ഇന്ത്യയുടെ സ്വന്തം ഗ്രാൻഡ് കാന്യൻ; പ്രകൃതി ഒരുക്കിയ വിസ്മയം
Mail This Article
ലോകത്തിലെ ഏഴു പ്രകൃതിദത്ത അദ്ഭുതങ്ങളിൽ ഒന്നാണ് ഗ്രാൻഡ് കാന്യൻ. അമേരിക്കയിലെ അരിസോണയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതോടനുബന്ധിച്ച് സ്ഥിതിചെയ്യുന്ന ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനവും അഗാധഗർത്തങ്ങളും മലയിടുക്കുകളും കുത്തനെയുള്ള താഴ്വരകളും കൂടിച്ചേർന്ന പരിസരപ്രദേശങ്ങളും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഒട്ടേറെ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും പേരുകേട്ടതാണ് ഇവിടം.
എന്നാല്‍ അരിസോണയിലെ ഗ്രാന്‍ഡ് കാന്യൻ കാണാന്‍ സാധിക്കാത്തവർക്ക് ആന്ധ്രാപ്രദേശിൽ സ്ഥിതി ചെയ്യുന്ന ഗണ്ടിക്കോട്ടയിലേക്ക് യാത്ര ചെയ്താല്‍ മതി. "ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ" എന്നാണ് ഇത് അറിയപ്പെടുന്നത്. പെന്നാർ നദി കൊത്തിയെടുത്ത, അതിമനോഹരമായ മലയിടുക്ക്, ചുവന്ന മണല്‍ക്കല്ലുകളുടെയും പാറക്കെട്ടുകളുടെയും നാടകീയ കാഴ്ചകളും സാഹസികവിനോദങ്ങളുമായി സഞ്ചാരികളുടെ മനംകവരുന്നു.
മലയിടുക്കും നദിയും ഒരുക്കുന്ന കാഴ്ച
തെലുഗു ഭാഷയിൽ 'ഗണ്ടി' എന്നാൽ മലയിടുക്ക് എന്നാണർത്ഥം. ഗണ്ടിക്കോട്ട കുന്നുകൾ എന്നും അറിയപ്പെടുന്ന എറമല മലനിരകൾക്കും അതിന്‍റെ ചുവട്ടിലുള്ള പെന്നാർ മലനിരകൾക്കും ഇടയിൽ രൂപംകൊണ്ട 'തോട്' കാരണമാണ് ഗണ്ടിക്കോട്ടയ്ക്ക് ഈ പേര് ലഭിച്ചത്. ഈ മലയിടുക്കിൽ കൂടിയാണ് പെന്നാർ നദി ഒഴുകുന്നത്. വളരെ ഇടുങ്ങിയ മലയിടുക്കിലൂടെ പെന്നാർ നദി ഒഴുകുന്ന ദൃശ്യം മനം കവരുന്ന കാഴ്ചയാണ്.
കടന്നുചെല്ലാൻ വളരെ ബുദ്ധിമുട്ടുള്ള ചെങ്കുത്തായ കുന്നുകളും വലിയ ഉരുളന്‍ കരിങ്കല്ലുകളും കൊണ്ട് ചുറ്റപെട്ടതുമായ ഈ പ്രദേശം, പ്രകൃതി തന്നെ ഒരുക്കിയ സംരക്ഷണത്തിലാണ് നിലകൊള്ളുന്നത്.
രാജാക്കന്മാരുടെ വരവും പോക്കും കണ്ട കോട്ട
ചരിത്ര പ്രസിദ്ധമായ ഗണ്ടിക്കോട്ട ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. മനോഹരമായ വാസ്തുവിദ്യ ഈ കോട്ടയുടെ പ്രത്യേകതയാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍, കല്യാണയിലെ പടിഞ്ഞാറൻ ചാലൂക്യ വംശത്തിലെ കാപ്പാ രാജാവാണ് ഗണ്ടികോട്ട പണികഴിപ്പിച്ചത്. കാകതീയ, വിജയനഗര, കുതബ്ഷാഹി തുടങ്ങിയ വംശങ്ങളുടെ കാലഘട്ടത്തിൽ ഗണ്ടികോട്ട തന്ത്ര പ്രധാനമായ ഒരു പ്രദേശമായിരുന്നു. പിന്നീട്, ഏകദേശം 300 വർഷത്തോളം പെമ്മസാനി നായകരുടെ അധീനതയിലായിരുന്നു കോട്ട.
കോട്ടയിൽ മാധവനും രംഗനാഥനും സമർപ്പിച്ചിരിക്കുന്ന രണ്ട് പുരാതന ക്ഷേത്രങ്ങളുണ്ട്. അവ തകർന്ന നിലയിലാണ്. മത സൗഹാർദ്ദത്തിന്‍റെ മകുടോദാഹരണമായി ഒരു ജാമിയാ മസ്ജിദും ഇവിടെ നിലകൊള്ളുന്നു. ജാമിയ മസ്ജിദിന് സമീപത്തായി രണ്ട് മിനാരങ്ങളുണ്ട്. കോട്ട പ്രദേശത്ത് എല്ലാ വർഷവും ഒരു പൈതൃകോത്സവം നടക്കുന്നു. കൂടാതെ പഴയ കാലത്തെ ഒരു പീരങ്കിയും നിരവധി പത്തായപുരകളും ഇവിടെ കാണാം.
സഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങള്‍
ഗണ്ടിക്കോട്ട കാണാന്‍ നടന്നുതന്നെ വേണം പോകാന്‍. ടൂറിസ്റ്റുകള്‍ക്കു വിവരങ്ങള്‍ പറഞ്ഞുകൊടുക്കാനായി ഗൈഡുകളുടെ സേവനം ലഭ്യമാണ്. ആന്ധ്രാപ്രദേശ് ടൂറിസം വകുപ്പിന് കീഴിലുള്ള ഒരു ഹരിത ഹോട്ടലിൽ താമസ സൗകര്യമുണ്ട്. പെന്നാർ നദിയുടെ തീരത്ത് ക്യാംപിങ് സൗകര്യവുമുണ്ട്. താമസവും ഭക്ഷണവും ഈ പ്രദേശത്ത് പൊതുവേ ചെലവു കുറഞ്ഞതാണ്. സാഹസിക കായിക പ്രേമികൾക്കു കുറഞ്ഞ പണം നൽകി, കൂടുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്ന തരത്തിലുള്ള പാക്കേജ് ഡീലുകൾ പ്രയോജനപ്പെടുത്താം. റാപ്പലിങ്, റോക്ക് ക്ലൈബിങ്, കയാക്കിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ഇവിടെയുണ്ട്.
എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തിൽ, ഇവിടെ വാർഷിക പൈതൃകോത്സവം നടന്നുവരുന്നു.
എങ്ങനെ എത്താം?
ആന്ധ്രാപ്രദേശിലെ ജമ്മലമഡുഗിലാണ് ഗണ്ടിക്കോട്ടയ്ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്നും 18 കിലോമീറ്റർ അകലെയാണ് ഗണ്ടിക്കോട്ട. ജമ്മലമഡുഗുവിലെ പഴയ ബസ്‌സ്റ്റാന്‍റില്‍ നിന്നും ഗണ്ടികോട്ടയിലേക്കു ബസുകൾ ലഭ്യമാണ്. അതല്ലെങ്കില്‍ 26 കിലോമീറ്റർ അകലെയുള്ള മുദ്ദനുരു റെയില്‍വേ സ്റ്റേഷനിലും ഇറങ്ങാം.
സന്ദര്‍ശിക്കാന്‍ മികച്ച സമയം
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഗണ്ടിക്കോട്ട സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് കാലാവസ്ഥ വളരെ സുഖകരമാണ്. വേനല്‍ക്കാല മാസങ്ങളില്‍ താപനില വളരെ കൂടുതലായതിനാല്‍ ആ സമയം ഒഴിവാക്കുന്നതാണ് നല്ലത്.