ഉത്തരവാദിത്ത ടൂറിസം; ലോകത്തിനു മുന്നിൽ കേരളത്തിന് അഭിമാനിക്കാം
Mail This Article
ലോകത്തിനു മുന്നില്‍ വീണ്ടും കേരളത്തിന്റെ അഭിമാനമായി ഉത്തരവാദിത്ത ടൂറിസം. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന്(UNWTO) കൂടുതല്‍ പഠിക്കാന്‍ തിരഞ്ഞെടുത്ത വിനോദ സഞ്ചാര മാതൃകകളില്‍ ഉത്തരവാദിത്ത ടൂറിസവും ഇടം പിടിച്ചു. എട്ടു രാജ്യങ്ങളില്‍ നിന്നുള്ള പദ്ധതികളാണ് യുഎന്‍ഡബ്ല്യുടിഒ പട്ടികയില്‍ ഉള്‍പെട്ടിരിക്കുന്നത്. വിനോദ സഞ്ചാരവും പ്രാദേശിക സമൂഹ വികസനവും ഒരു നാണയത്തിന്റെ ഇരുവശങ്ങളായുള്ള പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം.
ഒരു സുസ്ഥിര വികസന മാതൃകയെന്ന നിലയില്‍ കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രാധാന്യം യുഎന്‍ഡബ്ല്യുടിഒ എടുത്തു പറയുന്നുണ്ട്. പ്രാദേശിക സാമൂഹ്യ വികസനത്തിന് വിനോദ സഞ്ചാരത്തെ ഉപയോഗിക്കുന്നതുവഴി ദാരിദ്ര്യനിര്‍മാര്‍ജനവും സ്ത്രീ ശാക്തീകരണവും സാധ്യമാക്കുന്ന പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. കര്‍ഷകര്‍ക്കു മികച്ച ജീവിതസാഹചര്യവും വരുമാനവും പാരമ്പര്യ കൈതൊഴിലുകള്ക്ക് കൂടുതല്‍ സഹായങ്ങള്‍ വനിതകളുടെ കൂടുതല്‍ സംരംഭങ്ങള്‍ എന്നിങ്ങനെ വിനോദ സഞ്ചാരം വഴി ഒരു നാടിന്റെ തന്നെ വികസനം സാധ്യമാക്കുകയാണ് ഉത്തരവാദിത്ത ടൂറിസം ലക്ഷ്യമിടുന്നത്.
കേരളത്തിലെ ഉത്തരവാദ ടൂറിസത്തിനൊപ്പം മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു പദ്ധതിയും യുഎന്‍ഡബ്ല്യുടിഒയുടെ വിശദ പഠനത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്. ടഡോബ-അന്ധാരി കടുവ സംരക്ഷണ പദ്ധതിയെയാണ് മഹാരാഷ്ട്രയില്‍ നിന്നും തിരഞ്ഞെടുത്തത്. 1955 ല്‍ സ്ഥാപിതമായ തഡോബ ദേശീയ പാര്‍ക്ക് ഇന്ത്യയിലെ ആദ്യകാല കടുവാ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ്. ഇന്ത്യക്കു പുറമേ ജര്‍മനി, മെക്സിക്കോ, തുര്‍ക്കി, മൗറീഷ്യസ്, ബ്രസീല്‍, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പദ്ധതികളേയും യുഎന്‍ഡബ്ല്യുടിഒ വിശദ പഠനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിലെ പരിശ്രമങ്ങള്‍ക്ക് രാജ്യാന്തര തലത്തിലുള്ള അംഗീകാരങ്ങള്‍ ലഭിക്കുന്നതിലുള്ള സന്തോഷമുണ്ടെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. കൂടുതല്‍ മേഖലകളിലേക്ക് ഉത്തരവാദിത്ത ടൂറിസം മാതൃക വികസിപ്പിക്കാന്‍ ഈ രാജ്യാന്തര അംഗീകാരം സഹായിക്കുമെന്നു ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. ഫെബ്രുവരിയില്‍ ആദ്യത്തെ ഉത്തരവാദിത്ത ടൂറിസത്തിന്റെ രാജ്യാന്തര സമ്മേളനം നടക്കാനിരിക്കെ ലഭിച്ച യുഎന്‍ഡബ്ല്യുടിഒ അംഗീകാരം കേരളത്തിന്റെ വിനോദസഞ്ചാരത്തിന്റെ നാഴികക്കല്ലായാണ് കേരള ടൂറിസം ഡയറക്ടര്‍ പിബി നൂഹ് വിശേഷിപ്പിച്ചത്.
കേരളത്തിന്റെ തനതായ ജീവിതവും ഭക്ഷണവും കാലാവസ്ഥയും പ്രകൃതിയുമൊക്കെ സഞ്ചാരികളെ അനുഭവിപ്പിക്കാന്‍ ഉത്തരവാദിത്ത ടൂറിസം മാതൃകകള്‍ കൊണ്ട് സാധിക്കുന്നു. സാംസ്ക്കാരിക പൈതൃകവും പ്രകൃതി ഭംഗിയും നില നിര്‍ത്തിക്കൊണ്ടുതന്നെ കേരളത്തിന്റെ പല ഭാഗത്തും ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മാതൃകയാണ് കുമ്പളങ്ങി വിനോദസഞ്ചാര ഗ്രാമം. ഇന്ത്യയിലെ തന്നെ ആദ്യ പ്രകൃതി സൗഹൃദ ഗ്രാമമാണിത്. കൊച്ചിയിലെ കടലോര ഗ്രാമമായ കുമ്പളങ്ങിയിലെത്തുന്ന സഞ്ചാരികള്‍ക്ക് നാട്ടുകാരുടെ വീടുകളില്‍ അതിഥികളായി കഴിയാനും തനതു ഭക്ഷണങ്ങള്‍ ആസ്വദിക്കാനും പരമ്പരാഗത മത്സ്യബന്ധന രീതികള്‍ മനസ്സിലാക്കാനും സാധിക്കുന്നു.
പത്തനംതിട്ടയിലെ ഗവിയാണ് മറ്റൊരു ഉത്തരവാദിത്ത ടൂറിസം മാതൃകയായ വിനോദസഞ്ചാര കേന്ദ്രം. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ട്രക്കിങിനും പക്ഷികളെ നിരീക്ഷിക്കാനും ക്യാമ്പിങിനുമെല്ലാം അവസരമുണ്ട്. പ്രകൃതിയോട് പരമാവധി ഇണങ്ങിയുള്ള വിനോദ സഞ്ചാര രീതികളാണ് ഇവിടെയും പരീക്ഷിക്കുന്നത്. വയനാട്ടിലെ ഉറവ് ഗ്രാമമാണ് മറ്റൊരു ഉത്തരവാദിത്ത ടൂറിസം മാതൃക. മുളകൊണ്ടുള്ള ഉത്പന്നങ്ങളും നാട്ടുകാരുടെ പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതവുമെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പുതിയ അനുഭവമാവുന്നു.