ജീവിതത്തിൽ ഒരിക്കലെങ്കിലും സഞ്ചരിക്കേണ്ട ട്രെയിൻ പാതകൾ
Mail This Article
കാടും മലകളും താണ്ടി കൂകിപാഞ്ഞുപോകുന്ന തീവണ്ടിയുടെ ചിത്രം നമ്മുടെയൊക്കെ മനസ്സിലുള്ള ഒന്നാണല്ലോ. അങ്ങുദൂരെ നിന്നും പുകതുപ്പി കർണ്ണകഠോരങ്ങളെ ഉണർത്തി പാഞ്ഞുവരുന്ന തീവണ്ടികഥകൾ എത്രയെത്ര കേട്ടിരിക്കുന്നു. തീവണ്ടിയാത്രകൾ അത്രമേൽ പ്രീയപ്പെട്ടതാണ് നമുക്ക്. പല നാടുകളിലൂടെ ദേശങ്ങളിലൂടെ കടന്നുപോകുന്ന,ട്രെയിൻ യാത്ര കുറേയേറെ കാഴ്ചകളിലൂടെയാണ് നമ്മെ കൊണ്ടുപോകുന്നത്. തീവണ്ടിജാലകത്തിലൂടെ കാണുന്ന കാഴ്ചകൾ എന്നെന്നും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നവയാണ്. ലോകമെമ്പാടും മനോഹരവും അത്യന്തം ഹൃദയഹാരിയുമായ നിരവധി ട്രെയിൻ റൂട്ടുകളുണ്ട്, സ്വിറ്റ്സർലൻഡിന്റെ മലനിരകളിലൂടെയും, ജപ്പാനിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൂടെയും, നോർത്ത് ലൈറ്റ്സ് കണ്ടുമെല്ലാം പോകുന്ന ആ യാത്രകളെല്ലാം നമ്മൾ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കേണ്ടവയാണ്. ഇതാ ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരിക്കലെങ്കിലും സഞ്ചരിക്കേണ്ട ട്രെയിൻ റൂട്ടുകളിതാ.
അറോറ വിന്റർ ട്രെയിൻ, അലാസ്ക
സെപ്റ്റംബർ പകുതി മുതൽ മേയ് ആദ്യം വരെ, അറോറ ബോറാലീസ് കാണാൻ ആഗ്രഹിക്കുന്നവർക്ക് 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ട്രെയിൻ യാത്രയിലൂടെ അത് സാധ്യമാക്കാം. അലാസ്കയിലെ മഞ്ഞുമൂടിയ ലാൻഡ്സ്കേപ്പുകളിലൂടെയാണ് ഈ ട്രെയിൻ റൂട്ട് കടന്നുപോകുന്നത്. ഈ 565 കിലോമീറ്റർ ട്രാക്ക് ആങ്കറേജിനും ഫെയർബാങ്കിനും ഇടയിൽ ഓടുന്നു. ഡെനാലി നാഷണൽ പാർക്കിലും പ്രിസർവിലും ട്രെയിൻ നിർത്തും. സ്നോമൊബൈലിംഗ്, ഡോഗ് സ്ലെഡ്ജിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്കായി യാത്രക്കാർക്ക് കുറച്ച് സ്റ്റോപ്പുകളിൽ ഇറങ്ങാനും അവസരമുണ്ട്.
ഗ്ലേസിയർ, ബെർണിന എക്സ്പ്രസുകൾ, സ്വിറ്റ്സർലൻഡ്
സ്വിറ്റ്സർലൻഡ് എന്താണെന്ന് കാണണമെങ്കിൽ ഗ്ലേസിയർ എക്സ്പ്രസിൽ ഒരു സവാരി നടത്തിയാൽ മതി. സ്വിസ് ആൽപ്‌സ് പർവതനിരകളുടെ ഏറ്റവും മനോഹരമായ കാഴ്ചയാണ് ഈ റൂട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. സെർമാറ്റിലെ മാറ്റർഹോണിന് സമീപം ആരംഭിച്ച് സെന്റ് മോറിറ്റ്‌സിലെ റിസോർട്ട് പട്ടണത്തിൽ അവസാനിക്കുന്ന യാത്രയിൽ സഞ്ചാരികൾക്ക് പനോരമിക് വിൻഡോകളിലൂടെ അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാനാകും. അപ്പർ റോൺ വാലി, ഒബെറാൾപ്പ് പാസ് അതായത് യാത്രയുടെ ഏറ്റവും ഉയരം കൂടിയ സ്ഥലം 7,000 അടി, ഒപ്പം മനോഹരമായ ഗ്രാമങ്ങളും അരുവികളും കടന്ന്, റൈൻ ഗോർജിന്റെ ഏറ്റവും നാടകീയമായ കാഴ്ചകളിലൊന്നിലേയ്ക്കാണ് ഗ്ലേസിയർ എക്സ്പ്രസ് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇനി സ്വിറ്റ്‌സർലൻഡിൽ നിന്ന് ഇറ്റലിയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, യൂറോപ്പിലെ ഏറ്റവും ഉയർന്ന ട്രാക്കുകളിലൊന്നായ ബെർണിന എക്‌സ്പ്രസിൽ കയറിയാൽ മതി. ഈ ആൽപൈൻ പാത ഇറ്റലിയിലെ ടിറാനയിൽ നിന്ന് സ്വിറ്റ്‌സർലൻഡിലെ സെന്റ് മോറിറ്റ്‌സിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നു, 55 തുരങ്കങ്ങളിലൂടെയും 196-ലധികം പാലങ്ങളിലൂടെയും അതിന്റെ പനോരമിക് വണ്ടികളിൽ നിന്ന് കൈയെത്തും ദൂരത്ത് ദൃശ്യമാകുന്ന പ്രാകൃത തടാകങ്ങളിലൂടെയും അതിശയകരമായ പർവതനിരകളിലൂടെയുമാണ് ഈ ട്രെയിൻ പോകുന്നത്.
ട്രാൻസ്ആൽപൈൻ ട്രെയിൻ, ന്യൂസിലാൻഡ്
ന്യൂസിലാൻഡ് പര്യവേക്ഷണം ചെയ്യാനുള്ള ഏറ്റവും മനോഹരവും മികച്ചതുമായ വഴികളിലൊന്നാണ് കിവി റെയിലിന്റെ ട്രാൻസ്ആൽപൈൻ. ക്രൈസ്റ്റ് ചർച്ചിനും ഗ്രേമൗത്തിനും ഇടയിലുള്ള ഈ 11-മണിക്കൂർ റൗണ്ട് ട്രിപ്പ്, ഒരു തീരത്തുനിന്നും മറ്റൊരു തീരത്തേക്കുള്ള മഹത്തായൊരു യാത്രയാണ്. ആടുകളും കന്നുകാലികളും നിറഞ്ഞ വിശാലമായ കൃഷിയിടങ്ങൾ, ആഴത്തിലുള്ള മലയിടുക്കുകൾ, ഉരുക്ക് പാലങ്ങൾ, വെള്ളച്ചാട്ടങ്ങളുടെ കാഴ്ചകൾ, ന്യൂസിലൻഡിലെ ഏറ്റവും നീളമേറിയ തുരങ്കങ്ങളിലൊന്ന് എന്നിവ ന്യൂസിലൻഡിന്റെ സൗത്ത് ഐലൻഡിനെ വിഭജിക്കുന്ന പർവതങ്ങളിലൂടെ കടന്നുപോകുന്ന ഈ മനോഹരമായ യാത്രയിൽ യാത്രക്കാരെ കാത്തിരിക്കുന്നു.
റോക്കി മൗണ്ടനീർ, കാനഡ
വെള്ളച്ചാട്ടങ്ങൾ, കണ്ടാൽ അത്ഭുതം ജനിയ്ക്കുന്ന മലയിടുക്കുകൾ, ഗ്ലേഷ്യൽ തടാകങ്ങൾ, ഇരമ്പിയാർത്തൊഴുകുന്ന നദികൾ എന്നിവയിലൂടെയാണ് റോക്കി മൗണ്ടനീർ നിങ്ങളെ കൊണ്ടുപോവുക. ഈ ട്രെയിനിലെ വലിയ ജനാലകൾ യാത്രക്കാരുടെ സീറ്റ് മുതൽ മേൽക്കൂര വരെ നീളുന്നതാണ്.അങ്ങനെയൊരു ട്രെയിനിനകത്തിരുന്നത് ഈ പറഞ്ഞ കാഴ്ചകളൊക്കെ കൺകുളിർക്കെ കാണുന്നത് ഒന്ന് സങ്കൽപ്പിച്ചുനോക്കു. ഏപ്രിൽ മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിൽ അതിഗംഭീര കാഴ്ചകൾ ആസ്വദിക്കാൻ ഡോം വിൻഡോകളും വലിയ പ്ലാറ്റ്‌ഫോമും സജ്ജീകരിച്ച ആഡംബര ഗോൾഡ്‌ലീഫ് സർവീസ് കാറുകളും ട്രെയിനിലുണ്ടാകും. ജാസ്പർ നാഷണൽ പാർക്കിലെ റോക്കീസിൽ നിന്നും വാൻകൂവറിൽ നിന്നും ആരംഭിക്കുന്ന ട്രെയിൻ കാനഡയുടെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. യുഎസിൽ, ഇത് യൂട്ടായിലെ മോവാബിനും കൊളറാഡോയിലെ ഡെൻവറിനുമിടയിൽ സഞ്ചരിക്കുന്നു, ലാസ് വെഗാസിലും സാൾട്ട് ലേക്ക് സിറ്റിയിലും ആരംഭിക്കാനും അവസാനിക്കാനുമുള്ള ഓപ്ഷനുകളുമുണ്ട്. ട്രെയിനിൽ ഉറങ്ങാനുള്ള സൗകര്യം ഇല്ലാത്തതിനാൽ എല്ലാ പാക്കേജുകളിലും ആഡംബര ഹോട്ടൽ താമസങ്ങൾ ഉൾപ്പെടുന്നുണ്ട്.
ഘാൻ, ഓസ്‌ട്രേലിയ
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാസഞ്ചർ ട്രെയിൻ യാത്രയാണ് ഓസ്ട്രേലിയയിലെ ഘാൻ റയിൽവെ. ഓസ്‌ട്രേലിയയിലെ റെഡ് സെന്ററിലൂടെ മൂന്ന് ദിവസത്തെ യാത്രയാണിത്. വടക്ക് ഡാർവിനിൽ നിന്ന് തെക്ക് അഡ്‌ലെയ്ഡിലേക്കും തിരിച്ചും 2,797 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര. ഗൈഡഡ് ഒട്ടക പര്യടനങ്ങൾ, ഹെലികോപ്റ്റർ സവാരികൾ,ഗുഹകൾ, കാതറിൻ മലയിടുക്കുകൾ എന്നിവയിലേക്കുള്ള യാത്രകൾ എന്നിങ്ങനെ നിരവധി ഓഫ് ട്രെയിൻ അനുഭവങ്ങളും യാത്രക്കാർക്ക് ആസ്വദിക്കാനാകും.ഡാർവിനിൽ നിന്നോ അഡ്‌ലെയ്‌ഡിൽ നിന്നോ ഉള്ള ഘാനിന്റെ ഒരു ചെറിയ ഭാഗം തിരഞ്ഞെടുത്ത് ആലീസ് സ്പ്രിംഗ്‌സിൽ ഇറങ്ങുകയോ അല്ലെങ്കിൽ യാത്രാ മെനുവിൽ ഉല്ലാസയാത്രകളും ഹോട്ടൽ താമസങ്ങളും ചേർത്ത് യാത്ര നീട്ടുകയോ ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് യാത്രാ പദ്ധതി രൂപപ്പെടുത്താനാകും. പെർത്തിൽ നിന്ന് സിഡ്‌നിയിലേക്ക് നിങ്ങളെ കൊണ്ടുപോകുന്നതും അതേ കമ്പനി നടത്തുന്നതുമായ മറ്റൊരു ക്രോസ്-കൺട്രി യാത്രയായ ഇന്ത്യൻ പസഫിക് റൂട്ടും യാത്രക്കാർക്ക് തിരഞ്ഞെടുക്കാം.
ജപ്പാനിലെ ക്യുഷുവിലെ സെവൻ സ്റ്റാർസ്
ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകൾ അവയുടെ വേഗതയ്ക്ക് പേരുകേട്ടതാകാം, എന്നാൽ ആഡംബര സ്ലീപ്പറായ ക്യുഷുവിലെ ക്രൂയിസ് ട്രെയിൻ സെവൻ സ്റ്റാർസിലെ ഒരു യാത്ര കൂടുതൽ സവിശേഷമായ അനുഭവമായിരിക്കും.ലോകത്തിലെ ഏറ്റവും ആഡംബരപൂർണ്ണമായ ട്രെയിനാണിത്. ടോക്കിയോ, ക്യോട്ടോ, ഒസാക്ക എന്നിവിടങ്ങളിലെ തിരക്കേറിയ ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകൾക്കപ്പുറത്തേക്ക്, അതായത് ജപ്പാന്റെ മറഞ്ഞിരിക്കുന്ന കാണാകാഴ്ചകളിലേയ്ക്കാണ് ഈ ട്രെയിൻ നിങ്ങളെ കൊണ്ടുപോവുക.രാജ്യത്തെ ഏറ്റവും വലിയ നാല് ദ്വീപുകളുടെ തെക്ക് ഭാഗത്തുള്ള ക്യുഷുവാണ് സെവൻ സ്റ്റാർസ് റൂട്ടിന്റെ പ്രധാന ആകർഷണം. പഴയകാല രീതിയിലാണ് ട്രെയിന്റെ ഘടന. ഉൾവശം മുഴുവൻ തടികൊണ്ടുള്ള ഫർണിച്ചറുകളും വിലയേറിയ അലങ്കാരങ്ങളാലും സമ്പന്നമാണ്.