ADVERTISEMENT

തിബറ്റൻ ബോർഡറിനോട് ചേർന്നു കിടക്കുന്ന ഒരു മലയോര ഗ്രാമമാണ് വടക്കു കിഴക്കൻ സംസ്ഥാനമായ സിക്കിമിലെ ലാച്ചുങ്ങ്. സഞ്ചാരികളെ ഈ ഗ്രാമത്തിലേക്ക് ആകർഷിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ലാച്ചുങ്ങ് നദിയാൽ വിഭജിക്കപ്പെട്ട് കിടക്കുന്ന ഈ ഗ്രാമത്തിന് ചുറ്റും ആപ്പിൾ തോട്ടങ്ങളാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ലാച്ചുങ്ങ് ബുദ്ധിസ്റ്റ് മൊണാസ്ട്രിയാണ് ഈ നാട്ടിലേക്കു സഞ്ചാരികൾ എത്തുന്നതിന്റെ മറ്റൊരു പ്രധാന കാരണം. വടക്കൻ സിക്കിമിലെ തന്നെ ഏറ്റവും പ്രശസ്തമായ ഈ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് നിരവധി സഞ്ചാരികളാണ് ഓരോ വർഷവും എത്തിച്ചേരുന്നത്. എന്നാൽ, ഒക്ടോബറിൽ സിക്കിമിൽ ഉണ്ടായ അപ്രതീക്ഷിത പ്രളയത്തെ തുടർന്ന് ഇങ്ങോട്ടുള്ള യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു, ഇപ്പോൾ മറ്റൊരു പാത തുറന്ന് സഞ്ചാരികളുടെ സ്വാഗതം ചെയ്യുകയാണ് ലാച്ചുങ്ങ്.

A view of the Yumthang valley on the himalayan range with religious flags flying high, Sikkim, India. Image Credit : Arijeet Bannerjee/istockphotos.com
A view of the Yumthang valley on the himalayan range with religious flags flying high, Sikkim, India. Image Credit : Arijeet Bannerjee/istockphotos.com

ഡിസംബർ ഒന്നുമുതലാണ് പ്രദേശം സഞ്ചാരികൾക്കായി വീണ്ടും തുറന്നു കൊടുത്തത്. പ്രദേശത്തേക്കുള്ള പാതയുടെ അറ്റകുറ്റപണി പൂർത്തിയാക്കി. കൂടാതെ, ലാച്ചുങ്ങ് മേഖലയും സഞ്ചാരികളെ സ്വീകരിക്കാൻ തയ്യാറാണ്. ദ്സോംഗു - ഷിപ്പ്ഗയർ വഴിയുള്ള ബദൽ പാതയിലൂടെ സഞ്ചാരികൾക്ക് ലാച്ചുങ്ങിലേക്ക് എത്തിച്ചേരാമെന്ന് ടൂറിസം ആൻഡ് സിവിൽ ഏവിയേഷൻ വകുപ്പ് സെക്രട്ടറി പ്രകാശ് ചേത്രി പറഞ്ഞു.

സഞ്ചാരികൾ അധികമായി യാത്ര ചെയ്യേണ്ടത് 16 - 17 കിലോമീറ്റർ

പ്രളയത്തെ അതിജീവിച്ച ലാച്ചുങ്ങ് സഞ്ചാരികളെ സ്വീകരിക്കാൻ സർവസജ്ജമായിരിക്കുകയാണ്. സിക്കിമിന്റെ വടക്കൻ പ്രദേശമായ ലാച്ചുങ്ങ്  - യംതങ്ങ്  എന്നിവിടങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്തിരിക്കുന്ന സഞ്ചാരികളെ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി പ്രകാശ് ചേത്രി പറഞ്ഞു. അതേസമയം, ബദൽ പാതയായ ദ്സോംഗു - ഷിപ്പ്ഗയർ വഴി ലാച്ചുങ്ങിലേക്ക് എത്തിച്ചേരുന്നവർ അധികമായി 16 - 17 കിലോമീറ്ററോളം സഞ്ചരിക്കണം.

അതേസമയം, ലാച്ചുങ്ങിലേക്ക് പ്രവേശനം അനുവദിച്ചെങ്കിലും ലാച്ചെൻ - ഗുരുദോങ്ങ്മാർ പോയിന്റിലേക്ക് പ്രവേശനം തൽക്കാലമില്ല. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടം അടഞ്ഞു തന്നെ കിടക്കുമെന്ന് ചേത്രി അറിയിച്ചു. ഈ പ്രദേശത്തെ പാതയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒക്ടോബറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വടക്കൻ സിക്കിമിലെ  പട്ടണങ്ങളായ ലാചെൻ, ലാചുങ്ങ്, ചുങ്താങ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ തകർന്നിരുന്നു. ഈ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

Image Credit : gevende/istockphotos.com
Image Credit : gevende/istockphotos.com

ലാച്ചുങ്ങിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്

വടക്കൻ സിക്കിമിലെ ഒരു പ്രദേശമായ ലാച്ചുങ്ങ്, അതിന്റെ പ്രകൃതിഭംഗി കൊണ്ട് തന്നെയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. മഞ്ഞുമൂടിയ കൊടുമുടികളും നിബിഡമായ താഴ്വരകളും ചുറ്റിത്തിരിഞ്ഞ് ഒഴുകുന്ന നദികളും ഒക്കെയാണ് ലാച്ചുങ്ങിന്റെ പ്രധാന ആകർഷണം. ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് അൽപം ശാന്തത അന്വേഷിച്ച് വരുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമായ സ്ഥലമാണ് ഇത്. ലാച്ചുങ്ങിന്റെ സാംസ്കാരിക പൈതൃകത്തിന് മാറ്റു കൂട്ടുന്നതാണ് ഇവിടുത്തെ പ്രകൃതിഭംഗി. ലാച്ചുങ്ങ് തിബറ്റൻ മൊണാസ്ട്രി ഓരോ സഞ്ചാരിക്കും ആത്മീയതയുടെ ഒരു നിറവ് കൂടി ലാച്ചുങ്ങിലേക്കുള്ള യാത്രയിൽ സമ്മാനിക്കുന്നു.

സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ ടീസ്റ്റ നദിയിൽ ജലനിരപ്പ് ഉയർന്നപ്പോൾ (Photo: X/ @ANI)
സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ ടീസ്റ്റ നദിയിൽ ജലനിരപ്പ് ഉയർന്നപ്പോൾ (Photo: X/ @ANI)

വെള്ളപ്പൊക്കത്തെ അതിജീവിച്ച് കൂടുതൽ കരുത്തോടെ

അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കം പ്രദേശത്തെ വിനോദസഞ്ചാര മേഖലയെ ആകെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. എന്നാൽ, അറ്റകുറ്റ പണികൾ പൂർത്തിയാക്കി സഞ്ചാരികളെ സ്വീകരിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു  ലാച്ചുങ്ങ്. പ്രകൃതിഭംഗി ആസ്വദിക്കാനും ഹിമാലയത്തിന്റെ ശാന്തതയിൽ അലിയാനും ലാച്ചുങ്ങ് ഓരോ സ‍ഞ്ചാരിയയും സ്വാഗതം ചെയ്യുന്നു. സൂര്യാസ്തമയത്തിനു ശേഷം നക്ഷത്രങ്ങൾ നിറഞ്ഞ ആകാശവും വെള്ളച്ചാട്ടങ്ങളും പ്രാദേശികമായ ഉത്സവങ്ങളും സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നു. പ്രകൃതിയുടെ ശാന്തതയിൽ അലിഞ്ഞ് സാംസ്കാരിക വൈവിധ്യത്തെ ചേർത്തുപിടിച്ച് സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലാച്ചുങ്ങിലേക്ക് ധൈര്യമായി പോകാം.

English Summary:

Tourists now allowed to visit Lachung.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com