ക്രിസ്മസ് യാത്രയുണ്ടോ? ഇതാ ലോകത്തിലെ ഏറ്റവും സമാധാനമുള്ള 10 രാജ്യങ്ങള്‍
Mail This Article
യുദ്ധവും മനുഷ്യക്കുരുതിയും അക്രമങ്ങളുമുള്ള ഇടങ്ങളിലേക്ക് ആരെങ്കിലും യാത്ര പോകുമോ? ഇല്ല. മനുഷ്യര്‍ക്ക് ഏറ്റവും സമാധാനപരമായി ചുറ്റി നടക്കാന്‍ പറ്റുന്ന സുന്ദരരാജ്യങ്ങളുണ്ട്, ഇക്കൊല്ലത്തെ ലോക സമാധാന സൂചിക നോക്കിയാല്‍ ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യങ്ങള്‍ കാണാം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് (ഐഇപി) തയാറാക്കിയ ഈ പട്ടികയിലെ ആദ്യ പത്തു രാജ്യങ്ങളിൽ ഏഴും യൂറോപ്യൻ മേഖലയിലും ബാക്കി മൂന്നെണ്ണം ഏഷ്യ-പസഫിക്കിലുമാണ്. തുടർച്ചയായ ഒമ്പതാം വർഷവും ലോകസമാധാന സ്കോര്‍ താഴേക്കു പോയി എന്ന കാര്യവും ശ്രദ്ധേയമാണ്. ഇക്കുറി ആഗോള സമാധാനം 0.42% ഇടിഞ്ഞു. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി, ലോകത്ത് ഏറ്റവും സമാധാനപരമായ പത്തു രാജ്യങ്ങള്‍ ചുവടെ.
ഐസ്‌ലാൻഡ്
ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമെന്ന പദവി തുടർച്ചയായി 17-ാം വർഷവും ഐസ്‌ലാൻഡ് നിലനിര്‍ത്തി. ലോകത്ത് ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനവും ഐസ്‌ലാൻഡിനുണ്ട്. എന്നിരുന്നാലും നരഹത്യ നിരക്കിലെ വർദ്ധനവും തീവ്രവാദത്തിന്‍റെ സ്വാധീനവും കാരണം ഇക്കുറി ഐസ്‌ലാൻഡിന്‍റെ സ്കോറില്‍ 4% ഇടിവ് രേഖപ്പെടുത്തി.
ഡെന്മാർക്ക്
കഴിഞ്ഞ തവണത്തേതില്‍ നിന്നും രണ്ടു സ്ഥാനങ്ങള്‍ ഉയര്‍ന്ന്, ഇക്കുറി രണ്ടാം സ്ഥാനം കയ്യടക്കാന്‍ ഡെന്മാര്‍ക്കിനു കഴിഞ്ഞു എന്നതു ശ്രദ്ധേയമാണ്. മുൻവർഷത്തെ സൂചികയിൽ ഡെൻമാർക്ക് നാലാം സ്ഥാനത്തായിരുന്നു . രാജ്യത്തിന്‍റെ ജിഡിപിയുടെ 4% മാത്രമാണ്, ഇവിടെ അക്രമങ്ങള്‍ തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.
അയർലൻഡ്
ഏറ്റവും സമാധാനപരമായ രാജ്യങ്ങളുടെ പട്ടികയിൽ അയർലൻഡ് മൂന്നാം സ്ഥാനത്ത് തന്നെ ഇക്കുറിയും തുടര്‍ന്നു.
ന്യൂസിലാന്‍ഡ്
ആഗോള തലത്തിൽ നാലാം സ്ഥാനത്തെത്തിയ ന്യൂസിലാൻഡ്, ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യവുമാണ്. അക്രമങ്ങള്‍, കുറ്റവാളികളുടെ എണ്ണം, തീവ്രവാദ ആഘാതം തുടങ്ങിയ സൂചകങ്ങളിൽ ന്യൂസിലാൻഡിന് ഇക്കുറി പുരോഗതിയുണ്ട്. എന്നിരുന്നാലും, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്, സിംഗപ്പൂര്‍ അക്രമത്തിനെതിരെ ചെലവഴിക്കുന്ന തുക താരതമ്യേന ഉയർന്നതാണ്.
ഓസ്ട്രിയ
ഏറ്റവും സമാധാനപരമായ അഞ്ചാമത്തെ രാജ്യമായി ഓസ്ട്രിയ ഇക്കുറിയും സ്ഥാനം നിലനിർത്തി. അക്രമത്തിനെതിരെ വളരെ കുറഞ്ഞ തുക മാത്രമാണ് ഇവിടെ ചെലവഴിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
സിംഗപ്പൂർ
ഇക്കുറി മൂന്ന് സ്ഥാനങ്ങൾ മുന്നോട്ടു കയറി സിംഗപ്പൂർ ആറാം സ്ഥാനത്തെത്തി. കൂടാതെ, ഏഷ്യ-പസഫിക് മേഖലയിൽ സിംഗപ്പൂരിനു രണ്ടാം സ്ഥാനമുണ്ട്. സൈനികമേഖലയില്‍ താരതമ്യേന ഉയര്‍ന്ന ചെലവാണ് ഇവിടെയുള്ളത്.
പോർച്ചുഗൽ
ഏറ്റവും സമാധാനപരമായ രാജ്യങ്ങളിൽ, ഇക്കുറിയും പോർച്ചുഗൽ എഴാം സ്ഥാനത്ത് ഉറച്ചുനിൽക്കുന്നു. സൈനികവൽക്കരണത്തില്‍ നാലാമത്തെ സ്ഥാനവുള്ള പോര്‍ച്ചുഗല്‍, യൂറോപ്പിലെ ഏറ്റവും സമാധാനപരമായ അഞ്ചാമത്തെ രാജ്യമാണ്.
സ്ലോവേനിയ
മധ്യ യൂറോപ്പിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക രാജ്യമാണ് സ്ലോവേനിയ. കഴിഞ്ഞ വര്‍ഷത്തെ സൂചികയില്‍ നിന്നും ഒരു റാങ്ക് താഴെപ്പോയ സ്ലോവേനിയ ഇക്കുറി എട്ടാം സ്ഥാനത്താണ്. കൂടാതെ, സൈനികവല്‍ക്കരണത്തില്‍ അഞ്ചാം സ്ഥാനത്താണ് സ്ലോവേനിയ.
ജപ്പാൻ
മുൻവർഷത്തേതിനെക്കാള്‍ ഒരു റാങ്ക് ഉയര്‍ന്ന്, ജപ്പാന്‍ ഒന്‍പതാം സ്ഥാനത്തെത്തി. കൂടാതെ, ഏഷ്യ പസഫിക് മേഖലയിൽ മൂന്നാം സ്ഥാനത്താണ് ജപ്പാന്‍. ചൈനയുമായും ഉത്തരകൊറിയയുമായും അതിര്‍ത്തി പങ്കിടുന്നതിനാല്‍, സ്വയം പ്രതിരോധത്തിനായി വളരെ വലിയ തുകയാണ് ജപ്പാന്‍ ചെലവഴിക്കുന്നത്.
സ്വിറ്റ്സർലൻഡ്
ലോകത്തിലെ ഏറ്റവും സമാധാനപരമായ ആദ്യ 10 രാജ്യങ്ങളിൽ സ്വിറ്റ്‌സർലൻഡുമുണ്ട്. എന്നാല്‍, 2023 ൽ പ്രതിശീർഷ ആയുധ കയറ്റുമതി ഏറ്റവും കൂടുതൽ നടത്തുന്ന രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്‌സർലൻഡ് എന്നതും ശ്രദ്ധേയമാണ്.