ADVERTISEMENT

പൂക്കളും മഞ്ഞളും കൊണ്ട് അലങ്കരിച്ച വടിവാസലിനു മുന്നിൽ മസിൽ പെരുപ്പിച്ചും നെറ്റിക്കുറി അമർത്തി വരച്ചും വീരന്മാർ കാത്തുനിന്നു. ഒരു നിമിഷത്തിന്റെ കൺചിമ്മലിൽ പാഞ്ഞടുക്കുന്ന കാളക്കൂറ്റന്റെ മുതുക് മാത്രമാണ് അവരുടെ കണ്ണിൽ. മുക്രയിട്ട് ശരംപോലെ ചീറ്റിവന്ന മാടിനെ പിടിച്ചുകെട്ടാനുള്ള മരണക്കളിയിൽ ആവേശം ഇരട്ടിയാക്കി ജനം ആർത്തിരമ്പി... തമിഴകത്തിന്റെ വീരവിളയാട്ടായ ജല്ലിക്കെട്ടിന്റെ പ്രധാന മത്സരങ്ങൾക്ക് മധുര അളങ്കാനല്ലൂരിൽ ആവേശോജ്വല സമാപനം. രാവിലെ 7.30നു തമിഴ്‌നാട് യുവജനക്ഷേമ, കായികവികസന മന്ത്രി ഉദയനിധി സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്ത ജല്ലിക്കെട്ട് വൈകിട്ട് അഞ്ചോടെയാണ് അവസാനിച്ചത്. കളത്തിലേക്കിറങ്ങുന്ന ഇടനാഴിയായ വടിവാസലിലേക്ക് എത്തിയ ഓരോ മാടിനെയും വീരന്മാർ വെല്ലുവിളിച്ചപ്പോൾ വിജയം കൂടുതലും മൃഗങ്ങൾക്കൊപ്പവും ചിലപ്പോൾ മനുഷ്യർക്കൊപ്പവുമായിരുന്നു. 10 റൗണ്ടുകളിലായി നടന്ന മത്സരത്തിൽ 810 കാളകൾ പോർക്കളത്തിലെത്തി. 

റജിസ്റ്റർ ചെയ്ത 1784 വീരന്മാരിൽ (കാളയെ കീഴടക്കാനെത്തുന്ന മത്സരാർഥികൾ) 800 പേർക്കാണു മത്സരത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. 

ഇതിൽ 545 താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയെങ്കിലും 45 കളിക്കാരെ മദ്യപിച്ചതിനും ഫിറ്റ്നസ് ഇല്ലായ്മയുടെ പേരിലും അയോഗ്യരാക്കി. ‌ 

18 കാളകളെ പിടിച്ചടക്കി ഒന്നാം സ്ഥാനം നേടിയ കറുപ്പയൂരണി സ്വദേശി കാർത്തിക്കിന് (18) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സമ്മാനമായ കാർ നൽകി. 17 കാളകളെ അടക്കിയ ചിന്നപ്പട്ടി സ്വദേശി അഭിസിദ്ധർക്ക് (17) സമ്മാനമായി ബൈക്ക് ലഭിച്ചു. 

മത്സരത്തിനിടെ പൊലീസുകാർക്കുൾപ്പെടെ 83 പേർക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ 12 പേരെ മധുര മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാദേശിക ജല്ലിക്കെട്ടുകൾ‌ കമ്പം, തേനി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തുടരും. 

കേമൻ കട്ടപ്പ

9 റൗണ്ടുകളിലും ആർക്കും പിടികൊടുക്കാതെ പാഞ്ഞ, തിരുച്ചിറപ്പള്ളിയിൽ നിന്നെത്തിയ കാള ‘കട്ടപ്പ’യ്ക്കാണു മാടുകളിൽ ഒന്നാം സ്ഥാനം. ഈ കാളയുടെ ഉടമ ഗുണയ്ക്കു സമ്മാനമായി കാർ ലഭിച്ചു. കാളകളെ പിടിച്ചടക്കിയ വീരന്മാർക്കു മുഖ്യമന്ത്രി സ്റ്റാലിന്റെയും മുൻ മുഖ്യമന്ത്രി കരുണാനിധിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത സ്വർണനാണയങ്ങൾ ഉൾപ്പെടെ ഒട്ടേറെ സമ്മാനങ്ങൾ വിതരണം ചെയ്തു.

English Summary:

Jallikattu, bull taming sport, begins in Tamil Nadu's Madurai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com