ADVERTISEMENT

ജീപ്പില്‍ ഓഫ് റോഡ്‌ ഡ്രൈവ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് നടി ഗായത്രി സുരേഷ്. ഒലിവ് പച്ച നിറമുള്ള ടോപ്പും ജീന്‍സും കൂളിങ് ഗ്ലാസ്സുമണിഞ്ഞ്‌ മരണമാസില്‍ വണ്ടി ഓടിക്കുന്ന വിഡിയോയില്‍ ഒപ്പം കൂട്ടുകാരെയും കാണാം. വട്ടവടയിലേക്കുള്ള യാത്രയാണ് എന്നു വിഡിയോക്കൊപ്പമുള്ള ക്യാപ്ഷനില്‍ ഗായത്രി പറയുന്നുണ്ട്.

idukki-vattavada

രസകരമായ ഒട്ടേറെ കമന്‍റുകളും ട്രോളുകളുമെല്ലാം ഈ വിഡിയോയുടെ അടിയിലുണ്ട്. മുൻപ്, നടി വണ്ടിയോടിച്ചു ഇടിച്ചിട്ടു നിര്‍ത്താതെ പോയ സംഭവമൊക്കെ ട്രോളന്മാര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. "ആ വഴിയെ പോയ ചേച്ചിയെ ഇടിച്ചിട്ട് നിർത്താതെ പോകുമെന്നാണ് കരുതിയത്. അവസാനം ചേച്ചി ഓടിച്ചിട്ട് പിടിച്ചിട്ട്, നീ സീരിയൽ നടി അല്ലേടി...എന്ന് ചോദിക്കുന്നിടത്തു പടം തീരും" എന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്.

ടോപ്പ് സ്റ്റേഷനിലെ മേഘപ്പാടത്തിന്റെ സൂര്യോദയസമയത്തു പകർത്തിയ ദൃശ്യം. കൊളുക്കുമലയാണ് പശ്ചാത്തലത്തിൽ. ചിത്രം: റെജു അർനോൾഡ്
ടോപ്പ് സ്റ്റേഷനിലെ മേഘപ്പാടത്തിന്റെ സൂര്യോദയസമയത്തു പകർത്തിയ ദൃശ്യം. കൊളുക്കുമലയാണ് പശ്ചാത്തലത്തിൽ. ചിത്രം: റെജു അർനോൾഡ്

മഞ്ഞുകാലത്ത് ഓഫ്റോഡ്‌ ഡ്രൈവ് ചെയ്യാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ്, മൂന്നാറില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെയുള്ള വട്ടവട. വൃത്താകൃതിയില്‍, വട പോലെ കിടക്കുന്ന ഈ കൊച്ചുഗ്രാമം ആരെയും കൊതിപ്പിക്കുന്നത്ര സുന്ദരമാണ്. സ്ട്രോബെറിത്തോട്ടങ്ങളും മേഘങ്ങള്‍ പറന്നുനടക്കുന്ന കുന്നിന്‍ചെരിവുകളും കോടമഞ്ഞില്‍ പൊതിഞ്ഞ താഴ്​വരകളും ചാറ്റല്‍മഴയുടെ തലോടലുമെല്ലാം സഞ്ചാരികളെ വീണ്ടും ഇവിടേക്ക് എത്തിക്കും.

മൂന്നാര്‍ ടോപ്‌സ്റ്റേഷനില്‍ നിന്നും മുന്നോട്ടു പോകുമ്പോള്‍ വനം വകുപ്പിന്‍റെ ചെക്ക് പോസ്റ്റുണ്ട്. പരിശോധനകള്‍ക്കു ശേഷം പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിനുള്ളിലൂടെയാണ് ഇവിടെ നിന്നു തുടര്‍ന്നുള്ള ആറു കിലോമീറ്റര്‍ യാത്ര. വൈകുന്നേരം ആറു മണിക്കു മുൻപ് എത്തിയാലേ ഇവിടെ നിന്നും വനത്തിനുള്ളിലേക്കു കടത്തി വിടൂ.  മ്ലാവ്, കരിങ്കുരങ്ങ്, മാനുകള്‍, കാട്ടുപോത്ത്, മലയണ്ണാന്‍, ആനകള്‍ തുടങ്ങി വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാട്ടിലൂടെ പോകുമ്പോള്‍ വഴിയിലെവിടെയും വാഹനം നിര്‍ത്തി ഫോട്ടോയെടുക്കുകയോ ഇറങ്ങി നടക്കുകയോ ചെയ്യരുത് എന്ന് വനം വകുപ്പിന്‍റെ കര്‍ശനമായ നിര്‍ദ്ദേശമുണ്ട്.

ചിത്രം: റെജു അർനോൾഡ് ∙ മനോരമ
കോടമഞ്ഞു നിറഞ്ഞ പഴയ മൂന്നാർ – കൊടൈക്കനാൽ എസ്കേപ് റൂട്ടിന്റെ ദൃശ്യം. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

വട്ടവടയെത്തിയാല്‍, സ്ട്രോബറിയും ശീതകാല പച്ചക്കറികളും വിവിധയിനം പയര്‍വര്‍ഗങ്ങളും വെളുത്തുള്ളിയുമെല്ലാം വിളയുന്ന കൃഷിത്തോട്ടങ്ങള്‍ കാണാം. പ്രാദേശികമായി ഉണ്ടാക്കിയ സ്ട്രോബെറി ജാമും വൈനും ഹോംമെയ്ഡ് ചോക്ലേറ്റും കാട്ടില്‍ നിന്നും ശേഖരിച്ച ശുദ്ധമായ തേനുമെല്ലാം വില്‍ക്കുന്ന കടകളും എങ്ങും കാണാം.

മൂന്നാർ ഗ്യാപ് റോഡ് . ചിത്രം : റെജു അർനോൾഡ്
മൂന്നാർ ഗ്യാപ് റോഡ് . ചിത്രം : റെജു അർനോൾഡ്

ജീപ്പ് സഫാരി, മൗണ്ടന്‍ ബൈക്കിങ്, ജംഗിള്‍ ക്യാംപിങ് തുടങ്ങിയ സാഹസികവിനോദങ്ങള്‍ക്കും ഇവിടെ സൗകര്യമുണ്ട്. അല്‍പ്പം കടുത്ത ട്രെക്കിങ് ചെയ്യാന്‍ ഇഷ്ടമുള്ളവര്‍ക്ക് മീശപ്പുലിമല, കാന്തല്ലൂര്‍, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലേക്ക് കാല്‍നടയായി പോകാം. ഇരവികുളം നാഷണല്‍ പാര്‍ക്ക്, കൊളുക്കുമല, കുറിഞ്ഞിമല, ആനമുടിച്ചോല എന്നിവയും വട്ടവടയ്ക്ക് അടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com