ഏറ്റവും മനോഹര കാഴ്ചകൾ കണ്ട് ഗംഗയിലൂടെ സഞ്ചരിക്കാം
Mail This Article
ഗംഗയെ ഏറ്റവും മനോഹരമായി ആസ്വദിക്കാനുള്ള അവസരമൊരുക്കി ബിഹാര്‍. വൈകാതെ രണ്ട് റോ റോ യാത്രാക്കപ്പലുകള്‍ പുറത്തിറക്കാനാണ് ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനം. കൂടുതല്‍ വിപുലവും വ്യത്യസ്തവുമായ രീതിയില്‍ ഗംഗയിലൂടെയുള്ള യാത്രകള്‍ സഞ്ചാരികള്‍ക്ക് സാധ്യമാക്കുന്നതാണ് ഈ റോ റോ സര്‍വീസുകള്‍. ഭഗല്‍പൂരിലും പട്‌നയിലുമായിരിക്കും റോ റോ സര്‍വീസുകള്‍ ആരംഭിക്കുക.
പട്‌നയില്‍ നിന്നുള്ള റോ റോ സര്‍വീസ് വൈകാതെ തന്നെ ആരംഭിക്കും. അതേസമയം ഭഗല്‍പൂരില്‍ നിന്നുള്ള യാത്രാകപ്പലിന് അനുമതിക്കായി വനംവകുപ്പിനെ സമീപിച്ചിരിക്കുകയാണ്. ഭഗല്‍പൂര്‍ യാത്രാകപ്പല്‍ പോകുന്ന ഭാഗത്താണ് വിക്രംശില ഗംഗാറ്റിക് ഡോള്‍ഫിന്‍ സാന്‍ച്വറി സ്ഥിതി ചെയ്യുന്നത്. സംരക്ഷിത വിഭാഗത്തില്‍ പെടുന്ന ഗംഗയിലെ ഡോള്‍ഫിനുകളുടെ ആവാസവ്യവസ്ഥക്ക് റോ റോ സര്‍വീസ് വഴി കോട്ടം സംഭവിക്കുന്നുണ്ടോ എന്ന പരിശോധനയാണ് വനം വകുപ്പ് നടത്തുന്നത്.
സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ആരംഭിക്കാനിരിക്കുന്ന റോ റോ സര്‍വീസ്. ഒരേ സമയം 300 പേരെ കൊണ്ടുപോകാന്‍ ശേഷിയുള്ളതായിരിക്കും സര്‍വീസ് നടത്തുന്ന യാത്രാകപ്പല്‍. നാലു മുതല്‍ അഞ്ചു വരെ യാത്രകള്‍ ഒരു ദിവസം നടത്തും. പ്രത്യേകം പരിപാടികള്‍ക്ക് യാത്രാ കപ്പല്‍ മുഴുവനായി വാടകക്ക് എടുക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
റോ റോ സര്‍വീസിന്റെ ടിക്കറ്റ് നിരക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. താരതമ്യേന കുറഞ്ഞ നിരക്കായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ബിഹാര്‍ ടൂറിസം വകുപ്പ് ആരംഭിച്ച എംവി ഗംഗാ വിഹാര്‍ എന്ന ഒഴുകുന്ന റസ്റ്ററന്റിൽ 300 രൂപയാണ് ഒരാള്‍ക്ക് നിരക്ക്. രാവിലെ 11, ഉച്ചയ്ക്കു ശേഷം മൂന്ന്, ആറ്, 10 എന്നിങ്ങനെ പല സമയങ്ങളില്‍ എംവി ഗംഗാ വിഹാര്‍ യാത്ര പുറപ്പെടും. ഗാന്ധി ഘട്ടില്‍ നിന്നാണ് 48 പെര്‍ക്ക് സഞ്ചരിക്കാവുന്ന ഈ ഗംഗയില്‍ ഒഴുകുന്ന എ.സി റസ്റ്ററന്റ് യാത്ര ആരംഭിക്കുക.