ബ്രസീലിയന്‍ ജീവിതം ശരിയായി അറിയാൻ റോസീന്യയിൽ പോകണം
Mail This Article
ബ്രസീലിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് റിയോ ഡി ജനീറോ. മലകളും കാടും കടല്‍തീരങ്ങളും നിറഞ്ഞ ബ്രസീലിയന്‍ നഗരം. പരന്ന സ്ഥലങ്ങള്‍ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളവര്‍ കയ്യടക്കിയതോടെ മലഞ്ചെരിവുകള്‍ താരതമ്യേന സാമ്പത്തികമായി പിന്നിലുള്ളവരുടെ കേന്ദ്രമായി മാറിയത്. ബ്രസീലുകാര്‍ ഹവേലകളെന്നും നമ്മള് ചേരികളെന്നും വിളിക്കുന്ന നഗരത്തിന്റെ പുറമ്പോക്കുകള്‍ റിയോ ഡി ജനീറോയിലും നിരവധിയാണ്. ബ്രസീലിലെ തന്നെ ഏറ്റവും വലിയ ഫവേലയായ റോസീന്യയും ഇക്കൂട്ടത്തിലുണ്ട്.
റിയോ ഡി ഡനീറോയിലെ തെക്കു ഭാഗത്തായി സാവോ കൊറാഡോ, ഗാവേ ജില്ലകള്‍ക്കിടയിലാണ് റോസീന്യ സ്ഥിതി ചെയ്യുന്നത്. കടല്‍തീരത്തു നിന്നും ഒരു കിലോമീറ്റര്‍ മാത്രം ദൂരെ കുത്തനെയുള്ള മലഞ്ചെരിവിലായുള്ള റോസീന്യയില് രണ്ടു ലക്ഷത്തോളം പേരാണ് താമസിക്കുന്നത്.
ബ്രസീലിയന്‍ ജീവിതം ശരിയായ അറിയണമെങ്കിലും അനുഭവിക്കണമെങ്കിലും റോസീന്യ പോലുള്ള ഫവേലകളിലേക്കു പോവണം. ചേരികളെന്നു പറയുമ്പോള്‍ ഭക്ഷണത്തിനു പോലും വകയില്ലാത്തവര്‍ താമസിക്കുന്ന പ്രദേശങ്ങളാണിതെന്ന് തെറ്റിദ്ധരിക്കരുത്. വെള്ളവും വൈദ്യുതിയും റോഡും സ്കൂളും ബാങ്കും ആശുപത്രിയും അടക്കമുള്ള സൗകര്യങ്ങളുള്ള പ്രദേശങ്ങളാണിത്. റൊസീന്യയിലെ എല്ലാ കെട്ടിടങ്ങളും കോണ്ക്രീറ്റിലാണ് നിര്‍മിച്ചതെന്നു മാത്രമല്ല പലതും ബഹുനിലക്കെട്ടിടങ്ങളുമാണ്.
സന്ദര്‍ശിക്കുന്നവര്‍ക്ക് സാധാരണനിലയില്‍ സുരക്ഷാ പ്രശ്നങ്ങള്‍ അനുഭവപ്പെടാറില്ലെങ്കിലും എവിടെ പോവുമ്പോഴും സ്വീകരിക്കേണ്ട ആവശ്യത്തിനുള്ള മുന്‍കരുതലുകള്‍ നല്ലതാണ്. നൂറുകണക്കിന് എന്‍ജിഒകളും റോസീന്യയില് പ്രവര്‍ത്തിക്കുന്നുണ്ട്. വിനോദസഞ്ചാരം വികസിച്ചതോടെ റോസീന്യയില് ഹോട്ടലുകളും നൈറ്റ് ക്ലബുകളും ഗൈഡുമാരുടെ സഹായത്തിലുള്ള ടൂര്‍ പാക്കേജുകളും വരെ ലഭ്യമാണ്. 2017 ല്‍ പ്രതിദിനം 150 മുതല്‍ 601 വിനോദ സഞ്ചാരികള്‍ വരെ റോസീന്യ സന്ദര്‍ശിച്ചിരുന്നു. 2017 ഒക്ടോബറില്‍ ഒരു സ്പാനിഷ് സഞ്ചാരി ഇവിടെ വച്ച് പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു.
ബ്രസീലിലെ ഏറ്റവും വികസിതമായ ഹവേലകളിലൊന്നാണ് റോസീന്യയിലേത്. ഏതാണ്ട് ഒരു ചതുരശ്ര കിലോമീറ്റര്‍(250 ഏക്കര്‍) മാത്രം വിസ്തൃതിയിലാണ് റോസീന്യ സ്ഥിതി ചെയ്യുന്നത്. ബ്രസീല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് പോകാന്‍ അനുയോജ്യമായ ഹവേലയാണ് റൊസീന്യ. നിങ്ങളുടെ യാത്രയിലെ ഒരു ദിവസം നല്കിയാല് പകരം ജീവിതകാലത്തില്‍ മറക്കാനാവാത്ത ബ്രസീലിയന്‍ അനുഭവം റൊസീന്യ തിരികെ നല്‍കും.