പുതിയൊരു ദ്വീപു കൂടി സഞ്ചാരികള്‍ക്കായി തുറന്ന് ആന്‍ഡമാന്‍
Mail This Article
കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പുതിയൊരു ദ്വീപു കൂടി സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്ത് ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപ്. ആന്‍ഡമാനിലെ ആവെസ് ദ്വീപാണ് പുതിയതായി സഞ്ചാരികള്‍ക്കായി തുറക്കുക. തെങ്ങുകള്‍ സമൃദ്ധിയായി ഉള്ളതിനാല്‍ നാളികേര ദ്വീപ് എന്നു വിളിപ്പേരുള്ള ദ്വീപാണ് ആവെസ് ദ്വീപ്. നിലവില്‍ ഇവിടെ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനു വേണ്ട സൗകര്യങ്ങളില്ല. അതിനായി പഞ്ച നക്ഷത്ര ഇക്കോ ടൂറിസം റിസോര്‍ട്ട് തന്നെ തുടങ്ങാനാണ് തീരുമാനം.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ആവെസ് ദ്വീപില്‍ പഞ്ചനക്ഷത്ര ഇക്കോ ടൂറിസം റിസോര്‍ട്ട് തുടങ്ങുക. സജീവമായതും നിര്‍ജീവമായതുമായ നിരവധി പവിഴപ്പുറ്റുകളാല്‍ സമൃദ്ധമാണ് ഈ ദ്വീപിന്റെ തീര പ്രദേശം. തെങ്ങുകളും കാടും രണ്ടു കിലോമീറ്റര്‍ നീളത്തിലുള്ള കടല്‍തീരവും ഈ ദ്വീപിലുണ്ടാവും. ബഹളങ്ങളില്‍ നിന്നും മാറി ശാന്തമായി പ്രകൃതിയോടു ചേര്‍ന്നു കഴിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് ആവെസ് ദ്വീപ്.
ആവെസ് ദ്വീപിലെത്തുന്നവര്‍ക്ക് തെങ്ങു തോട്ടങ്ങളും ചെറിയ വനയാത്രകളും ആസ്വദിക്കാനാവും. ഈ ദ്വീപിന്റെ തെക്കേ മുനമ്പില്‍ ഒരു ലൈറ്റ് ഹൗസും സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടത്തില്‍ നിന്നും ആന്‍ഡമാന്‍ ആൻഡ് നിക്കോബാര്‍ ഐലന്റ്‌സ് ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് വാടകക്കെടുക്കുന്ന 2.75 ഹെക്ടര്‍ സ്ഥലത്തായിരിക്കും പഞ്ചനക്ഷത്ര റിസോര്‍ട്ട് നിര്‍മിക്കുക.
ഡിസൈന്‍ ബില്‍റ്റ് ഫിനാന്‍സ് ഓപറേറ്റ് ട്രാന്‍സ്ഫര്‍(DBFOT) അടിസ്ഥാനത്തിലായിരിക്കും ഈ റിസോര്‍ട്ട് നിര്‍മിക്കുക. ഏതാണ്ട് 36 കോടി രൂപയാണ് ഈ റിസോര്‍ട്ട് നിര്‍മിക്കാനായി ചെലവു കണക്കാക്കുന്നത്. ഈ റിസോര്‍ട്ടില്‍ 50 മുറികള്‍ അതിഥികള്‍ക്കായി നിര്‍മിക്കും. പ്രാദേശിക വിഭവങ്ങളും ഉത്പന്നങ്ങളും വാങ്ങുന്നതിനുള്ള സൗകര്യവും മീന്‍ പിടുത്തവും സ്‌കൂബ ഡൈവിങും ട്രക്കിങും ക്യാംപിങും അടക്കമുള്ളവയും ഇവിടെയുണ്ടാവും.
ആവെസ് ദ്വീപിനു പുറമേയുള്ള മറ്റു വിനോദ സഞ്ചാര സാധ്യതകളേയും പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഡെവലപ്‌മെന്റ് ഓഫ് ഇക്കോ ടൂറിസം പ്രൊജക്ട്‌സ് ഇന്‍ ആന്‍ഡമാന്‍ ഐലന്റ്‌സ് 2023 എന്ന പേരില്‍ തയാറാക്കിയ പദ്ധതിയുടെ ഭാഗമായി 14 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് വികസിപ്പിച്ചെടുക്കുക. ലോങ് ഐലന്‍ഡിലെ ലാലാജി ബേ ബീച്ച്, റോസ് സ്മിത്ത് ഐലന്‍ഡ്, ഷഹീദ് ദ്വീപ്, മധ്യ-തെക്കന്‍ ആന്‍ഡമാനിലെ പ്രദേശങ്ങള്‍ എന്നിവയെല്ലാം ഈ പദ്ധതിയില്‍ ഇടം പിടിച്ചിട്ടുണ്ട്.