പോളണ്ട് യാത്രയിലെ ഓർമകൾ; കണ്ടുമുട്ടിയ മനുഷ്യർ, നല്ല നിമിഷങ്ങൾ : മഡോണ സെബാസ്റ്റ്യൻ
Mail This Article
''പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'' എന്ന് ഒരിക്കലും മഡോണ സെബാസ്റ്റ്യനോട് പറയരുത്. കാരണം ആ രാജ്യത്തിന്റെ സൗന്ദര്യത്തിൽ മതിമറന്നിരിക്കുകയാണ് താരം. തന്റെ അവധി ദിനങ്ങൾ ആഘോഷിക്കുന്നതിനായി മഡോണ പറന്നത് പോളണ്ടിലേക്കായിരുന്നു. അവിടെ നിന്നുമുള്ള ചിത്രങ്ങളും നഗര കാഴ്ചകളുമെല്ലാം പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട് താരം. പോളണ്ടിലെ റോക്ലോ എന്ന സ്ഥലമായിരുന്നു മഡോണ സന്ദർശിച്ചതെന്നാണ് ചിത്രങ്ങളിലൂടെ സൂചിപ്പിച്ചിട്ടുള്ളത്. യാത്രയിലെ സുന്ദരമായ മുഹൂർത്തങ്ങളെ കുറിച്ചും ലഭിച്ച മനോഹരമായ ഓർമകളെക്കുറിച്ചും കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചും അവർക്കൊപ്പം ചെലവഴിച്ച നല്ല നിമിഷങ്ങളെക്കുറിച്ചുമെല്ലാം നീണ്ട ഒരു കുറിപ്പ് തന്നെ മഡോണ പങ്കുവച്ചിട്ടുണ്ട്.
ചരിത്രം ഏറെ പറയാനുള്ള ഒരു രാജ്യമാണ് പോളണ്ട്. സന്ദർശകർക്ക് കാണുവാനായി ഏറെ കാഴ്ചകളുമുണ്ട്. രാജ്യത്തിലെ ഏറ്റവും പ്രധാന നഗരങ്ങളാണ് തലസ്ഥാനമായ വാർസൊയും റോക്ലോവും. പുരാതന നിർമിതികളാണ് റോക്ലോവിലെ പ്രധാനാകർഷണം. ആയിരത്തിലധികം വർഷങ്ങളുടെ പഴക്കമുണ്ട് ഈ നഗരത്തിന്. പോളണ്ടിന്റെ പ്രൗഢി വിളിച്ചോതുന്ന ചരിത്ര സ്മാരകങ്ങളെല്ലാം ഈ നഗരത്തിൽ കാണാം. ഗോഥിക്, ബറോഖ് ശൈലിയിലുള്ള പൗരാണികത പേറുന്ന നിർമിതികൾ. റോക്ലോ ഒപേറ ഹൗസ്, മോണോപോൾ ഹോട്ടൽ, യൂണിവേഴ്സിറ്റി ലൈബ്രറി, ഓസോലിനം, ദേശീയ മ്യൂസിയം എന്നിങ്ങനെ നിരവധി കാഴ്ചകളാണ് ഈ നഗരത്തിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്.
പോളണ്ടിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയമായ റോക്ലോ കത്തീഡ്രൽ പത്താം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതെന്നു വിശ്വസിക്കുന്നു. പിന്നീടുള്ള വർഷങ്ങളിൽ പുതുക്കി പണിതാണ് ഇന്ന് കാണുന്ന പ്രൗഢിയിലെത്തിയത്. ഇതുകൂടാതെ അഞ്ചോളം മറ്റു പള്ളികൾ ഈ നഗരത്തിലുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന പ്രധാന മാർക്കറ്റ് സ്‌ക്വയർ നഗരത്തിലെ എടുത്തു പറയേണ്ടേ മറ്റൊരു കാഴ്ചയാണ്. മൾട്ടീമീഡിയ ഫൗണ്ടൈൻ, ഷിനിയ്ക്കി പാർക്ക് അവിടെ കാണുവാൻ കഴിയുന്ന ജാപ്പനീസ് ഗാർഡൻ, ദിനോസർ പാർക്ക്, 1811 ൽ സ്ഥാപിക്കപ്പെട്ട ബൊട്ടാണിക്കൽ ഗാർഡൻ തുടങ്ങി ധാരാളം കാഴ്ചകൾ ഈ നഗരത്തിലെത്തുന്ന അതിഥികളെ കാത്തിരിക്കുന്നു. രാജ്യത്തിലെ പൗരാണിക കലാസൃഷ്ടികളെല്ലാം കാണണമെങ്കിൽ നഗരത്തിലെ ദേശീയ മ്യൂസിയം സന്ദർശിച്ചാൽ മതിയാകും. കൂടാതെ, രണ്ടാം ലോക യുദ്ധത്തിന്റെ ശേഷിപ്പുകളും ഇവിടെയുണ്ട്.
അതിഥികളായി എത്തുന്നവർക്ക് ആഘോഷിക്കാനായി ധാരാളം പബ്ബുകളും നൈറ്റ് ക്ലബ്ബുകളും നഗരത്തിൽ ഉണ്ട്. എല്ലാം തന്നെയും സ്ഥിതി ചെയ്യുന്നത് മാർക്കറ്റ് സ്‌ക്വയറിനു സമീപത്തായാണ്. എല്ലാവർഷവും ജൂണിലെ രണ്ടാമത്തെ ആഴ്ച ഫെസ്റ്റിവൽ ഓഫ് ഗുഡ് ബിയർ എന്നൊരു ആഘോഷം ഈ നഗരത്തിൽ നടക്കാറുണ്ട്. പോളണ്ടിലെ തന്നെ ഏറ്റവും വലിയ ബിയർ ഫെസ്റ്റിവൽ ആണിത്. വർഷാവർഷം മൂന്ന് മില്യൺ സന്ദർശകരാണ് ഈ നഗരകാഴ്ചകൾ ആസ്വദിക്കാനായി എത്തുന്നത്. അതിൽ തദ്ദേശീയർ മാത്രമല്ല, രാജ്യത്തിന് പുറത്തു നിന്നുമുള്ള സന്ദർശകരുമുണ്ട്.