ത്രിപുരയിൽ ടൂറിസം വികസനത്തിനായി 350 കോടി രൂപ; സൗരവ് ഗാംഗുലി അംബാസഡർ
Mail This Article
ക്രിക്കറ്റ് കളിച്ചു നടന്ന കാലത്ത് ബാറ്റും ബോളും കൈയിലേന്തി ഒരുപാട് യാത്ര ചെയ്തിട്ടുള്ളയാളാണ് സൗരവ് ഗാംഗുലി എന്ന 'ഇന്ത്യൻ ക്രിക്കറ്റിന്റെ മഹാരാജാവ്'. എന്നാൽ, ഇപ്പോൾ യാത്രകളുടെ അംബാസഡറായി മാറിയിരിക്കുകയാണ് താരം. ഡിസംബർ 11ന് ത്രിപുരയിൽ എത്തിയ സൗരവ് ഗാംഗുലി ത്രിപുരയുടെ ടൂറിസം അംബാസഡർ ആയി കരാറിൽ ഒപ്പുവച്ചു. അതു മാത്രമല്ല ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളായ സ്മാരകങ്ങളിൽ ടൂറിസം പ്രമോഷണൽ വിഡിയോകൾ ഷൂട്ട് ചെയ്യുകയും ചെയ്തു. ഏതായാലും ഗാംഗുലി ത്രിപുരയുടെ ടൂറിസം അംബാസഡർ ആയത് വലിയ ഗുണം ചെയ്യുമെന്നാണ് ടൂറിസം മന്ത്രി സുശാന്ത ചൗധരി പറഞ്ഞു.
ത്രിപുരയിൽ ടൂറിസം വികസനത്തിനായി 350 കോടി രൂപ
ത്രിപുരയിൽ വിനോദസഞ്ചാര മേഖലയിലെ വികസനത്തിനായി ഏകദേശം 350 കോടി രൂപ ചെലവഴിക്കാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളായ നീർ മഹൽ, ഉനകോടി ആർക്കയോളജിക്കൽ സൈറ്റ്, ഛാബിമുര, ഡംബർ തടാകം, ത്രിപുരേശ്വരി ക്ഷേത്രം എന്നിവിടങ്ങൾ ആയിരിക്കും ടൂറിസം മന്ത്രാലയത്തിന്റെയും വിവിധ സ്കീമുകളുടെയും ഭാഗമായി വികസിപ്പിച്ച് എടുക്കുക. സ്വദേശ് ദർശന്റെ ഭാഗമായി ടൂറിസം മന്ത്രാലയം 70 കോടി രൂപയാണ് അഗർത്തല - ഉനകോടി പരിധിയിലുള്ള വിനോദസഞ്ചാര വികസനത്തിനായി വകയിരുത്തിയിരിക്കുന്നത്. ഛബിമുരയിലെ വികസനത്തിനായി ഏകദേശം 58 കോടി രൂപയാണ് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കും വകയിരുത്തിയിരിക്കുന്നത്.
നീർമഹൽ പാലസും ഉനകോടിയും
വേനൽക്കാല വസതിയായി പണി കഴിപ്പിച്ച കൊട്ടാരമാണ് നീർമഹൽ പാലസ്. രുദ്രാസാഗർ തടാകത്തിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. മഹാരാജ ബിർ ബിക്രം മാണിക്യ ബഹദുറിന്റെ ആശയമായിരുന്നു തടാകത്തിൽ ഈ മനോഹരമായ കൊട്ടാരം പണി കഴിപ്പിക്കുകയെന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തടാക കൊട്ടാരങ്ങളിൽ ഒന്നാണ് നീർമഹൽ പാലസ്. ത്രിപുരയിലെ ഉനകോടി ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഉനകോടി. ഹൈന്ദവ ദൈവങ്ങളെ ചിത്രീകരിക്കുന്ന പാറക്കെട്ടുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. എട്ട് - ഒമ്പത് നൂറ്റാണ്ടുകളിൽ ഇവിടെ ശൈവ ആരാധനയുണ്ടെന്നു തെളിയിക്കുന്ന തെളിവുകൾ ഉനകോടിയിൽ നിന്നു ലഭിച്ചിട്ടുണ്ട്.
സൗരവ് ഗാംഗുലി ടൂറിസം അംബാസഡർ ആയി എത്തുന്നതോടെ ത്രിപുരയിലെ വിനോദസഞ്ചാര മേഖല കൂടുതൽ ശ്രദ്ധയാകർഷിക്കും. കൂടാതെ, സർക്കാർ കോടികൾ മുടക്കി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വലിയ വികസനപ്രവർത്തനങ്ങൾ നടത്തുക കൂടി ചെയ്യുന്നതോടെ ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽ ത്രിപുര കൃത്യമായ അടയാളപ്പെടുത്തൽ നടത്തുമെന്ന് പ്രതീക്ഷിക്കാം.