ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവതം കീഴടക്കി മലയാളി
Mail This Article
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതമായ ചിലെയിലെ ഓഗോസ് ദെൽ സലാദോ കീഴടക്കി മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ (36) രാജ്യാന്തര നേട്ടം സ്വന്തമാക്കി. 22,600 അടി ഉയരമുള്ള ഓഗോസ് ദെൽ സലാദോ, ഹസൻ വിജയപതാക പാറിക്കുന്ന ഏഴാമത്തെ വൻകൊടുമുടിയാണ്. ചിലെയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുമാണിത്.
പന്തളം പൂഴിക്കാട് ദാറുൽ കറാമിൽ എം.എ.അലി അഹമ്മദ് ഖാന്റെയും ജെ.ഷാഹിദയുടെയും മകനായ ഹസൻ സെക്രട്ടേറിയറ്റിൽ ധനകാര്യവകുപ്പ് അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസറാണ്. 2022ൽ എവറസ്റ്റ് കീഴടക്കി. ആഫ്രിക്കയിലെ കിളിമഞ്ചാരോ, വടക്കൻ അമേരിക്കയിലെ ഡെനാലി, അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൻ എന്നീ ദൗത്യങ്ങൾക്കുശേഷമാണു ഹസൻ ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവതത്തിനു മുകളിൽ കാലുകുത്തിയത്.
കാലാവസ്ഥാമാറ്റം സംബന്ധിച്ച മുന്നറിയിപ്പുസന്ദേശം പകരുകയാണു തന്റെ ലക്ഷ്യമെന്നു ഹസൻ പറഞ്ഞു. ഭാര്യ: കദീജാറാണി ഹമീദ്. മകൾ: ജഹന്നാര മറിയം.
ചിലെയിലെ മോഹക്കാഴ്ചകൾ
കലയുടെയും ആദർശങ്ങളുടെയും ജന്മഗേഹമാണു ലാറ്റിനമേരിക്ക. പാബ്ലോ നെരുദയും സാൽവദോർ അലൻഡെയും ഉൾപ്പെടെ പ്രതിഭകൾ പിറവിയെടുത്ത ചിലെ സ്ഥിതി ചെയ്യുന്നത് ലാറ്റിനമേരിക്കയിലാണ്. ഹോളിവുഡ് സിനിമകൾക്കു പശ്ചാത്തലമായപ്പോഴാണ് പ്രകൃതി ഭംഗിയാസ്വദിക്കാൻ വിദേശികൾ ചിലെയിൽ എത്തിയത്. അതിവിശാലമായ ചിലെയുടെ അതിർത്തിക്കുള്ളിൽ കൗതുകമുണർത്തുന്ന കാഴ്ചകൾ കുറേയുണ്ട്. കടൽത്തീരങ്ങൾ, കുന്നിൻ ചെരിവുകൾ, കല്ലു പാകിയ പാടങ്ങൾ, മനോഹരമായ കെട്ടിടങ്ങൾ, സ്വാദിഷ്ഠമായ വിഭവങ്ങൾ, അഗ്നിപർവതത്തിൽ ട്രെക്കിങ് എന്നിവയുണ്ട്. നെൽത്യൂമിലെ മ്യൂസിയവും സ്മാരകവും ചിലെയാത്രയിൽ ഒഴിവാക്കാനാവില്ല.