സഹാറയുടെ സ്വപ്ന താഴ്വാരം: ആംബിവാലി
Mail This Article
മുംബൈയിൽ നിന്ന് അര മണിക്കൂർ പറക്കൽ. സ്വകാര്യ എടിആർ72 വിമാനം മലകളും പുൽമേടുകളും തടാകങ്ങളും നിറഞ്ഞ പ്രകൃതിഭംഗിയുടെ നടുവിൽ കറുത്ത വര പോലെ കാണപ്പെട്ട ആംബിവാലി വിമാനത്താവളത്തിൽ ഇറങ്ങി. എയർ സ്ട്രിപ് എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും ഇന്ത്യയിലെ പല വിമാനത്താവളങ്ങളെക്കാൾ വലുത്. റൺവേയിലൂടെത്തന്നെ ടാക്സി ചെയ്ത് ചെറുതെങ്കിലും ഗാംഭീര്യമുള്ള ടെർമിനലിലേക്ക് പോകും വഴി വശക്കാഴ്ചകളിലേക്ക് കണ്ണോടിച്ചു. നിരനിരയായി പാർക്ക് ചെയ്തിരിക്കുന്ന ഹെലികോപ്റ്ററുകളും സ്വകാര്യ ജെറ്റുകളും. മുംബൈ വിമാനത്താവളത്തിൽ കണ്ടെത്താനാവില്ല ഇത്രയധികം സ്വകാര്യ വിമാനങ്ങൾ.
ആംബിവാലിയിലേക്ക് സ്വാഗതം
സ്വകാര്യവിമാനത്തിലെ ഏക എയർ ഹോസ്റ്റസ് ഈ മനോഹര സ്വകാര്യ നഗരത്തിലേക്ക് സ്വാഗതം ചെയ്തു. ഈ റൺവേയിൽത്തന്നെയാണ് ഇന്നു വൈകുന്നേരം ബി എം ഡബ്ല്യു സ്പോർട്സ് കാറുകൾ ഡ്രൈവ് ചെയ്യാൻ പോകുന്നത്. 2007 നവംബറിൽ ജർമൻ വാഹനനിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെ ക്ഷണിതാവായാണ് ആംബിവാലിയുടെ അത്ഭുതക്കാഴ്ചകളിലേക്ക് പറന്നിറങ്ങുന്നത്.
സുബ്രത റോയിക്ക് പ്രണാമം
സഹാറ പരിവാർ ഉടമസ്ഥതയിൽ ഇന്ത്യയിലെ ശതകോടീശ്വരൻമാരിലൊരാളായ സുബ്രത റോയിയുടെ സ്വപ്ന നഗരം. പതിനായിരം ഏക്കറിലധികം കുന്നും മലയും സമതലവും പുൽമേടും കാടും തടാകവും നദികളുമൊക്കെയായി പടർന്നു കിടക്കുന്ന സ്വകാര്യ ‘ഗേറ്റഡ് കമ്യൂണിറ്റി’. സച്ചിൻ തെൻഡുൽക്കറും ഷാറൂഖ് ഖാനുമടക്കം ‘സെലിബ്രിറ്റികൾ’ വസിക്കുന്ന അനേകം അത്യാഡംബര വില്ലകളും ഫ്ലാറ്റുകളും ഷോപ്പിങ് കോംപ്ലക്സുകളും സ്വകാര്യ സുരക്ഷാസേനയും ഒക്കെ ഉൾപ്പെടുന്ന നഗരം. കിലോമീറ്ററുകൾ പരന്നു കിടക്കുന്ന റോഡുകൾ. ഇന്ദ്രപ്രസ്ഥ കാഴ്ചകൾ കണ്ടു പണ്ടു കൗരവർക്കുണ്ടായ സ്ഥലജല ഭ്രമത്തിലേക്കെത്തി. സുബ്രത റോയിയുടെ ദീർഘവീക്ഷണത്തെയും കാര്യ മികവിനെയും നമിച്ചു കൊണ്ട് ടെർമിനലിൽ നിന്നു കാറിലേക്ക്. ചെന്നെത്തിയത് നഗരത്തിലെ അനേകം റിസോർട്ടുകളിലൊന്നിന്റെ പടിപ്പുരയിൽ.
ചരിത്രം ഇവിടെയുണ്ട്
മഹാരാഷ്ട്രയിലെ വിജനമായ ഈ പ്രദേശം നഗരമായി വളർത്തിയത് സുബ്രത റോയിയുടെ പ്രതാപകാലത്താണ്. 2006-ൽ പ്രവർത്തനമാരംഭിച്ചു. പശ്ചിമഘട്ടത്തിലെ സഹ്യാദ്രി മലനിരകളിൽ 10,600 ഏക്കർ (4,300 ഹെക്ടർ) മലയോര പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ലോണാവാലയിൽ നിന്ന് 23 കിലോമീറ്ററും പുണെയിൽ നിന്ന് 87 കിലോമീറ്ററും മാറി ലളിതസുന്ദരമായ ഗ്രാമം. മുംബൈയിൽ നഗരത്തിൽ നിന്ന് 120 കിലോമീറ്റർ മാത്രം ദൂരം എന്നത് തിരക്കിൽ നിന്നൊഴിഞ്ഞ് ബിസിനസ് ട്രിപ്പുകളും ഉല്ലാസയാത്രകളും ഒരേപോലെ നടത്താനാവുന്ന കേന്ദ്രമാക്കി ആംബിവാലിയെ മാറ്റി. സ്വകാര്യമായി വില്ലകളും ഫ്ലാറ്റുകളും സ്വന്തമാക്കാനാവും. ഉല്ലാസത്തിനുള്ള റിസോർട്ടുകളും ബിസിനസ് ഹോട്ടലുകളും അനവധിയുണ്ട് ഈ നഗരത്തിൽ.
ഉല്ലാസപ്പൂത്തിരികൾ...
സ്വകാര്യ നഗരമെന്ന സൗകര്യത്തിൽ നിയന്ത്രണങ്ങളില്ലാത്ത ഉല്ലാസങ്ങളുടെയും ആഘോഷങ്ങളുടെയും നഗരി കൂടിയാണ് ആംബിവാലി. മുംബൈയിൽ നിന്നു പണ്ടു കാലം മുതൽ ‘വീക്കെൻഡ് ഗെറ്റ് എവൈ’ കേന്ദ്രമായ ലോണവാലയ്ക്കു സമീപമാണ് ആംബി വാലി. ലോണവാലയുടെ പ്രകൃതി സൗന്ദര്യം ആംബി വാലിയിലും പ്രതിഫലിക്കുന്നുണ്ട്. ലോണാവാലയിൽ നിന്ന് റോഡ് മാർഗം ഇവിടെയെത്താം.
ഹോളിവുഡും ക്രിക്കറ്റും
ഇന്ത്യയിലെ അതിസമ്പന്നർക്ക് മാത്രം സ്വന്തമാക്കാനാവുന്ന നഗരത്തിൽ ക്രിക്കറ്റർമാരും ഹോളിവുഡ് താരങ്ങളും വിദേശികളും വ്യവസായികളും മത്സരിച്ച് വില്ലകളും ഫ്ലാറ്റുകളും സ്വന്തമാക്കി. തിരക്കില്ലാത്ത, അടുക്കും ചിട്ടയുമുള്ള ഒരു ഇന്ത്യൻ നഗരം. ഏതു യൂറോപ്യൻ നഗരത്തോടും കിടപിടിക്കുന്ന സൗകര്യങ്ങൾ. ഇതൊക്കെയായിരുന്നു ആകർഷണം.
വിഖ്യാത ശിൽപി
ഓസ്ട്രിയൻ അമേരിക്കൻ ആർക്കിടെക്ടായ വിക്ടർ ഡേവിഡ് ഗ്രൂൻ ആണ് പ്രധാന ശിൽപി. 2003-ൽ ഗ്രുനും ബോബി മുഖർജി അസോസിയേറ്റ്‌സും ചേർന്നാണ് രൂപകൽപന ചെയ്തത്.സഹാറയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിയിൽ നിർമാണം. 10 ഗ്രാമങ്ങളിൽ വ്യാപിച്ചുകിടക്കുന്ന നഗരം എയർസ്ട്രിപ്പ്, ഹെലിപാഡുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ഗോൾഫ് കോഴ്‌സ്, പവർ പ്ലാന്റ്, രണ്ട് ഡാമുകൾ, ഇന്റർനാഷണൽ സ്കൂൾ, ആശുപത്രി, ലക്ഷ്വറി റെസ്റ്റോറന്റുകൾ, പഞ്ച നക്ഷത്ര ഹോട്ടലുകൾ എന്നിവ ഉൾക്കൊള്ളുന്നു. സാംസ്കാരിക പരിപാടികൾക്കായി വാരണാസി ഘട്ടിന്റെ തനിപ്പകർപ്പായ കൃത്രിമ ബീച്ചുള്ള തടാകവമുണ്ട്. അഡ്വഞ്ചർ സ്പോർട്ട്സ്, റേസിങ് എന്നീ സൗകര്യങ്ങളക്കു പുറമെ ഒരു ആഢംബര വെഡിങ് ഡെസ്റ്റിനേഷൻ കൂടിയാണ് ആംബിവാലി.
അണക്കെട്ടുകളും തടാകവും
അണക്കെട്ടുകൾ തടയിടുന്ന മൂന്നു മനുഷ്യ നിർമിത തടാകങ്ങൾ ഇവിടെയുണ്ട്. ഏറ്റവും വലിയ തടാകത്തിന് 1.5 കിലോമീറ്റർ വരെ വീതി വരും. 5 കോടി മുതൽ 20 കോടി രൂപ വരെ വിലയുള്ള 600-800 ആഡംബര ബംഗ്ലാവുകളും ഫ്ലാറ്റുകളും വിഖ്യാതർ പലരും സ്വന്തമാക്കി.
ഉയർച്ചയും തകർച്ചയും
സഹാറ ഗ്രൂപ്പിന്റെ പ്രതാപകാലത്ത് തുടങ്ങിയ നഗരം പൂർത്തിയാകും മുമ്പു തന്നെ ഉടമസ്ഥർ പ്രശ്നങ്ങളിൽ കൂപ്പു കുത്തി. സ്ഥാപിതമായതുമുതൽ നഗരം വിവിധ സാമ്പത്തികവും നിയമപരവുമായ പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചെങ്കിലും സഹാറ ഗ്രൂപ്പ് തകർന്നതോടെ നിയമപ്രശ്നങ്ങൾ തലപൊക്കി. മാനദണ്ഡങ്ങൾ ലംഘിച്ചാണ് സഹാറ ഉടമസ്ഥതയിലുള്ള സഹകരണ സംഘങ്ങൾ 62,643 കോടി നിക്ഷേപം സ്വീകരിച്ചതെന്നായിരുന്നു മുഖ്യ ആരോപണം. 2014-ൽ ആംബി വാലി പദ്ധതിയുടെ മൂല്യം ഏകദേശം 12 ലക്ഷം കോടി ആയിരുന്നു. സഹാറ അവകാശപ്പെടുന്ന ഈ ഉയർന്ന മൂല്യനിർണ്ണയം വിവാദമായി. തുടക്കത്തിൽ പ്രവർത്തന ലാഭം നേടിയിരുന്ന ആംബിവാലി പിന്നീട് നോട്ടക്കുറവു കൊണ്ടു നഷ്ടത്തിലേക്കു കൂപ്പു കുത്തി. 2016-ൽ മുൽഷിയിലെ തഹസിൽദാർ നികുതി അടയ്ക്കാത്തതിന്റെ പേരിൽ ടൗൺഷിപ്പ് സീൽ ചെയ്ത സംഭവവും ഉണ്ടായി. സഹാറ ഗ്രൂപ്പ് 2.53 കോടി രൂപ അടച്ചതിന് ശേഷം അതേ ദിവസം തന്നെ ഇത് വീണ്ടും തുറന്നു.
എല്ലായിടത്തും പൂട്ടു വീണില്ല
2016 അവസാനത്തോടെ ഗോൾഫ് കോഴ്‌സിന്റെയും എയർസ്ട്രിപ്പിന്റെയും പ്രവർത്തനം നിർത്തി. ബംഗ്ലാവുകൾ ഇപ്പോഴും ഉപയോഗത്തിലുള്ളതായാണ് അറിവ്. ഹോട്ടലുകളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.