ടിക്കറ്റ് നിരക്ക് കുറവ്; ഡല്‍ഹിക്കു വെല്ലുവിളിയായി നോയിഡ വിമാനത്താവളം
Mail This Article
ഡല്‍ഹിയിലേക്കുള്ള യാത്രകള്‍ ഇനി നോയിഡ വഴിയായാലും അമ്പരക്കണ്ടാ. അതിനുള്ള സാധ്യത തെളിയുകയാണ്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനു വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വിമാനത്താവളത്തിന്റെ പണി പുരോഗമിക്കുന്നത്. ഡല്‍ഹിയിലേക്കുള്ള വിമാനയാത്രികരില്‍ ഒരുപങ്ക് നോയിഡ വഴിയാവാനുള്ള സാധ്യതയാണ് പുതിയ വിമാനത്താവളം വഴി തെളിയുന്നത്. ടിക്കറ്റ് നിരക്കിലെ കുറവാണ് നോയിഡ തിരഞ്ഞെടുക്കാന്‍ യാത്രികരെ പ്രേരിപ്പിക്കുക. ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് 72 കിലോമീറ്റര്‍ മാത്രം ദൂരെയാണ് നോയിഡ വിമാനത്താവളം.
ഡല്‍ഹി വിമാനത്താവളത്തെ അപേക്ഷിച്ച് പത്തു മുതല്‍ 15 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാവും നോയിഡയിലെന്നാണ് കരുതപ്പെടുന്നത്. ഡല്‍ഹിയില്‍നിന്നു ലക്‌നൗവിലേക്ക് 3,500 രൂപയാണ് വിമാനടിക്കറ്റിനെങ്കില്‍ നോയിഡയില്‍നിന്നു ഇത് 2,800 രൂപ മാത്രമാണ്. ദൂരം കൂടും തോറും ടിക്കറ്റ് നിരക്കിലെ കുറവും കൂടും. ബജറ്റ് യാത്രികര്‍ക്ക് മികച്ച ഒരു തിരഞ്ഞെടുപ്പായി നോയിഡ വിമാനത്താവളം മാറാനുള്ള സാധ്യത ഏറെയാണ്.
വിമാന ഇന്ധനത്തിന്റെ വാറ്റ് ഒഴിവാക്കാന്‍ യുപി സര്‍ക്കാര്‍ എടുത്ത തന്ത്രപ്രധാനമായ തീരുമാനം കൂടിയാണ് നോയിഡ വിമാനത്താവളത്തിന് ഗുണമാവുന്നത്. യാത്രികരുടെ എണ്ണം കൂടിയാല്‍ നികുതി ഒഴിവാക്കിയതുകൊണ്ടുള്ള സാമ്പത്തിക നഷ്ടം തടയാമെന്നാണ് കണക്കുകൂട്ടല്‍. നിര്‍മാണച്ചെലവ് ആറു വര്‍ഷം കൊണ്ടു തിരിച്ചുപിടിക്കാനാവുമെന്നാണ് നോയിഡ വിമാനത്താവള നിര്‍മാണ കമ്പനിയുടെ കണക്കുകൂട്ടല്‍.
അടുത്ത ഫെബ്രുവരിയോടെ വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഒക്ടോബറിൽ സർവീസ് തുടങ്ങിയേക്കും. ഉദ്ഘാടന ദിവസം 65 വിമാനങ്ങള്‍ ഇവിടെനിന്നു പറന്നുയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജേവാറില്‍ 1,334 ഹെക്ടറിലാണ് വിമാനത്താവളം ഒരുങ്ങുന്നത്. നോയിഡയില്‍നിന്നു 40 കിലോമീറ്ററും ആഗ്രയില്‍നിന്നു 130 കിലോമീറ്ററും അകലെയാണ് വിമാനത്താവളം. തന്ത്രപ്രധാനമായ ഈ സ്ഥാനം തന്നെയാണ് വിമാനത്താവളത്തിനു മുതല്‍ക്കൂട്ടാവുക. നോയിഡ വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം വരെ നീളുന്ന അതിവേഗ മെട്രോ കൊണ്ടുവരാനും പദ്ധതിയുണ്ട്.