ആദിശങ്കരാചാര്യ പ്രതിമയിൽനിന്നു സ്റ്റാച്യു ഓഫ് യൂണിറ്റി വരെ; 2 സംസ്ഥാനങ്ങളിലൂടെ ഒരു കപ്പല്‍ യാത്ര
Mail This Article
നര്‍മദ നദിയിലൂടെ 130 കിലോമീറ്റര്‍ നീളത്തില്‍ രണ്ടു സംസ്ഥാനങ്ങളിലൂടെ നീളുന്ന ഒരു കപ്പല്‍ യാത്രയാണ് മധ്യപ്രദേശ് ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതി. ഓംകാരേശ്വറിലെ വണ്‍നെസ് പ്രതിമ മുതല്‍ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി വരെ നീളുന്നതാണ് ഈ നദിയിലൂടെയുള്ള കപ്പല്‍ യാത്ര.
ഒരേസമയം ആത്മീയതയും സാഹസികതയും അനുഭവിച്ച് ഉള്‍ഗ്രാമങ്ങളുടെ ഭംഗി കൂടി ആസ്വദിക്കാനുള്ള അവസരം നല്‍കുന്ന യാത്രയായിരിക്കും ഇത്. മധ്യപ്രദേശിന്റെ വിനോദസഞ്ചാര സാധ്യതകളെ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്ന ഈ യാത്ര ആത്മീയതയുടെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓംകാരേശ്വറില്‍ നിന്നാണ് തുടങ്ങുന്നത്. ശങ്കരാചാര്യരുടെ പ്രതിമയ്ക്കു സമീപത്തുനിന്ന് പട്ടേലിന്റെ പ്രതിമയ്ക്കടുത്തുവരെയാണ് ഈ കപ്പല്‍യാത്ര പദ്ധതിയിട്ടിരിക്കുന്നത്.
പ്രസിദ്ധമായ ഈ രണ്ട് പ്രതിമകളും നര്‍മദ നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഈ സാധ്യത മുതലെടുത്താണ് കപ്പല്‍യാത്രക്ക് മധ്യപ്രദേശ് വിനോദസഞ്ചാര വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സാധാരണ യാത്രകള്‍ക്കപ്പുറത്തുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയപ്പെട്ടതായിരിക്കും ഈ നദിയിലൂടെയുള്ള കപ്പല്‍ യാത്ര. സാധാരണ ഒരു കപ്പല്‍ യാത്ര എന്നതിനേക്കാള്‍ രണ്ട് അത്ഭുത നിര്‍മിതികള്‍ സന്ദര്‍ശിക്കാമെന്നതും നര്‍മദ കപ്പല്‍യാത്രയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
ശ്രീശങ്കരാചാര്യരുടേയും വല്ലഭായ് പട്ടേലിന്റേയും പ്രതിമകള്‍ മാത്രമല്ല കൂടുതല്‍ സ്ഥലങ്ങള്‍ ഈ യാത്രയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മധ്യപ്രദേശിലെ രജ്ഹത് ഡാം ഇതിലൊന്നാണ്. മധ്യപ്രദേശിലെ കൂടുതല്‍ കപ്പല്‍ യാത്രകളും വിനോദ സഞ്ചാര വകുപ്പ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബാര്‍ഗിയിലെ മയ്കല്‍ റിസോര്‍ട്ട് മുതല്‍ മാണ്ട്‌ലയിലെ ടിന്‍ഡിനി വരെയും ദേവാസിലെ ധാരാജി മുതല്‍ ഓംകരേശ്വറിലെ സൈയ്‌ലനി തപു വരെയും സന്‍ജിത് ഗ്രാമത്തില്‍ നിന്നും ഗാന്ധി നഗര്‍ വരെയുമുള്ള നദീയാത്രകള്‍ ഇക്കൂട്ടത്തില്‍ പെടുന്നു.
തവ-മധായ് ബോട്ട് യാത്രയെ കൂടുതല്‍ സജീവമാക്കാനും മധ്യപ്രദേശ് വിനോദസഞ്ചാര വകുപ്പിന് പദ്ധതിയുണ്ട്. തവ ഡാമിനേയും മഡായ് റിസര്‍വ് ഫോറസ്റ്റിനേയും ബന്ധിപ്പിക്കുന്ന ജലയാത്രയാണിത്. ജലയാത്രകള്‍ക്കു പുറമേ ദേശീയ പാര്‍ക്കുകളിലും സംരക്ഷിത വനമേഖലകളിലും പുതിയ ട്രക്കിങ് ആരംഭിക്കാനും ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സാഹസികപ്രിയരെ ആകര്‍ഷിക്കാന്‍ പോന്ന പദ്ധതികളായിരിക്കും ഇത്.
വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ക്യൂന്‍സ് ഓണ്‍ ദ വീല്‍ എന്ന പേരില്‍ സ്ത്രീശാക്തീകരണ സാഹസിക പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഏഴു ദിവസം നീളുന്ന സൈക്കിള്‍ യാത്രയാണ് സംഘടിപ്പിക്കുന്നത്. ഭോപ്പാല്‍ മുതല്‍ ഓര്‍ച്ച വരെയും തിരിച്ചും നീളുന്നതാണ് ഈ വനിതാ സൈക്കിള്‍ യാത്ര. സാഹസിക വിനോദ സഞ്ചാരത്തേയും വനിതാ റൈഡര്‍മാരേയും ഒരുപോലെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യം വെച്ചാണ് ക്യൂന്‍സ് ഓണ്‍ ദ വീല്‍ സംഘടിപ്പിക്കുന്നത്.
വിനോദ സഞ്ചാരത്തിന് പ്രാധാന്യമുള്ള വിദൂര സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിന് ചെറു വിമാനങ്ങൾ ഉപയോഗിക്കുന്നതിന്റെ സാധ്യതയും പരിഗണിക്കുന്നുണ്ട്. ഇതിനായി പൊതു, സ്വകാര്യ സഹകരണത്തില്‍ പദ്ധതി നടപ്പാക്കാനാണ് ശ്രമം. മധ്യപ്രദേശ് സംസ്ഥാന ടൂറിസം വകുപ്പിന്റെ തിരഞ്ഞെടുത്ത 12 ഹോട്ടലുകളില്‍ വെല്‍നെസ് റിട്രീറ്റ് സെന്ററുകളും ആരംഭിക്കും. ഈ തയാറെടുപ്പുകളോടെ 2024ല്‍ പരമാവധി സഞ്ചാരികളെ സ്വാഗതം ചെയ്യാനാണ് മധ്യപ്രദേശിന്റെ ശ്രമം.