ADVERTISEMENT

ആളുകൾ അത്രയേറെ അസൂയയോടെ നോക്കുന്ന ഒരു തരം ആൾക്കാരേ ഈ ഭൂമിയിലുള്ളൂ. അത് നിരന്തരമായി യാത്ര ചെയ്യുന്നവരെയാണ്. കാരണം യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ് എന്നതു തന്നെ. പുതിയ സ്ഥലങ്ങളും പുതിയ ആളുകളെയും ഒക്കെ കാണുമ്പോൾ മനസ്സിന് ഉണ്ടാകുന്ന സന്തോഷവും ശരീരത്തിന് ഉണ്ടാകുന്ന ആരോഗ്യവും എല്ലാം യാത്ര നൽകുന്ന ഗുണപരമായ കാര്യങ്ങളാണ്. പക്ഷേ, നമ്മൾ വരുത്തുന്ന ചെറിയ ചില തെറ്റുകൾ യാത്രയുടെ എല്ലാവിധ സുഖങ്ങളും നശിപ്പിക്കും. എന്നാൽ എന്തൊക്കെയാണ് ഈ തെറ്റുകളെന്ന് തിരിച്ചറിഞ്ഞു യാത്ര തുടങ്ങുന്നതിന് മുൻപു തന്നെ അത് തിരുത്തുകയാണെങ്കിൽ നിങ്ങളുടെ ഓരോ യാത്രയും മുൻപെങ്ങുമില്ലാത്ത വിധം ഭംഗിയുള്ളതും സമാധാനപരവും സന്തോഷം തുളുമ്പുന്നതുമായിരിക്കും.

Image Credit : Subodh Agnihotri / istockphoto
Image Credit : Subodh Agnihotri / istockphoto

ഭാരമായി മാറുന്ന ലഗേജ്

വേണ്ടതും വേണ്ടാത്തതും എല്ലാം ട്രാവൽ ബാഗിലേക്ക് കുത്തി നിറയ്ക്കുന്നതാണ് ചിലരുടെ ശീലം. എന്നാൽ, അമിതമായ ഈ ലഗേജ് യാത്രയ്ക്കിടയിൽ പലപ്പോഴും നിങ്ങളുടെ സ്വൈരവിഹാരത്തിന് തടസമാകുമെന്ന് തിരിച്ചറിയുന്നത് അങ്ങനെ സംഭവിക്കുമ്പോൾ മാത്രമായിരിക്കും. അത്യാവശ്യം വേണ്ട വസ്ത്രങ്ങളും മറ്റ് സാധനങ്ങളും മാത്രം കൈയിൽ കരുതുന്നതായിരിക്കും ഉചിതം. യാത്ര പോകുന്ന സ്ഥലത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ ആയിരിക്കണം കരുതേണ്ടത്. അതിൽ തന്നെ നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള വസ്ത്രങ്ങൾ ഏതാണെന്ന് മനസ്സിലാക്കാനും അത് പാക്ക് ചെയ്യാനും ശ്രദ്ധിക്കണം. ഒരു അടിയന്തിരഘട്ടം വന്നാൽ നിങ്ങൾ എത്തിച്ചേരുന്ന സ്ഥലത്ത് നിന്ന് അത്യാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ സാധിക്കുമെന്നുള്ള തിരിച്ചറിവ് ഉണ്ടായിരിക്കണം.

യാത്രാ ഇൻഷുറൻസിന്റെ തിരഞ്ഞെടുക്കൽ

യാത്രികർ പലപ്പോഴും വലിയ വില കൽപ്പിക്കാത്ത ഒന്നാണ് ട്രാവൽ ഇൻഷുറൻസ്. 'എന്തിനാണ്, ട്രാവൽ ഇൻഷുറൻസ് ഒക്കെ', എന്നാണ് പലപ്പോഴും ചിന്തിക്കുക. പണം സേവ് ചെയ്യുന്നതിന്റെ ഭാഗമായി ട്രാവൽ ഇൻഷുറൻസ് സ്കിപ്പ് ചെയ്യുകയാണ് മിക്കപ്പോഴും ചെയ്യുക. എന്നാൽ, ട്രാവൽ ഇൻഷുറൻസ് എടുത്താൽ നിങ്ങളുടെ മെഡിക്കൽ, അടിയന്തിര ആവശ്യങ്ങൾ, യാത്ര മുടങ്ങൽ, ലഗേജ് നഷ്ടപ്പെടൽ ഇവയെല്ലാം ട്രാവൽ ഇൻഷുറൻസിന്റെ പരിധിയിൽ വരും. യാത്രയ്ക്ക് സുരക്ഷിതത്വം മാത്രമല്ല ഒരു നിക്ഷേപം കൂടിയാണ് ട്രാവൽ ഇൻഷുറൻസ്.

Image Credit : Sezeryadigar/istockphoto

പോകുന്ന സ്ഥലത്തെക്കുറിച്ച് ധാരണയുണ്ടാക്കൽ

ഏത് സ്ഥലത്തേക്കാണ് യാത്ര പോകുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഉണ്ടായിരിക്കണം. യാത്ര പോകുന്ന സ്ഥലത്തിന്റെ ചരിത്രം, കാലാവസ്ഥ, ഭാഷ, ഭക്ഷണം എന്നിവയെക്കുറിച്ചെല്ലാം അവിടെ എത്തുന്നതിന് മുമ്പ് തന്നെ ചെറിയ ഒരു പഠനം നടത്തുകയാണെങ്കിൽ അത് യാത്രയെ ഒരുപാട് സഹായിക്കും. ആ നാട്ടിലെ ആചാരമര്യദകളും സംസ്കാരവും അറിയുന്നത് അവിടെയുള്ള ആളുകൾക്ക് നമ്മളോട് മതിപ്പ് ഉളവാക്കുന്നതിനും സഹായിക്കും. നിങ്ങൾ എത്തിച്ചേരുന്ന സ്ഥലത്ത് അനുവദനീയമല്ലാത്ത കാര്യങ്ങൾ, അവിടുത്തെ സമ്പ്രദായങ്ങൾ, പരമ്പരാഗത രീതികൾ ഇവയെക്കുറിച്ചെല്ലാം അറിയുന്നത് യാത്ര കൂടുതൽ സുഖപ്രദവും എളുപ്പവുമാക്കാൻ സഹായിക്കും.

Image Credit : khunkornStudio/shutterstock.com
Image Credit : khunkornStudio/shutterstock.com

യാത്ര ആസൂത്രണം ചെയ്യുന്നത് 

ഒരു യാത്ര പോകുമ്പോൾ അത് കൃത്യമായി പ്ലാൻ ചെയ്തില്ലെങ്കിൽ വിചാരിച്ച പല കാര്യങ്ങളും നടക്കില്ല. കൃത്യമായ ഒരു ഷെഡ്യൂൾ എല്ലാ യാത്രയിലും ഉണ്ടായിരിക്കണം. ഒരുപാട് കാര്യങ്ങൾ കുത്തിനിറച്ച് ഷെഡ്യൂൾ തയാറാക്കിയാൽ പല കാര്യങ്ങളും നടന്നെന്ന് വരില്ല. യാത്രയിലെ ഓരോ നിമിഷവും തിരക്കിട്ട ഷെഡ്യൂൾ ആണെങ്കിൽ ഒരു ശാന്തതയിൽ യാത്ര ആസ്വദിക്കാൻ കഴിഞ്ഞെന്ന് വരില്ല. യാത്രയുടെ ഓരോ മിനിറ്റിലും ടെൻഷനും തിരക്കും എപ്പോഴും അനുഭവപ്പെട്ട് കൊണ്ടിരിക്കും. അങ്ങനെ വന്നാൽ യാത്രയുടെ ശാന്തതയും സ്വസ്ഥതയും നഷ്ടമാകും. യാത്രയിൽ പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കാനുള്ള സമയവും അവസരവും എപ്പോഴും കരുതി വെച്ചിരിക്കണം. പ്രദേശവാസികളുടെ അഭിപ്രായം തേടി പുറംലോകത്തിന് അറിയാത്ത സ്ഥലങ്ങളിലേക്ക് കൂടി എത്തിപ്പെടുമ്പോൾ  ആണ് ഒരു യാത്ര സാഹസികവും അത്യന്തം രസകരവും ആകുന്നത്.

Image Credit : Solovyova / istockphoto
Image Credit : Solovyova / istockphoto

നിങ്ങളുടെ സുരക്ഷ അതിപ്രധാനം

യാത്രയിലെ സാഹസികത അനുഭവങ്ങൾ സമ്മാനിക്കും. ആ യാത്രയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ രോമാഞ്ചം അനുഭവപ്പെടുകയും ചെയ്യും. എങ്കിലും, യാത്ര ചെയ്യുമ്പോൾ നിങ്ങൾ എത്തിച്ചേരുന്ന നാടിന്റെ സാമൂഹ്യപശ്ചാത്തലവും കൂടി അറിഞ്ഞിരിക്കണം. മറ്റ് എന്തിനേക്കാളും നിങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി ആയിരിക്കണം യാത്ര പ്ലാൻ ചെയ്യേണ്ടത്. നിങ്ങൾ എത്തിപ്പെടുന്ന നാടിനെക്കുറിച്ച് ഒരു ധാരണ മനസ്സിൽ ഉണ്ടായിരിക്കണം. പ്രാദേശികമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കുക. യാത്രയിൽ ജാഗ്രതയുള്ളവരായിരിക്കുകയും വേണം. കള്ളൻമാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും രക്ഷപ്പെടാൻ അറിയാത്ത സ്ഥലങ്ങളിലൂടെ രാത്രിയിലുള്ള യാത്ര ഒഴിവാക്കുക. കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ മേൽ എപ്പോഴും ഒരു കണ്ണ് ഉണ്ടായിരിക്കണം. പാസ്പോർട്ട്, ട്രാവൽ ഇൻഷുറൻസ് തുടങ്ങി പ്രധാനപ്പെട്ട രേഖകളുടെ പകർപ്പ് കൈയിൽ സൂക്ഷിക്കുന്നതും യാത്രയിൽ നല്ലതാണ്.

677356680
Image Credit : surasaki/istockphoto

യാത്രാ ചെലവുകൾക്കായി കൃത്യമായ ബജറ്റ്

യാത്രയിലെ ചെലവുകൾക്കായി കൃത്യമായ ഒരു ബജറ്റ് കരുതുന്നത് എപ്പോഴും ഗുണം ചെയ്യും. വിജയകരമായ യാത്രയ്ക്ക് കൃത്യമായ ബജറ്റ് പ്ലാൻ കൂടിയേ തീരൂ. സാമ്പത്തികമായ കണക്കു കൂട്ടലുകളിൽ ഉണ്ടാകുന്ന താളപ്പിഴകൾ സാമ്പത്തിക സമ്മർദ്ദത്തിലേക്കും അമിതവ്യയത്തിലേക്കും നയിക്കും. യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന എല്ലാ തരത്തിലുമുള്ള ചെലവുകളും അറിഞ്ഞിരിക്കണം. താമസം, ഭക്ഷണം, വിനോദം തുടങ്ങി എല്ലാ കാര്യത്തിനും കൃത്യമായ തുക ബജറ്റിൽ നീക്കി വയ്ക്കണം. അപ്രതീക്ഷിതമായി ഉണ്ടാകാൻ സാധ്യതയുള്ള ചെലവുകൾക്കായി ഒരു തുകയും കരുതിവയ്ക്കണം. ആകുലതകളും വേവലാതിയും ഇല്ലാതെയുള്ള യാത്രയ്ക്കായി ഇത്തരം പ്ലാനുകൾ നല്ലതാണ്.

AI Generated image with Canva.
AI Generated image with Canva.

യാത്രാ സമയം അറിയുക

നിങ്ങളുടെ യാത്ര തുടങ്ങുന്ന സ്ഥലത്തു നിന്ന് എത്തിച്ചേരേണ്ട സ്ഥലത്തേക്കുള്ള ദൂരം കണക്കാക്കുക. ആ യാത്രയ്ക്ക് എത്ര സമയം എടുക്കുമെന്നു കൃത്യമായി അറിഞ്ഞിരിക്കണം. യാത്രാദൂരത്തെ കുറിച്ചു ധാരണ ഇല്ലാതിരിക്കുന്നതു ചിലപ്പോൾ അമിത ഉത്കണ്ഠയിലേക്കും ആശങ്കയിലേക്കും നയിക്കും. സ്വന്തമായി ഡ്രൈവ് ചെയ്താണ് പോകുന്നതെങ്കിലും ട്രെയിൻ യാത്ര ആണെങ്കിലും ഫ്ലൈറ്റ് യാത്ര ആണെങ്കിലും ലക്ഷ്യസ്ഥാനത്തേക്ക് എത്ര ദൂരമുണ്ട് എന്നു കൃത്യമായി അറിഞ്ഞിരിക്കണം. കാലതാമസം വരുമ്പോൾ അതിസമ്മർദ്ദത്തിലേക്കു പോകാതെ യാത്രയുടെ ഭാഗമായി അതിനെ കണ്ട് സ്വസ്ഥമായി ഓരോ യാത്രയും തുടരുക.

Photo Credit :  Joyseulay / Shutterstock.com
Photo Credit : Joyseulay / Shutterstock.com

അടുത്ത യാത്രയ്ക്ക് തയാറെടുക്കുമ്പോൾ  ഈ കാര്യങ്ങൾ ശ്രദ്ധിച്ച് തയാറാകുക. നിങ്ങൾ ഇതുവരെ നടത്തിയിട്ടില്ലാത്ത തരത്തിലുള്ള ഏറ്റവും മനോഹരമായ യാത്ര ആയിരിക്കും അത്.

English Summary:

Common travel mistakes and how to avoid them.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com