ലോകത്തിലെ ഏറ്റവും സുന്ദരമായ നിര്മിതികളിൽ ബെംഗളൂരു വിമാനത്താവളവും
Mail This Article
ലോകത്തിലെ മനോഹര നിര്‍മിതികളുടെ കൂട്ടത്തില്‍ നമ്മുടെ ബെംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളവും. യുനെസ്കോയുടെ 2023 – ലെ പ്രിസ് വെര്‍സൈല്‍സ് അവാര്‍ഡ് പട്ടികയിലാണ് ബെഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 ഇടം പിടിച്ചത്. പ്രസിദ്ധ ഫാഷന്‍ ഡിസൈനര്‍ എലി സാബിന്റെ അധ്യക്ഷനായ സമിതിയാണ് ഏറ്റവും സുന്ദരമായ നിര്‍മിതികളെ തിരഞ്ഞെടുത്തത്.
നിര്‍മാണ വൈദഗ്ധ്യവും പ്രാദേശിക പൈതൃകം എടുത്തുകാണിക്കുന്നതും പരിസ്ഥിതിയോട് പരമാവധി ചേര്‍ന്നു നില്ക്കുന്നതും അടക്കമുള്ള വിഷയങ്ങള്‍ പരിശോധിച്ച ശേഷമാണ് വിമാനത്താവളങ്ങളെ ഈ പുരസ്ക്കാരത്തിനായി തിരഞ്ഞെടുക്കുന്നത്. 2023 പ്രിസ് വെര്‍സൈല്‍സ് പുരസ്കാര പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചതിന്റെ സന്തോഷം ബെംഗളൂരു വിമാനത്താവളം എംഡിയും സിഇഒയുമായ ഹരി മാരാരും പങ്കുവച്ചു. സാങ്കേതികവിദ്യക്കൊപ്പം കലാപരമായ മികവുകൂടി പുലര്ത്താനായതോടെയാണ് ഈ നേട്ടം സ്വന്തമാക്കാനായതെന്ന് ഹരി മാരാര്‍ കൂട്ടിച്ചേര്‍ത്തു.
നിര്‍മാണ വൈദഗ്ധ്യത്തിലും മനോഹാരിതയിലും മാത്രമല്ല കൃത്യസമയം പാലിക്കുന്ന കാര്യത്തിലും ബെംഗളൂരു കെംപഗൗഡ വിമാനത്താവളം രാജ്യാന്തര തലത്തില്‍ മുന്നിലാണ്. ലോകത്തെ ഏറ്റവും സമയനിഷ്ഠയുള്ള വിമാനത്താവളങ്ങളിലൊന്നായി കഴിഞ്ഞ ഒക്ടോബറില്‍ ബെംഗളൂരു വിമാനത്താവളം മാറിയിരുന്നു. മുന്‍ നിശ്ചയിച്ച സമയത്തേക്കാളും പരമാവധി 15 മിനിറ്റ് സമയത്തിനുള്ളില്‍ എത്ര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുവെന്നാണ് ഓണ്‍ടൈം ഡിപ്പാര്‍ച്ചര്‍ റാങ്കിങ് കണക്കാക്കുന്നത്. ഇതു പ്രകാരം ജൂലൈയില്‍ ബെംഗളൂരു വിമാനത്താവളത്തിലെത്തുന്ന 87.51 ശതമാനം യാത്രികര്‍ക്കും കൃത്യ സമയത്തു തന്നെ യാത്ര സാധ്യമായി. ഇത് ഓഗസ്റ്റില്‍ 89.66 ശതമാനവും സെപ്തംബറില്‍ 88.51 ശതമാനവുമായി നിലനിര്‍ത്താനും ബെംഗളൂരുവിന് സാധിച്ചിരുന്നു.
2022 നവംബര്‍ 11ന് പ്രധാമന്ത്രി നരേന്ദ്ര മോദിയാണ് ബെംഗളൂരു വിമാനത്താവളത്തിലെ ഒന്നാംഘട്ട ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. ഇവിടെ നിന്നും 2023 ജനുവരി 15ന് ആഭ്യന്തരവിമാന സര്‍വീസും സെപ്തംബര്‍ 12ന് രാജ്യാന്തര വിമാന സര്‍വീസും ആരംഭിച്ചു. ഏകദേശം 5000 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ഈ ടെര്‍മിനല്‍ ഗാര്ഡന് ടെര്‍മിനല്‍ എന്നാണ് അറിയപ്പെടുന്നത്. പൂന്തോട്ട നഗരം എന്ന ബെംഗളൂരുവിന്റെ വിശേഷണത്തിന് യോജിച്ച നിര്‍മാണ രീതികളാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.
ഐജിബിസി(ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍)യുടെ പ്ലാറ്റിനം സര്ട്ടിഫിക്കേഷന് ലഭിച്ചിട്ടുണ്ട് ബെംഗളുരു വിമാനത്താവളത്തിന്. പരിസ്ഥിതി സൗഹൃദമായ നിര്‍മാണത്തിന് ടെര്‍മിനല്‍ 2വിന് യുഎസ് ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ ലീഡ് റേറ്റിങും ലഭിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രികര്‍ക്ക് കമ്പ്യൂട്ടര്‍ ടോമോഗ്രാഫി എക്സ്റേ(CTX) മെഷീന് ഇവിടെ സ്ഥാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. സിടിഎസ് കൂടി സ്ഥാപിക്കുന്നതോടെ ബാഗുകളില്‍ നിന്നും ഫോണും ലാപ്ടോപും അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധനക്കായി പുറത്തെടുക്കേണ്ടി വരില്ല.