ADVERTISEMENT

വിദേശത്തുള്ള വെഡ്ഡിങ് ഡെസ്റ്റിനേഷനുകളില്‍ വച്ച് വിവാഹം നടത്തുന്ന പ്രവണത ഇക്കാലത്ത് ചെറുപ്പക്കാര്‍ക്കിടയില്‍ കൂടിവരുന്നുണ്ട്. ആഡംബരം നിറഞ്ഞ ഇത്തരം വിവാഹങ്ങള്‍ ഇന്ത്യയില്‍ത്തന്നെ നടത്തിയാല്‍ അത് നമ്മുടെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ മുതല്‍ക്കൂട്ടാകുമെന്ന് ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി, മന്‍ കി ബാത്തില്‍ പറയുകയുണ്ടായി. വിദേശരാജ്യങ്ങളെ വെല്ലുന്ന മനോഹാരിതയുള്ള ഒട്ടേറെ ഇടങ്ങള്‍ ഇന്ത്യയില്‍ത്തന്നെയുള്ളപ്പോള്‍, ലക്ഷങ്ങള്‍ ചെലവാക്കി എന്തിന് വിദേശത്ത് പോകണം? സ്വപ്നതുല്യമായ വിവാഹത്തിന് ഇന്ത്യയില്‍ത്തന്നെ തിരഞ്ഞെടുക്കാവുന്ന ചില മനോഹര ഇടങ്ങള്‍ ഇതാ...

Image Credit : rikynjairesort
Image Credit : rikynjairesort

റി കിഞ്ചായ്, മേഘാലയ

മലകളാല്‍ ചുറ്റപ്പെട്ട ഒരു തടാകതീരത്ത്, മനോഹരവും ശാന്തവുമായ ഒരു വിവാഹമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ മേഘാലയയിലെ റി കിഞ്ചായിയിലേക്ക് പോരൂ! പൈന്‍ വനങ്ങള്‍ അതിരിടുന്ന നാല്‍പ്പതേക്കര്‍ സ്ഥലത്ത്, ഉമിയം തടാകത്തിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന റി കിഞ്ചായി സ്വപ്നതുല്യമായ വിവാഹത്തിന്‌ അരങ്ങൊരുക്കുന്നു. പുല്‍ത്തകിടിയും ചുറ്റുമുള്ള കുന്നുകളും സൂര്യാസ്തമയക്കാഴ്ചയുമെല്ലാം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തം കൂടുതല്‍ മനോഹരമാക്കും. വിവാഹവേദിക്കായി ഇവിടെയുള്ള സാവോ അയോം എന്ന ഹോട്ടലില്‍ പ്രത്യേക സൗകര്യങ്ങളുണ്ട്‌.

ഗ്ലെൻബേൺ ടീ എസ്റ്റേറ്റ്, പശ്ചിമ ബംഗാൾ

സ്വര്‍ണ്ണവെയില്‍ത്തിളക്കത്തില്‍ പൊന്നു പോലെ തിളങ്ങുന്ന തേയിലത്തലപ്പുകള്‍ക്കിടയില്‍ നിന്ന് പ്രിയപ്പെട്ട ആളെ സ്വന്തമാക്കുന്നതിനെക്കാള്‍ മനോഹരമായി എന്തുണ്ട്? ഡാർജിലിങിലെ നൂറ് ഏക്കർ തേയിലത്തോട്ടത്തിൽ, ഒരു കുന്നിൻ മുകളിലാണ്  ആകർഷകമായ ഗ്ലെൻബേൺ ടീ എസ്റ്റേറ്റ്. മഞ്ഞിന്‍തൊപ്പിയിട്ട കാഞ്ചന്‍ജംഗയുടെ മനോഹരദൃശ്യവും പൂന്തോട്ടങ്ങളുടെ കാഴ്ചയുമെല്ലാം ആസ്വദിക്കാന്‍ ഗ്ലെൻബേൺ ടീ എസ്റ്റേറ്റ് അവസരമൊരുക്കുന്നു. മുന്തിരിത്തോട്ടങ്ങളുമുണ്ട് ചുറ്റും. റുൻഗീത്, റംഗ് ഡംഗ് നദികൾ ഈ പ്രദേശത്ത് കൂടി ഒഴുകുന്നു. ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് നിർമ്മിച്ച വലിയൊരു ബംഗ്ലാവുണ്ട് ഈ എസ്റ്റേറ്റിനുള്ളില്‍, ഇവിടെ അതിഥികള്‍ക്ക് താമസിക്കാം.

Image Credit : Glenburnteaestate
Image Credit : Glenburnteaestate

സുല വിന്‍യാര്‍ഡ്സ്, മഹാരാഷ്ട്ര

മനോഹരമായ ഒന്നര ഏക്കര്‍ മുന്തിരിത്തോട്ടത്തിനു നടുവിലായാലോ കല്യാണം? നാസിക്കിലെ സുല വിൻയാർഡ്‌സില്‍ ലൈറ്റുകൾ, ലോഞ്ച് ഏരിയ, ആംഫി തിയേറ്റർ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുള്ള ഒരു സമ്പൂർണ്ണ ഇവന്റ് സ്‌പെയ്‌സ് തന്നെ ഒരുക്കിയിട്ടുണ്ട്. കൂടാതെ വധൂവരന്മാര്‍ക്കായി വിവാഹത്തിനു മുന്നേ സ്പാ, വൈന്‍ ടൂര്‍ എന്നിവ ഉള്‍പ്പെടെ പ്രീ വെഡ്ഡിങ് പാക്കേജുകളുണ്ട്.

Image Credit : sulavineyards
Image Credit : sulavineyards

ഡിഫ്ലു റിവർ ലോഡ്ജ്, ആസാം

ഹരിതമനോഹരമായ കാസിരംഗ ദേശീയോദ്യാനത്തിന്‌ നടുവില്‍ ഒരുക്കിയ വേദിയില്‍ വച്ച് വിവാഹിതരായാല്‍ എങ്ങനെയുണ്ടാകും? അങ്ങനെയൊരു അവസരമാണ് ആസാമിലെ ഡിഫ്ലു റിവർ ലോഡ്ജ് ഒരുക്കുന്നത്. ചെറിയ വിവാഹങ്ങള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. വില്യം രാജകുമാരനും കേംബ്രിഡ്ജിലെ ഡച്ചസായ കാതറിനും അവധിക്കാലം ചിലവിട്ട റിസോര്‍ട്ടാണിത്. മുളങ്കാടും നദീതീരവും കൂടാതെ, മുളകൊണ്ടുള്ള കോട്ടേജുകളും മനോഹരമായ നടപ്പാലങ്ങളും അലങ്കരിച്ച വിശ്രമ മുറികളുമെല്ലാമായി പ്രാദേശിക കരകൗശല വിദഗ്ധരുടെ അതുല്യമായ കഴിവ് എങ്ങും കാണാം. 

Image Credit : diphluriverlodge
Image Credit : diphluriverlodge

ലക്ഷ്മൺ സാഗർ, രാജസ്ഥാൻ

രാജകീയമായ വിവാഹങ്ങള്‍ക്ക് പേരുകേട്ടതാണ് രാജസ്ഥാന്‍. സാധാരണയായി ആഡംബര വിവാഹങ്ങള്‍ അരങ്ങേറുന്ന വമ്പന്‍ വേദികള്‍ക്ക് പുറമേ, അധികമാരും അറിയാത്ത ഒട്ടേറെ ഇടങ്ങള്‍ ഇവിടെ ഉള്‍പ്രദേശങ്ങളിലുണ്ട്. അത്തരത്തില്‍ ഒന്നാണ് റായ്പൂരിലെ ലക്ഷ്മൺ സാഗർ ലോഡ്ജ്.  മനുഷ്യനിർമിത തടാകത്തിന് സമീപം 32 ഏക്കറിൽ പരന്നുകിടക്കുന്ന ലക്ഷ്മൺ സാഗർ പത്തൊൻപതാം നൂറ്റാണ്ടിൽ കടുവകളെയും മറ്റ് മൃഗങ്ങളെയും വേട്ടയാടുന്നതിനായി നിര്‍മ്മിച്ചതാണ്. ഇവിടെ ഇപ്പോള്‍ വിവാഹത്തിനും ഹണിമൂണിനുമെല്ലാം അനുയോജ്യമായ രീതിയില്‍ ആധുനികവല്‍ക്കരിച്ചിട്ടുണ്ട്.

Image Credit : Lakshman Sagar resort Rajasthan
Image Credit : Lakshman Sagar resort Rajasthan

ഡെസ്റ്റിനി ഫാം സ്റ്റേ, തമിഴ്‌നാട്

പച്ചവിരിച്ച മലനിരകള്‍ക്കു നടുവിലെ മനോഹരമായ ഒരു ഫാമിനുള്ളിലായാലോ വിവാഹം? നീലഗിരിയില്‍, ഊട്ടി ടൗണിൽ നിന്ന് 28 കിലോമീറ്റർ അകലെയുള്ള ഈ ഫാംസ്റ്റേയായ ഡെസ്റ്റിനി അതിനുള്ള അവസരമാണ് ഒരുക്കുന്നത്.  രുചികരമായ വിഭവങ്ങള്‍ വിളമ്പുന്ന ഡൈനിങ് റസ്റ്റോറന്റുകളും ഗംഭീരമായ കോൺഫറൻസ് ഹാളും ശാന്തമായ തടാകവുമെല്ലാമുള്ള ഈ സ്വപ്നതുല്യമായ ഫാമില്‍ ഗൈഡഡ് ട്രെക്കുകൾ, കുതിരസവാരി, മീൻപിടുത്തം, റാപ്പലിങ്, സിപ്‌ലൈനിങ്, ഡേ ക്യാംപിങ് തുടങ്ങിയ വിനോദങ്ങളും ആസ്വദിക്കാം. വധൂവരന്മാര്‍ക്കായി, സ്പാ, മസാജുകള്‍ തുടങ്ങിയവയുമുണ്ട്. വിവാഹം കഴിഞ്ഞ് ഹണിമൂണ്‍ കൂടി ആഘോഷിച്ചിട്ടു പോകാനുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്!

Image Credit : Destiny farm resort
Image Credit : Destiny farm resort
English Summary:

Best Wedding Destinations In India For The Year 2023!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com