കുലുക്കമില്ലാത്ത ട്രെയിന്‍, ചെലവ് കുറവ്, കൂടുതല്‍ വേഗത; അയോധ്യയിലൂടെ കൂകിപ്പായാന്‍ അമൃത് ഭാരത്
Mail This Article
ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യത്തെ രണ്ട് അമൃത് ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ക്ഷേത്രനഗരമായ അയോദ്ധ്യയില്‍ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. യാത്രയുടെ ഒരു ഘട്ടത്തിലും യാത്രക്കാർക്ക് ഒരു കുലുക്കവും അനുഭവപ്പെടാതിരിക്കാൻ സഹായിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഈ ട്രെയിനുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ജെര്‍ക്കിംഗ് അഥവാ കുലുക്കം ഒഴിവാക്കുന്ന സെമി പെർമനന്‍റ് കപ്ലർ ആണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്.
800 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനായാണ് അമൃത് ഭാരത് ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബീഹാറിലെ ദർഭംഗയ്ക്കും ഡൽഹിയിലെ ആനന്ദ് വിഹാറിനും ഇടയിലാണ് ആദ്യത്തെ അമൃത് ഭാരത് ട്രെയിന്‍ സര്‍വീസ് ഉള്ളത്. ആഴ്ചയില്‍ രണ്ടു ദിവസം സര്‍വീസ് നടത്തുന്ന ഈ ട്രെയിന്‍, 21 മണിക്കൂര്‍ 35 മിനിറ്റ് കൊണ്ട് യാത്ര പൂര്‍ത്തിയാക്കും. രണ്ടാമത്തെ ട്രെയിനാകട്ടെ, ബംഗാളിലെ മാൾഡ ടൗൺ, ബംഗളൂരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനസ് എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിക്കും. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഓടുന്ന ഈ ട്രെയിന്‍, 42 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് ലക്ഷ്യസ്ഥാനത്തെത്തുക.
ഇന്ത്യൻ റെയിൽവേയുടെ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് സർവ്വീസാണ് അമൃത് ഭാരത് എക്‌സ്‌പ്രസ്. ഇത് ഒരു നോൺ എസി സ്ലീപ്പർ കം അൺ റിസർവ്ഡ് ക്ലാസ് സേവനമാണ്. കുറഞ്ഞ ചെലവില്‍, കൂടുതൽ ദൂരത്തേക്ക് സർവീസ് നടത്തുന്നതിനായാണ് ഇവ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
പരമാവധി 130 കിലോമീറ്റർ വേഗതയിലാണ് രണ്ടു ട്രെയിനുകളും ഓടുക. എന്നാൽ മിക്ക ഇന്ത്യൻ റെയിൽവേ ട്രാക്കുകള്‍ക്കും ഈ വേഗതയെ പിന്തുണയ്ക്കാൻ കഴിവില്ലാത്തതിനാൽ, ഈ ട്രെയിനുകൾ വിവിധ ഭാഗങ്ങളിൽ അനുവദനീയമായ 100-110 കിലോമീറ്റർ കുറഞ്ഞ വേഗതയിൽ ഓടും. ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനസംരഭമായ വന്ദേഭാരത് എക്സ്പ്രസിന്‍റെ വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ലോക്കോമോട്ടീവ് നിർമ്മാണ യൂണിറ്റുകളിലൊന്നായ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്ക്‌സ് ആണ് ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ എക്സ്പ്രസ് ട്രെയിനിൽ 22 കോച്ചുകൾ ഉൾപ്പെടുന്നു, ഇവയില്‍ 12 കോച്ചുകൾ നോൺ എസി സ്ലീപ്പർ ക്ലാസ് (SL), 8 ജനറൽ അൺറിസർവ്ഡ് ക്ലാസ് (GS/UR), 2 ലഗേജ് കോച്ചുകൾ (EOG) എന്നിവയാണ്. കോച്ചുകൾക്കിടയിൽ സുരക്ഷിതമായി സഞ്ചരിക്കാനും ശബ്ദവും വൈബ്രേഷനും കുറയ്ക്കുന്നതിനും ഈ കോച്ചുകൾക്ക് സീൽ ചെയ്ത ഗാംഗ്‌വേ ഉണ്ട്. ട്രെയിനിനുള്ളിലെ സിസിടിവി ക്യാമറകൾ, ബയോ വാക്വം ടോയ്‌ലറ്റുകൾ, സെൻസർ അധിഷ്‌ഠിത വാട്ടർ ടാപ്പുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ഇലക്‌ട്രിക് ഔട്ട്‌ലെറ്റുകൾ, എൽഇഡി ലൈറ്റുകൾ, ഫാനുകൾ, സ്വിച്ചുകൾ എന്നിവയും ആധുനിക ഡിസൈനിലുള്ളവയാണ്. ഓരോ സീറ്റിനും മൊബൈൽ ചാർജിങ് പോയിന്റും നൽകിയിട്ടുണ്ട്.