ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണോ കേരളം? ആ ചോദ്യത്തിന് സ്വന്തം വിഡിയോയിലൂടെ ഉത്തരം നല്‍കുകയാണ് ട്രാവല്‍ വ്‌ളോഗറായ യാഡ്. കേരളത്തില്‍ താമസിച്ച് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച അനുഭവത്തില്‍ നിന്നാണ് ഈ ബ്രിട്ടിഷ് യാത്രികന്‍ വിഡിയോ തയാറാക്കിയിരിക്കുന്നത്. കേരളം സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ ഏറ്റവും മികച്ച അഞ്ച് അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്.

മാധ്യമങ്ങളിലൂടെ ലഭിക്കുന്ന അറിവും അനുഭവവും തമ്മിലുള്ള വ്യത്യാസം പറഞ്ഞുകൊണ്ടാണ് യാഡ് വിഡിയോ തുടങ്ങുന്നത്. ഇന്ത്യയെന്നാല്‍ ചേരിയും ദാരിദ്ര്യവും മാലിന്യവുമൊക്കെയാണെന്ന പൊതു ധാരണ വിദേശികളില്‍ എത്തിക്കുന്നതിനു പിന്നില്‍ മാധ്യമങ്ങള്‍ക്കു വ്യക്തമായ പങ്കുണ്ട്. ദാരിദ്ര്യം സത്യമാണെങ്കിലും ദാരിദ്ര്യം മാത്രമല്ല ഇന്ത്യയെന്നും പ്രത്യേകിച്ച് കേരളമെന്നുമാണ് യാഡ് പറയുന്നത്. പച്ചപ്പു നിറഞ്ഞ പ്രകൃതിയും മനോഹരമായ കായലുകളും സമ്പന്നമായ സംസ്‌ക്കാരവും ഒത്തൊരുമയിലുള്ള ജീവിതവുമാണ് കേരളത്തെ ഇന്ത്യയിലെ സവിശേഷ രത്‌നമാക്കുന്നതെന്നാണ് യാഡ് പറയുന്നത്. 

Alappuzha Kakkathuruthu Island
Alappuzha Kakkathuruthu Island

ഇന്ത്യയെന്ന നാടിനെക്കുറിച്ചുള്ള പരമ്പരാഗത ചിന്തകളെ കേരളം തകര്‍ത്തുകളയുന്നത് എങ്ങനെയാണെന്നും ദൃശ്യങ്ങള്‍ സഹിതം വിവരിക്കുന്നുണ്ട്. മലയാളികളുടെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചും ഊഷ്മളമായ ആതിഥ്യ മര്യാദയെക്കുറിച്ചും ബ്രിട്ടിഷ് ട്രാവല്‍ വ്‌ളോഗര്‍ വാചാലനാവുന്നു. കൊച്ചിയില്‍വച്ചു പരിചയപ്പെട്ട സുധി എന്നു പേരുള്ള ഒരു ഓട്ടോറിക്ഷാ ഡ്രൈവറെക്കുറിച്ചും വിഡിയോയില്‍ എടുത്തു പറയുന്നുണ്ട്. 

about-kerala

ആലപ്പുഴയിലെ കായലുകളും ഹൗസ് ബോട്ടുകളുമാണ് പട്ടികയില്‍ ആദ്യം വരുന്നത്. രണ്ട് കിടപ്പുമുറികളും അടുക്കളയുമുള്ള ഹൗസ് ബോട്ടും കായല്‍ യാത്രയും കേരളയാത്രയിലെ അനുഭവങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു. രണ്ടാമത് സുധിയെന്ന ഓട്ടോ ഡ്രൈവറും ഓട്ടോയുമാണ്. കേരളത്തിലെത്തിയപ്പോള്‍ ലഭിച്ച മികച്ച അനുഭവങ്ങളില്‍ രണ്ടാം സ്ഥാനം ഓട്ടോറിക്ഷാ യാത്രക്ക് ലഭിക്കുന്നുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് സുധിയെന്ന ഓട്ടോ ഡ്രൈവര്‍ക്ക് അവകാശപ്പെട്ടതാണ്. 

athirappally

പട്ടികയിലെ മൂന്നാം സ്ഥാനം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനാണ്. കേരളത്തിലെ അതി മനോഹരമായ ഈ വെള്ളച്ചാട്ടത്തെ മികച്ച അനുഭവമായി തന്നെയാണ് യാഡ് വിലയിരുത്തുന്നത്. നാലാം സ്ഥാനത്തുള്ളത് മൂന്നാറാണ്. പ്രകൃതി ഭംഗികൊണ്ടും കാലാവസ്ഥകൊണ്ടും തേയിലത്തോട്ടങ്ങള്‍ കൊണ്ടും സഞ്ചാരികളെ അമ്പരപ്പിക്കുന്ന മൂന്നാറിനെ കേരളത്തിലെത്തുന്ന സഞ്ചാരികള്‍ ഒഴിവാക്കരുതെന്നും യാഡ് പറയുന്നു. അദ്ദേഹത്തിന്റെ കേരളത്തെക്കുറിച്ചുള്ള വിഡിയോയിലെ അഞ്ചാമത്തെ അനുഭവമായി പറയുന്നത് കൊച്ചിയിലെ ചീനവലയാണ്. ചീനവലയും കൊച്ചിയിലെ കടപ്പുറവും അവിടുത്തെ സായാഹ്നവും വ്യത്യസ്തമാണെന്നും യാഡ് പറയുന്നു. രണ്ടാഴ്ച മുമ്പ് യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വിഡിയോക്ക് 1.14 ലക്ഷത്തിലേറെ വ്യൂസ് ലഭിച്ചിട്ടുണ്ട്.

English Summary:

Is Kerala The BEST State in India?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com