വിശാഖപട്ടണത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ബീച്ചുകൾ മാത്രമല്ല!
Mail This Article
ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് പ്രഖ്യാപിച്ചാണ് ദിവസങ്ങള്‍ക്കു മുമ്പ് തെലുങ്കു നടി രേഖ ഭോജ് വാര്‍ത്തയായത്. ഫൈനലില്‍ ഇന്ത്യ തോറ്റതോടെ വിശാഖപട്ടണത്തെ ബീച്ചിലെ നഗ്ന ഓട്ടത്തെ സോഷ്യല്‍മീഡിയ ട്രോളായി ഏറ്റെടുത്തിരിക്കുകയാണ്. ആന്ധ്രപ്രദേശിലെ തുറമുഖ നഗരമായ വിശാഖപട്ടണത്തില്‍ ആദ്യ ആകര്‍ഷണം ബീച്ചുകളാണെങ്കിലും സഞ്ചാരികള്‍ക്ക് ആസ്വദിക്കാവുന്ന വേറെയും സ്ഥലങ്ങളുമുണ്ട്. പൂര്‍വഘട്ടത്തിനും ബംഗാള്‍ ഉള്‍ക്കടലിനും ഇടയില്‍ കിടക്കുന്ന മനോഹര ദേശമാണ് വിസാഗ് എന്നറിയപ്പെടുന്ന വിശാഖപ്പട്ടണം. കടലിനേയും മലയേയും ഒരുപോലെ ഇഷ്ടപ്പെടുന്നവര്‍ക്ക് യോജിച്ച സ്ഥലമാണിത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കപ്പല്‍ നിര്‍മാണശാല വിശാഖപട്ടണത്താണ്. കുറഞ്ഞതു രണ്ടു ദിവസങ്ങളെങ്കിലും വേണ്ടി വരും വിസാഗിലെ കാഴ്ച്ചകള്‍ വിശാലമായി കണ്ടു തീര്‍ക്കാന്‍.
ബീച്ചുകള്‍
വിശാഖപട്ടണത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങള്‍ ബീച്ചുകളായിരിക്കും. ബീച്ചുകളുടെ കാര്യത്തില്‍ സമൃദ്ധമാണ് ഈ നഗരം. ആര്‍കെ ബീച്ച്, ഋഷികൊണ്ട ബീച്ച്, ഭീമിലി ബീച്ച്, അപ്പികൊണ്ട ബീച്ച്, യാരദ ബീച്ച് എന്നിങ്ങനെ നിരവധി സുന്ദര കടല്തീരങ്ങള് ഇവിടെയുണ്ട്. വിസാഗില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ഋഷികൊണ്ട ബീച്ചാണ്. ഋഷികൊണ്ട മലയ്ക്കു താഴെയാണ് ഈ സുന്ദരമായ കടല്‍തീരമുള്ളത്. മലയും കടലും സംഗമിക്കുന്ന ഇവിടം നിരവധി വാട്ടര്‍ സ്പോര്‍ട്സ് ആക്ടിവിറ്റീസിനുള്ള അവസരം കൂടി നല്കുന്നു. പുതുവര്‍ഷത്തോട് അടുപ്പിച്ചാണ് നിങ്ങള്‍ വരുന്നതെങ്കില്‍ ആര്‍കെ ബീച്ചില്‍ ബീച്ച് ഫെസ്റ്റിവെലും ആസ്വദിക്കാനാവും.
മുങ്ങിക്കപ്പല്‍ മ്യൂസിയം
2011ല്‍ സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തതാണ് വിശാഖപട്ടണത്തെ മുങ്ങിക്കപ്പല്‍ മ്യൂസിയം. ഐഎന്‍എസ് കുരുസുര എന്ന മുങ്ങിക്കപ്പലിലൂടെ കാഴ്ച്ചകള്‍ ആസ്വദിച്ചു നടക്കാം. 1969ല്‍ റഷ്യ നിര്‍മിച്ച് 1970ല്‍ ഇന്ത്യയിലെത്തിയ മുങ്ങിക്കപ്പലാണിത്. ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായിരുന്ന ഐ.എന്‍.എസ് കുരുസുര 2001ലാണ് ഡീകമ്മീഷന്‍ ചെയ്യുന്നത്. 1971ലെ ഇന്ത്യ - പാക് യുദ്ധത്തില്‍ അടക്കം നിര്‍ണായക പങ്കുവഹിച്ച മുങ്ങിക്കപ്പലിനെ മ്യൂസിയമാക്കി മാറ്റിയെടുക്കുകയായിരുന്നു. ഏഷ്യയിലെ തന്നെ ആദ്യ മുങ്ങിക്കപ്പല്‍ മ്യൂസിയം വിസാഗിലെത്തിയാല് കാണാന്‍ വിട്ടു പോവരുത്.
അരകു താഴ്വര
മലയും കടലും മാത്രമല്ല താഴ്വരയുമുണ്ട് വിശാഖപട്ടണത്തെ കാഴ്ച്ചകളില്‍. അതാണ് അരകു താഴ്വര. വിശാഖപട്ടണത്തില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള ഹില്‍സ്റ്റേഷനാണ് അരകു. പച്ചപ്പു നിറഞ്ഞ പ്രദേശങ്ങളും കാപ്പി തോട്ടങ്ങളും മനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയും നീണ്ടു പരന്നു കിടക്കുന്ന താഴ്വരയുമെല്ലാം ഇവിടെയുണ്ട്. ഗോത്രവര്‍ഗക്കാരുടെ കേന്ദ്രം കൂടിയാണ് അരകു താഴ്വര. ഇവിടെ ഗോത്രവര്‍ഗക്കാരുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ച മ്യൂസിയവുമുണ്ട്. ഇവിടേക്കുള്ള യാത്ര തന്നെ വ്യത്യസ്തമായ വിസാഗ് അനുഭവമായിരിക്കും.
കൈലാസഗിരി പാര്‍ക്ക്
കുന്നിനു മുകളിലെ ഒരു പാര്‍ക്കാണ് കൈലാസഗിരി. വിശാഖപട്ടണത്തിന്റെ വിശാലമായ കാഴ്ച്ച ഇവിടെ നിന്നും ലഭിക്കും. വിശാഖപട്ടണം സന്ദര്‍ശിക്കുന്നവര്‍ക്ക് താമസിക്കാന്‍ പറ്റിയ ഇടം കൂടിയാണ് കൈലാസഗിരി.
ബോറ ഗുഹ
വിശാഖപട്ടണത്തില്‍ നിന്നും 90 കിലോമീറ്റര്‍ വടക്കു മാറിയാണ് ബോറ ഗുഹ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭൗമശാസ്ത്രകാരനായ വില്യം കിങ് ജോര്‍ജാണ് 1807ല്‍ പുറം ലോകത്തോട് ഈ ഗുഹയെക്കുറിച്ച് പറഞ്ഞത്. 15 കോടി വര്‍ഷങ്ങള്‍കൊണ്ട് പ്രകൃതി നിര്‍മിച്ചെടുത്ത അപൂര്‍വ്വ സുന്ദര കാഴ്ച്ചയാണ് ബോറ ഗുഹ. 30,000-50,000 വര്‍ഷങ്ങള്‍ക്കു മുമ്പു വരെ മനുഷ്യര്‍ ഇവിടെ താമസിച്ചിരുന്നുവെന്ന് അവകാശവാദമുണ്ട്. ഇന്ന് വിസാഗിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ബോറ ഗുഹ. സമുദ്ര നിരപ്പില്‍ നിന്നും 1,300 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ആന്ധ്ര പ്രദേശ് ടൂറിസം വകുപ്പിന്റെ അരകു - ബോറ റെയില്‍ റോഡ് ടൂര്‍ പാക്കേജ് ഈ രണ്ടു സ്ഥലങ്ങളും വിശദമായും എളുപ്പത്തിലും കാണാന്‍ സഹായിക്കുന്നതാണ്.
ഇന്ദിര ഗാന്ധി സുവോളജിക്കല്‍ പാര്‍ക്ക്
മ്യൂസിയവും സുവോളജിക്കല്‍ പാര്‍ക്കും സന്ദര്‍ശിക്കാനുള്ള സമയം വിശാഖപട്ടണം കാണാനെത്തുന്നവര്‍ മാറ്റിവെക്കുന്നത് നഗരത്തെ കൂടുതല്‍ ആസ്വദിക്കാന്‍ സഹായിക്കും. ആന്ധ്രപ്രദേശിലെ തന്നെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കാണ് ഇന്ദിര ഗാന്ധി സുവോളജിക്കല്‍ പാര്‍ക്ക്. കുട്ടികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ് 650 ഏക്കറില്‍ നീണ്ടു കിടക്കുന്ന ഈ പാര്‍ക്ക്. ചെറു തീവണ്ടിയും സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള യാത്രയെ സുന്ദരമാക്കും.
ബോജനകാണ്ട
നാലാം നൂറ്റാണ്ടിലെ ബുദ്ധ പൈതൃക കേന്ദ്രം. കലിംഗ കല്ലില്‍ കൊത്തിയെടുത്ത പൗരാണിക കേന്ദ്രമാണിത്. ശങ്കരം എന്ന ഗ്രാമത്തിലാണ് ബോജനകൊണ്ടയും ലിങ്കലകൊണ്ടയുമുള്ളത്. നെല്പാടങ്ങളാല് ചുറ്റപ്പെട്ട രണ്ടു കുന്നുകളാണിത്. ആന്ധ്രപ്രദേശിലെ തന്നെ സുപ്രധാനമായ ബുദ്ധ കേന്ദ്രങ്ങളാണിത്.