ADVERTISEMENT

പുരാതന ശിവക്ഷേത്രത്തിനും ശ്രീകോവിലിനും പ്രസിദ്ധമാണ് കേദാർനാഥ്. പാണ്ഡവൻമാർ കേദാർനാഥിൽ തപസു ചെയ്താണ് ശിവനെ പ്രസാദിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. ഉത്തര ഹിമാലയത്തിലെ ഛോട്ടാ ചാർ ധം തീർത്ഥാടനത്തിലെ നാല് പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കേദാർനാഥിലെ ഈ ക്ഷേത്രം. പല തരത്തിലുള്ള വിശ്വാസങ്ങളുമായാണ് ഭക്തർ കേദാർനാഥിലേക്ക് എത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം  3583 മീറ്റർ ഉയരത്തിലാണ് കേദാർനാഥ് സ്ഥിതി ചെയ്യുന്നത്. മന്ദാകിനി നദിക്ക് സമീപം ഗൾവാൾ ഹിമാലയൻ പർവത നിരകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഹൈന്ദവരുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നാണ്. കേദാർനാഥ് ശിവക്ഷേത്രം ശിവൻ തന്നെയാണ് സ്ഥാപിച്ചതെന്നാണ് ഭക്തർ വിശ്വസിക്കുന്നത്. ക്ഷേത്രത്തിന്റെ സ്ഥാനത്തിലും ചരിത്രത്തിലും സാംസ്കാരിക പ്രാധാന്യത്തിലുമാണ് അതിന്റെ പവിത്രത.  മറ്റ് ശിവലിംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിദത്തമായി കല്ലിൽ ഉണ്ടാക്കപ്പെട്ടതാണ് ഇവിടുത്തെ ശിവലിംഗമെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ ശിവലിംഗത്തിന് ഏകദേശം 3.6 മീറ്റ‍ർ ഉയരമുണ്ടെന്നാണ് കണക്കാക്കുന്നത്. 5.7 മീറ്റർ ചുറ്റളവിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Shiv Mer | iStock
Shiv Mer | iStock

കേദാർനാഥിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത അവിടുത്തെ മഞ്ഞുവീഴ്ചയാണ്. കേദാർപുരിലെ അതിശക്തമായ തണുപ്പിനെ തുടർന്ന് നാലിഞ്ച് കനത്തിലാണ് പ്രദേശത്ത് മഞ്ഞ് കൂമ്പാരം രൂപപ്പെട്ടത്. മൂന്നു ഡിഗ്രിയാണ് കേദാർനാഥിലെ ഏറ്റവും കൂടിയ താപനില. അതേസമയം, മൈനസ് ഒമ്പത് ഡിഗ്രിയാണ് പ്രദേശത്തെ കുറഞ്ഞ താപനില.

kedarnath
Image Credit : saiko3p/istockphoto

നിർമ്മാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കി മഞ്ഞുവീഴ്ച

കേദാർനാഥിലെ പെട്ടെന്നുള്ള മഞ്ഞുവീഴ്ച ഇവിടുത്തെ നിർമാണപ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കി. സിമന്റ് ഉപയോഗിച്ചുള്ള നിർമാണപ്രവർത്തനങ്ങളെയാണ് ഇത് പ്രധാനമായും ബാധിച്ചത്. ശനിയാഴ്ച രാവിലെ മുതൽ കനത്ത മേഘങ്ങൾ ആയിരുന്നു. ഉച്ചയ്ക്ക് 12.30 ന് പ്രദേശത്ത് മഞ്ഞുവീഴ്ച ആരംഭിക്കുകയായിരുന്നു. ഏകദേശം രണ്ടു മണിക്കൂറോളമാണ് മഞ്ഞുവീഴ്ച നീണ്ടുനിന്നത്.

ശ്രീകോവിലിൽ നാലിഞ്ച് കനത്തിൽ മഞ്ഞ് കൂമ്പാരം

നാല് ഇഞ്ചോളം കനത്തിലാണ് ശ്രീകോവിലിൽ മഞ്ഞ് കൂമ്പാരം ഉണ്ടായത്. കഴിഞ്ഞ ആഴ്ചയും സമാനമായ സ്ഥിതിവിശേഷം ഇവിടെ ഉണ്ടായിരുന്നു. ഏതായാലും മഞ്ഞുവീഴ്ച ഭക്തരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബരദിനാഥിലും കഴിഞ്ഞദിവസം മഞ്ഞുവീഴ്ച ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, കടുത്ത തണുപ്പിനെ അതിജീവിച്ചും തങ്ങളുടെ യാത്ര പൂർത്തിയാക്കുകയാണ് ഭക്തർ.

ശ്രീകോവിലിന് സമീപമുള്ള കൊടുമുടികളിലും കട്ടിയുള്ള മഞ്ഞുപാളി രൂപപ്പെട്ടു. കേദാർനാഥ് ക്ഷേത്രം കൂടാതെ  വാസുകി താൽ, കേദാർനാഥ് മലനിരകൾ, സോൻപ്രയാഗ് എന്നിവയാണ് കേദാർനാഥിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ. ഇന്ത്യയിലെ എല്ലാ ശിവക്ഷേത്രങ്ങളിലും വെച്ച് ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമെന്നതാണ് കേദാർനാഥ് ക്ഷേത്രത്തിന്റെ പ്രത്യേകത. അതുകൊണ്ടു കൂടിയാണ് ഭക്തർ കേദാർനാഥിലേക്ക് ഒഴുകിയെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com