ഉള്ളതിനാൽ അഗ്നിപർവ്വതങ്ങളുടെ നാട് എന്നാണ് എല്‍ സാല്‍വഡോര്‍ അറിയപ്പെടുന്നത്. ഇവിടെ അടിക്കടി ഭൂകമ്പങ്ങളും അഗ്നിപർവ്വത പ്രവർത്തനങ്ങളും ഉണ്ടാകാറുണ്ട്. സമുദ്രനിരപ്പിൽ നിന്നു 2,381 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സാന്താ അന എൽ സാൽവഡോറിലെ ഏറ്റവും ഉയർന്ന അഗ്നിപർവ്വതമാണ്. എൽ സാൽവഡോറിന്‍റെ പതാകയിൽ വരെ അഗ്നിപർവ്വതങ്ങളുണ്ട്

Image Credit : Galina Savina / shutterstock
Image Credit : Galina Savina / shutterstock

കരീബിയൻ കടലിൽ തീരപ്രദേശമില്ലാത്ത മധ്യ അമേരിക്കയിലെ ഏക രാജ്യമാണെങ്കിലും ഇവിടുത്തെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് മനോഹരമായ ബീച്ചുകളാണ്. വലിയ തിരമാലകള്‍ ഉള്ളതിനാല്‍ സര്‍ഫര്‍മാരുടെ പറുദീസയാണ്‌ ഇവിടം. എൽ സാൽവഡോറിന്‍റെ പടിഞ്ഞാറൻ ഭാഗത്ത് കൃഷി ചെയ്യുന്ന കാപ്പി ലോകപ്രശസ്തമാണ്. വലിപ്പം കുറവാണെങ്കിലും, എൽ സാൽവഡോർ ഒരു കാലത്ത് ലോകത്തിലെ നാലാമത്തെ വലിയ കാപ്പി ഉത്പാദകരായിരുന്നു. പ്രശസ്തമായ പക്കാസ്, പക്കാമര തുടങ്ങിയ കാപ്പി ഇനങ്ങള്‍ ഇവിടെ കൃഷി ചെയ്തുവരുന്നു.

കൂടാതെ, എൽ സാൽവഡോറിൽ സിഹുവാട്ടൻ, ജോയ ഡി സെറൻ, സാൻ ആന്ദ്രെസ്, കാസ ബ്ലാങ്ക, തസുമാൽ എന്നിങ്ങനെ അഞ്ച് പുരാവസ്തു പാർക്കുകളുണ്ട്. മായൻ ജനതയുടെ ദൈനംദിന ജീവിതം എങ്ങനെയായിരുന്നുവെന്ന് കാണിച്ചുതരുന്ന തസുമാൽ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്.

English Summary:

El salvador, is a country in Central America also known as land of volcanoes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com