വിമാനയാത്രകളില്‍ ഏത് സീറ്റാണ് ഏറ്റവും നല്ലതെന്ന് അറിയാമോ?
Mail This Article
വിമാനയാത്രകളില്‍ ഏതു സീറ്റു കിട്ടാനാണ് ഏറെയിഷ്ടം? ഇങ്ങനെയൊരു ചോദ്യത്തിന് പല മറുപടികളാണ് ലഭിക്കുക. വിന്‍ഡോ സീറ്റ് വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ബഹുഭൂരിപക്ഷവും. വിമാനത്തിലെ ഏറ്റവും മോശം സ്ഥാനത്തെന്നു കരുതുന്ന ഇരിപ്പിടമാണ് ഏറ്റവും നല്ലതെന്നു പറയുന്നവരുണ്ട്. അതിനു കാരണങ്ങളുമുണ്ട്. വിമാനയാത്രകളില്‍, പ്രത്യേകിച്ച് മണിക്കൂറുകളെടുക്കുന്ന വിമാനയാത്രകളില്‍ നിരവധി പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. ദീര്‍ഘനേരം ചടഞ്ഞിരിക്കേണ്ടി വരുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കു പുറമേ സഹയാത്രികരുടെ പെരുമാറ്റങ്ങള്‍ പോലും യാത്രയുടെ രസംകെടുത്താറുണ്ട്. ഫ്രീലാൻഡ് ജേണലിസ്റ്റ് ജോണ്‍ ബര്‍ഫിറ്റ് ഒരു ഓസ്‌ട്രേലിയന്‍ മാധ്യമത്തില്‍ എഴുതിയ കോളത്തിലാണ് വിമാനത്തിലെ തന്റെ പ്രിയപ്പെട്ട ഇരിപ്പിടത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്.
ദീര്‍ഘദൂര വിമാനയാത്രയില്‍ തനിക്കുണ്ടായ ഏറ്റവും മോശം അനുഭവം പറഞ്ഞുകൊണ്ടാണ് ബര്‍ഫിറ്റ് തുടങ്ങുന്നത്. പിന്നിലെ യാത്രികന്‍ യാത്രയില്‍ ഉടനീളം സീറ്റില്‍ ചവിട്ടിയതാണ് ഏറ്റവും മോശം അനുഭവം. ഈ ചവിട്ടു സഹിക്കാനാവാതെ ടോയ്‌ലറ്റിലേക്കു പോവും വഴിയാണ് ബര്‍ഫിറ്റിനു മുന്നിൽ വിമാനത്തിലെ ഏറ്റവും മികച്ച ഇരിപ്പിടം തെളിഞ്ഞത്.
പൊതുവില്‍ വിമാനയാത്രികര്‍ ഏറ്റവും മോശം ഇരിപ്പിടങ്ങളായി കരുതുന്നത് ശുചിമുറിയോടുചേര്‍ന്നുള്ള പിന്നിലെ നിരയിലെ ഇരിപ്പിടങ്ങളാണ്. എന്നാല്‍ ഈ സീറ്റുകളാണ് ഏറ്റവും മികച്ചതെന്നാണ് ബര്‍ഫിറ്റ് പറയുന്നത്. കാരണം ഈ സീറ്റുകള്‍ക്കു പിന്നില്‍നിന്ന് ആരും ചവിട്ടാനില്ല. മാത്രമല്ല വിന്‍ഡോ സീറ്റും ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ബഹുഭൂരിപക്ഷം യാത്രികരും ഇഷ്ടപ്പെടാത്ത പിന്‍നിരയായതിനാല്‍ പലപ്പോഴും ആ നിരയിലെ മറ്റു സീറ്റുകളും ആളില്ലാതെ ഒഴിഞ്ഞു കിടക്കാറുമുണ്ട്. ചുരുക്കത്തില്‍ ആരുടേയും ശല്യമില്ലാതെ വിശാലമായി യാത്ര ചെയ്യാനുള്ള അവസരമാണ് ഈ പിന്‍നിര സീറ്റുകളിലൂടെ ലഭിക്കുക.
ഇതു മാത്രമല്ല വേറെയും ഗുണമുണ്ട് പിന്‍നിര സീറ്റുകള്‍ക്ക്. വിമാനാപകടം സംഭവിച്ചാല്‍ ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ളത് നടുവിലേയും മുന്നിലേയും സീറ്റുകള്‍ക്കാണ്. ജീവന്‍ രക്ഷപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ളത് പിന്‍ നിരയിലുള്ളവരാണ്. അതുകൊണ്ടുതന്നെ ഇനി വിമാനയാത്രകളില്‍ പിന്‍നിര സീറ്റുകള്‍ മാത്രം കണ്ടാലും ബുക്ക് ചെയ്യാതിരിക്കേണ്ട. എല്ലാം നല്ലതിനാണെങ്കിലോ...