ADVERTISEMENT

കല്യാണവീട്ടിൽ ദിവസങ്ങൾക്കു മുൻപ് ഉയരുന്ന നാടൻ പന്തലുകൾ. വീട്ടുകാരും കൂട്ടുകാരും അയൽക്കാരും വട്ടം ചേർന്നിരുന്നു കല്യാണസദ്യ ഒരുക്കുന്ന ബഹളങ്ങൾ. നിറപറയും തെങ്ങിൻ പൂക്കുലയും നിലവിളക്കും നിറഞ്ഞു നിൽക്കുന്ന കല്യാണ മണ്ഡപങ്ങൾ. അലങ്കാരമായി ഞൊറിഞ്ഞുപിടിപ്പിക്കുന്ന സാരികൾ. തൊടിയിൽ നിന്നു വെട്ടിയെടുത്ത വാഴയിലയിൽ ഊണ്. സൊറ പറഞ്ഞും കുശലം പറഞ്ഞും അവസാനിക്കുന്ന കല്യാണ ആഘോഷങ്ങൾ. ചുരുക്കത്തിൽ ഒരു നാടിന്റെ തന്നെ ഒത്തു ചേരലായിരുന്ന കല്യാണങ്ങൾ.

Image Credit : wandee007/istockphoto
Image Credit : wandee007/istockphoto

പതിയെ പതിയെ ആ കല്യാണങ്ങൾ സമീപത്തെ ഹാളുകളിലേക്കു മാറി. കല്യാണത്തിന് ഭക്ഷണം ഒരുക്കാൻ കുറച്ച് ആളുകൾ മാത്രം ഒരുമിച്ച് കൂടി. പിന്നെ കല്യാണവേദി ഓഡിറ്റോറിയത്തിലേക്കും കൺവെൻഷൻ സെന്ററുകളിലേക്കും മാറി. വിരുന്നുകാർ സമയമാകുമ്പോൾ മാത്രം എത്തിയാൽ മതി. സ്റ്റാർട്ടറും കൂൾ ഡ്രിങ്ക്സും ചായയും കാപ്പിയും കടികളും കല്യാണ സദ്യയുമൊക്കെ ഒരുക്കാൻ കാറ്ററിങ് യൂണിറ്റുകൾ റെഡി. മണ്ഡപം അലങ്കരിക്കാനും അതിഥികളെ സ്വീകരിക്കാനും ഇവന്റ് മാനേജ്മെന്റുകാരും റെഡി. നാലു ചുവരുകൾക്കുള്ളിൽ വലിയ ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന ഈ കല്യാണങ്ങൾ ഇനി പഴങ്കഥയാകുമോ എന്നാണ് അറിയേണ്ടത്.  കാരണം, പാശ്ചാത്യ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിങിനു കേരളത്തിലും ഡിമാൻഡ് കൂടുകയാണ്. സർക്കാർ കൂടി ഈ മേഖലയിലേക്ക് മുന്നിട്ടിറങ്ങിയതോടെ യുവത്വത്തിന് ഇടയിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ് വൻ പ്രചാരം നേടിയിരിക്കുകയാണ്.

ശംഖുമുഖത്ത് കേരള സർക്കാരിന്റെ വെഡ്ഡിങ്ങ് ഡെസ്റ്റിനേഷൻ

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലാണ് തിരുവനന്തപുരം ശംഖുമുഖത്തുള്ള വെഡ്ഡിങ്ങ് ഡെസ്റ്റിനേഷൻ. ശംഖുമുഖം ബീച്ചിനോടു ചേർന്നുള്ള ബീച്ച് പാർക്കിൽ എ ഐ ഗെയിമുകളും കോഫി സ്നാക്ക് സെന്ററുകളും ത്രീഡി ലൈറ്റിങ്ങുമെല്ലാം സജ്ജീകരിച്ചാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ് കേന്ദ്രം ഒരുക്കിയത്. കടൽക്കാറ്റിന്റെ ചെറുതണുപ്പിൽ, ആകാശത്തിലെ നക്ഷത്രങ്ങളെ സാക്ഷിയാക്കി പ്രിയപ്പെട്ടയാളെ ജീവിതപങ്കാളിയാക്കുമ്പോൾ അത് എന്നേക്കും സുഖമുള്ള ഒരു ഓർമ കൂടിയായി മാറുകയാണ്. കഴിഞ്ഞയിടെ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ശംഖുമുഖത്തെ വെഡ്ഡിങ്ങ് ഡെസ്റ്റിനേഷനിൽ ആദ്യവിവാഹം നടന്നു. അനഘയും റിയാസും ആണ് ഇവിടെ ജീവിതം തുടങ്ങിയ ആദ്യ പങ്കാളികൾ. ഏതായാലും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന് വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്.  ശംഖുമുഖത്ത് ഇതിനകം നിരവധി ബുക്കിങ്ങുകളാണ് ലഭിച്ചിരിക്കുന്നത്.

വെഡ്ഡിങ്ങ് ഡെസ്റ്റിനേഷൻ ഒരുക്കി സ്വകാര്യ റിസോർട്ടുകളും

ഏതായാലും യുവത്വത്തിന് ഇടയിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ് ട്രെൻഡ് ആയതോടെ സ്വകാര്യ റിസോർട്ടുകളും ഈ സൗകര്യം ഒരുക്കിത്തുടങ്ങിയിട്ടുണ്ട്. വർക്കല ബീച്ചിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ് ആയിരുന്നു ആകാശും റിബനും തങ്ങളുടെ പ്രണയയാത്ര തുടങ്ങാൻ തിരഞ്ഞെടുത്തത്. വർക്കലയിലെ ബീച്ച് സൈഡിൽ, ട്രിപ്പ് ഈസ് ലൈഫ് ആയിരുന്നു കാൻവാസ്. സി വേൾഡ് വെഡ്ഡിങ്ങ്സ് ആയിരുന്നു ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന്റെ എല്ലാ ഒരുക്കങ്ങളും നടത്തിയത്. വർക്കല മാത്രമല്ല കോവളവും ആലപ്പുഴയും എല്ലാം കേരളത്തിലെ ബീച്ച് സൈഡ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന് പറ്റിയ ഇടങ്ങളാണ്.

ബീച്ച് സൈഡിൽ മാത്രമല്ല, കുന്നും മലയും പ്രിയങ്കരം

കടൽക്കാറ്റേറ്റ്,  ചെറിയ തണുപ്പിൽ, ആകാശ നീലിമയിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. പക്ഷേ, ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ് എന്നു പറയുമ്പോൾ ബീച്ച് വെഡ്ഡിങ്ങ് മാത്രമല്ല. ലേക്ക് വെഡ്ഡിങ്ങും ഇതിൽ പ്രധാനപ്പെട്ടതാണ്. കായൽതീരം, ഹെറിറ്റേജ് ഹോട്ടലുകൾ, ചെറിയ ദ്വീപുകൾ, തുരുത്ത് , ഹിൽ സ്റ്റേഷൻ എന്നിങ്ങനെ പോകുന്നു വ്യത്യസ്തത. ഇടങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നത് തിരുവനന്തപുരം ആണ്. വിമാന മാർഗമാണെങ്കിലും റോഡ് മാർഗമമാണെങ്കിലും ഇവിടെയുള്ള സ്ഥലങ്ങളിലേക്ക് എത്തിച്ചേരാനുള്ള എളുപ്പമാണ് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകം. വർക്കലയ്ക്കും കോവളത്തിനും ഒപ്പം പൂവാറും ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ് സ്ഥലമാണ്.

Image Credit : Santorines/istockphoto
Image Credit : Santorines/istockphoto

കായലുകൾ നിറഞ്ഞ ആലപ്പുഴ, തുരുത്തുകളും ദ്വീപുകളും മാടിവിളിക്കുന്ന എറണാകുളം

ബീച്ച് വെഡ്ഡിങ്ങ് കഴിഞ്ഞാൽ തൊട്ടു പിന്നിൽ രണ്ടാം സ്ഥാനത്താണ് കായലുകൾ. ലേക്ക് വെഡ്ഡിങ്ങ് ഇപ്പോഴത്തെ പുതിയ ട്രെൻഡ് ആണ്. ചെലവ് കുറച്ച് വെഡ്ഡിങ്ങ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആലപ്പുഴ ഒരു നല്ല ഓപ്ഷൻ ആണ്. കായലും കായൽ തീരവും കെട്ടുവള്ളങ്ങളും തുടങ്ങി ചെറിയ ദ്വീപുകൾ വരെ ഇത്തരത്തിലുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനായി ഉപയോഗിക്കാവുന്നതാണ്. ചെറിയ ദ്വീപുകളും  തുരുത്തും എറണാകുളത്തിന്റെ പ്രത്യേകതയാണ്. കൂടാതെയുള്ള ഇവിടെയുള്ള ഹെറിറ്റേജ് ഹോട്ടലുകളും തിരഞ്ഞെടുക്കാവുന്നതാണ്.

എന്നാൽ, വളരെ ശാന്തമായ ഒരു അന്തരീക്ഷത്തിൽ കാടിന്റെയും കാട്ടരുവികളുടെയും പശ്ചാത്തലത്തിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും നിരവധി. ഇതിനായി വയനാട്ടിലെ റിസോർട്ടുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വയനാട്ടിലേക്ക് എത്തിച്ചേരാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. കരിപ്പൂർ വിമാനത്താവളം വഴിയും മൈസൂരു വഴിയും വയനാട്ടിലേക്ക് എത്തിച്ചേരാം. കേരളത്തിലേക്ക് സഞ്ചാരികളെ ഏറ്റവും അധികം ആകർഷിക്കുന്ന മൂന്നാറും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനായി തിരഞ്ഞെടുക്കുന്നവരുണ്ട്.

English Summary:

'Weddings in Kerala' at the dreamy hotspots in God's Own Country.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com