ADVERTISEMENT

വന്ദേഭാരത് ട്രെയിനുകളിലെ യാത്രാനുഭവം കൂടുതല്‍ മികച്ചതാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഓൺബോർഡ് സർവീസുകളിലെ നവീകരണപദ്ധതികളുടെ ഭാഗമായി, ദക്ഷിണ റെയിൽവേയിലെ ആറ് ജോഡി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളില്‍ പൈലറ്റ് പ്രോജക്റ്റായി യാത്രി സേവാ അനുബന്ധ് (വൈഎസ്എ) ആരംഭിക്കുമെന്ന് റെയിൽവേ പ്രഖ്യാപിച്ചു.

യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക, ഭക്ഷണപാനീയങ്ങളില്‍ വൈവിധ്യം ഉറപ്പാക്കുക, സഹായ സേവനങ്ങൾ, ഓൺ ബോർഡ് ഇൻഫോടെയ്ൻമെന്‍റ് തുടങ്ങിയ അധിക മൂല്യവർധിത സേവനങ്ങൾക്കൊപ്പം യാത്രാസുഖം വര്‍ദ്ധിപ്പിക്കുകയാണ് പൈലറ്റ്‌ പദ്ധതിയുടെ ലക്ഷ്യമെന്ന് റെയിൽവേ ബോർഡ് കുറിപ്പിൽ പറഞ്ഞു. 

റഷ്യൻ കൺസോർഷ്യവും ആർവിഎൻഎല്ലും ചേർന്നു നിർമിക്കുന്ന വന്ദേഭാരത് സ്ലീപ്പറിന്റെ ഡിസൈൻ.
റഷ്യൻ കൺസോർഷ്യവും ആർവിഎൻഎല്ലും ചേർന്നു നിർമിക്കുന്ന വന്ദേഭാരത് സ്ലീപ്പറിന്റെ ഡിസൈൻ.

പുതിയ സ്കീമിന് കീഴിൽ, റെയിൽ‌വേ യാത്രക്കാർക്കു തുടക്ക, ലക്ഷ്യസ്ഥാനങ്ങളിലെ സ്റ്റേഷനുകളിൽ ക്യാബ് അറൈവൽ/ഡിപ്പാർച്ചർ, വീൽചെയർ, ബഗ്ഗി ഡ്രൈവ് അസിസ്റ്റൻസ് തുടങ്ങിയ സഹായസേവനങ്ങൾ നൽകും. ഡാറ്റാ സംരക്ഷണം, പ്രക്ഷേപണം, ബൗദ്ധിക സ്വത്തവകാശം മുതലായവയുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് അനുസൃതമായി ഗുണനിലവാരമുള്ള ഉള്ളടക്കത്തിന്‍റെ തടസങ്ങളില്ലാത്ത സംപ്രേക്ഷണം ഓൺ ബോർഡ് ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം ഉറപ്പാക്കും. 

ഓൺബോർഡ് ശുചിത്വത്തിനും റെയിൽവേ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. വൈഎസ്എ നടപ്പിലാക്കുന്നതിനായി കാറ്ററിങ്, ഹൗസ് കീപ്പിങ് മുതലായവയിൽ, മികച്ച ട്രാക്ക് റെക്കോർഡുള്ള ഒരു കരാറുകാരനെയായിരിക്കും നിയമിക്കുക. ഇയാള്‍ ഓരോ കോച്ചിലും ഹൗസ് കീപ്പിങിനായി ഒരാളെ നിയമിക്കും. ഈ വ്യക്തികള്‍, പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നോ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ സെൽഫ് ഗവൺമെന്‍റിൽ നിന്നോ മറ്റേതെങ്കിലും സർക്കാർ അംഗീകൃത പരിശീലന സ്ഥാപനത്തിൽ നിന്നോ ആതിഥ്യം, ഗൃഹപരിപാലനം എന്നിവയില്‍ പരിശീലനം നേടിയിരിക്കണം.

ചെന്നൈ–മൈസൂർ വന്ദേഭാരത് എക്സ്പ്രസ്. (Photo credit: X/Ministry of Railways)
ചെന്നൈ–മൈസൂർ വന്ദേഭാരത് എക്സ്പ്രസ്. (Photo credit: X/Ministry of Railways)

മറ്റൊരു പ്രധാന പ്രത്യേകത, ഇതിന്‍റെ എക്സ്ക്ലൂസീവ് ഫുഡ് മെനുവാണ്. ന്യായമായ നിരക്കില്‍ പ്രീ പെയ്ഡ് ഓണ്‍ ബോര്‍ഡ് ഡെലിവറിയും ലാ കാര്‍ട്ടെ സേവനങ്ങളും ലഭ്യമാക്കും. സിസിടിവി, ക്യുആർ കോഡുള്ള ഫുഡ് പായ്ക്കുകൾ എന്നിവയുള്ള ഐഎസ്ഒ സർട്ടിഫൈഡ് ബേസ് കിച്ചണുകളിൽ നിന്നായിരിക്കും ഭക്ഷണം തയാറാക്കുക. ട്രെയിനില്‍ ഓർഡർ ചെയ്യുന്നതിനു പുറമേ, യാത്രക്കാർക്കു ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തോ യാത്രി സേവ ആപ്പ് വഴിയോ പ്രീപെയ്ഡ് ഭക്ഷണം ഓർഡർ ചെയ്യാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. പോത്തിറച്ചിയും പന്നിയിറച്ചിയും ഒരു തരത്തിലും ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കാൻ പാടില്ല എന്നും നിര്‍ദ്ദേശമുണ്ട്.

സേവനത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാൻ, വൈഎസ്എ മാനേജർ ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരിയായിരിക്കണം എന്ന് നിര്‍ദ്ദേശം വച്ചിട്ടുണ്ട്. കൂടാതെ, ഭക്ഷണ പാനീയ സേവനങ്ങൾക്കായി നിയമിക്കുന്ന ആളുകളില്‍ കുറഞ്ഞത് ഒരാളെങ്കിലും ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്‌മെന്‍റ്, കാറ്ററിങ്ങ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദമോ ഡിപ്ലോമയോ നേടിയവരാകണം. അവരുടെ പേയ്‌മെന്റുകളും രേഖകളും സമയാസമയങ്ങളിൽ റെയിൽവേ പരിശോധിക്കും. 

യാത്രയുമായി ബന്ധപ്പെട്ട അവശ്യവസ്തുക്കളുടെ ഓണ്‍ ബോര്‍ഡ് വില്‍പ്പനയും ഉണ്ടാകും. നിയമപ്രകാരം നിരോധിക്കപ്പെട്ടവ ഒഴികെ മറ്റേതെങ്കിലും ഉൽപ്പന്നം വിൽക്കാനുള്ള സ്വാതന്ത്ര്യവും കരാറുകാരന് ഉണ്ടായിരിക്കും. പുകയില ഉൽപന്നങ്ങളുടെയും ലഹരിപാനീയങ്ങളുടെയും വിൽപ്പന ഉണ്ടാകില്ല.

ചെന്നൈ-മൈസൂർ, ചെന്നൈ-തിരുനെൽവേലി, ചെന്നൈ-കോയമ്പത്തൂർ, തിരുവനന്തപുരം-കാസർകോട്, ചെന്നൈ-വിജയവാഡ എന്നീ റൂട്ടുകളിലാണ് ദക്ഷിണ റെയിൽവേയിൽ വന്ദേഭാരത് ട്രെയിനുകള്‍ ഓടുന്നത്. ആറാമത്തെ പാത ഏതായിരിക്കുമെന്ന് വ്യക്തമല്ല.

English Summary:

Vande Bharat, Indian Railways' plan to provide flight-like services under Yatri Seva Anubandh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com