ഇന്ത്യയിലെ ആദ്യത്തെ ജിറോകോപ്റ്റർ സഫാരിക്കൊരുങ്ങി ഉത്തരാഖണ്ഡ്
Mail This Article
യാത്ര എന്നാൽ ചിലർക്കു സാഹസികതയാണ്. എന്തെങ്കിലും സാഹസികമായി ചെയ്തില്ലെങ്കിൽ ഒരു ത്രിൽ ഉണ്ടാകില്ല. അത്തരക്കാരെ മാത്രം ഉദ്ദേശിച്ചുള്ളതാണ് അഡ്വെഞ്ചർ ടൂറിസം. കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ഇത്തരം സാഹസിക യാത്രികരെ കാത്ത് നിരവധി വിനോദങ്ങളാണ് കാത്തിരിക്കുന്നത്. എന്നാൽ, പതിവു സാഹസിക രീതികളിൽ നിന്നെല്ലാം മാറി ഒരു പടി കൂടി കടന്നിരിക്കുകയാണ് ഉത്തരാഖണ്ഡ്. ജിറോകോപ്ടർ സഫാരിക്ക് ഒരുങ്ങുകയാണ് ഉത്തരാഖണ്ഡ്. ഇന്ത്യയിലെ ആദ്യത്തെ തന്നെ ജിറോകോപ്റ്റർ സഫാരിക്കാണ് ഉത്തരാഖണ്ഡ് തയാറെടുക്കുന്നത്.
ഉത്തരാഖണ്ഡിലെ നിക്ഷേപക സമ്മിറ്റിന്റെ ടൂറിസം സെഷനിൽ ആണ് ഇക്കാര്യം ഉയർന്നു വന്നത്. ഏതായാലും പുതിയ പദ്ധതി എത്തുന്നതോടെ ഹിമാലയൻ മലനിരകളുടെ സൗന്ദര്യം ആസ്വദിച്ച് സഞ്ചാരികൾക്ക് പറക്കാം. അതേസമയം, ഈ സേവനം ഇന്ത്യയിൽ മാത്രമല്ലെന്നും ദക്ഷിണേഷ്യ മുഴുവനായും ഉണ്ടാകുമെന്നും ജിറോകോപ്ടർ സഫാരിക്ക് മേൽനോട്ടം വഹിക്കുന്ന സ്വകാര്യ കായിക കമ്പനിയുടെ സി ഇ ഒ മനിഷ് സയിനി പറഞ്ഞു. ഈ മാസം അവസാനത്തോടെ ജിറോകോപ്റ്റർ പറന്നു തുടങ്ങും. വിനോദസഞ്ചാര മേഖലയിൽ തന്നെ വലിയ മാറ്റങ്ങൾക്കായിരിക്കും ഇതിലൂടെ വഴി തുറക്കുക.
ഒരു ചെറിയ ഹെലികോപ്റ്റർ പോലെ ആയിരിക്കും ജിറോകോപ്റ്റർ. 2014 മുതൽ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ ഋഷികേശിൽ എയർ സഫാരി നടത്തുന്നുണ്ടെന്നു സയിനി പറഞ്ഞു. ഋഷികേശിൽ നിന്നാണ് ജിറോകോപ്റ്റർ സഫാരി തുടങ്ങുക. ഋഷികേശിൽ നിന്ന് ആരംഭിക്കുന്ന ജിറോകോപ്ടർ സഫാരി വളരെ മനോഹരമായ ഒരു പ്രകൃതിദൃശ്യം ആയിരിക്കും സഞ്ചാരികൾക്കു നൽകുക.
തീർത്ഥാടനത്തിന് ഒപ്പം സാഹസിക വിനോദങ്ങളുമായി ഉത്തരാഖണ്ഡ്
തീർത്ഥാടനത്തിന് ഒപ്പം സാഹസിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ ഉത്തരാഖണ്ഡ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സംസ്ഥാന ടൂറിസം മന്ത്രി സത്പാൽ മഹാരാജ് ഇക്കാര്യം സമ്മിറ്റിൽ വ്യക്തമാക്കുകയും ചെയ്തു. വിനോദസഞ്ചാരികൾക്കു തടസങ്ങളില്ലാതെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനും യാത്രകൾ സുഗമമാക്കാനുമുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആദി കൈലാസും ഓം പർവതും ശിവ നഗരി ആയും കോർബറ്റും സിതാബനിയും ഒരു അനിമൽ കിങ്ഡം ആയും വികസിപ്പിക്കാൻ പദ്ധതികളുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
സ്ത്രീ സഞ്ചാരികൾക്ക് സുരക്ഷിത കേന്ദ്രം
സ്ത്രീ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിത സ്ഥലമായി ഉത്തരാഖണ്ഡ് അംഗീകരിക്കപ്പെട്ട് കഴിഞ്ഞെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി സച്ചിൻ കുർവെ വ്യക്തമാക്കി. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ജി ഡി പിക്ക് വലിയ സംഭാവനയാണ് സംസ്ഥാനം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, സംസ്ഥാനത്തെ ആസ്ട്രോ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് സ്റ്റാർ സ്കേപ് സ്ഥാപകൻ രമാഷിഷ് റേ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനെ തൊഴിലവസരവും വരുമാനവും സൃഷ്ടിക്കുന്നതിനുള്ള ഒരു സ്രോതസായി വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഋഷികേശും നൈനിറ്റാളും മസൂറിയും ജിം കോർബറ്റ് നാഷണൽ പാർക്കും ഹരിദ്വാറും കേദാർ നാഥും ബദ്രിനാഥും തുടങ്ങി വലിയ വിസ്മയങ്ങളാണ് ഉത്തരാഖണ്ഡിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. വിശ്വാസികളെയും സഞ്ചാരികളെയും ഒരു പോലെ ആകർഷിക്കുന്ന പ്രദേശമാണ് ഉത്തരാഖണ്ഡ്. ജിറോകോപ്ടർ പോലുള്ള ആധുനിക സൗകര്യങ്ങൾ ഉത്തരാഖണ്ഡിന്റെ വിനോദസഞ്ചാര മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.