ദേശീയ വിനോദസഞ്ചാര ദിനം ഇന്ന് ; യാത്രകള്‍ തുടങ്ങേണ്ടത് ജന്മനാട്ടില്‍ നിന്ന്
Mail This Article
യാത്രകള്‍ തുടങ്ങേണ്ടത് ജന്മനാട്ടില്‍ നിന്നു തന്നെയാണെന്ന് ഓര്‍മിപ്പിക്കുന്ന ദേശീയ വിനോദ സഞ്ചാരദിനം ഇന്ന്. 'സുസ്ഥിര യാത്രകളും അനന്തമായ ഓര്‍മകളും' (Sustainable Journeys, Timeless Memories) എന്നതാണ് ഇക്കുറി ദേശീയ വിനോദസഞ്ചാര ദിനത്തിന്റെ സന്ദേശം. വിനോദ സഞ്ചാര ദിനത്തിന്റെ പ്രാധാന്യവും ചരിത്രവും മറ്റു വിശേഷങ്ങളും അറിയാം.
സ്വന്തം നാട്ടിലെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രത്യേകതകളും പ്രകൃതിയൊരുക്കിയ അദ്ഭുതങ്ങളും കണ്ടറിയേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നുണ്ട് ഓരോ ദേശീയ വിനോദസഞ്ചാര ദിനവും. ജന്മനാടിനു പുറത്തുള്ള യാത്രകള്‍ മാത്രമാണ് വിനോദസഞ്ചാരമെന്ന തെറ്റിദ്ധാരണ തിരുത്താന്‍ ഇത്തരം ഓര്‍മിപ്പിക്കലുകള്‍ സഹായിക്കും. പ്രത്യേകിച്ചും സാംസ്‌ക്കാരികമായും കാലാവസ്ഥകൊണ്ടും ഭൂപ്രകൃതികൊണ്ടുമെല്ലാം വ്യത്യസ്തമായ ഇന്ത്യയെ പോലൊരു നാട്ടിലെ കാഴ്ചകള്‍. പ്രധാന വ്യവസായമെന്ന നിലയില്‍ വിനോദസഞ്ചാരത്തിനുള്ള പ്രാധാന്യവും ദേശീയ വിനോദ സഞ്ചാര ദിനം ഓര്‍മിപ്പിക്കുന്നുണ്ട്.
വിനോദസഞ്ചാര മേഖലയിലും യാത്രകളിലും സംഭവിക്കുന്ന മാറ്റങ്ങളെ കൂടി സൂചിപ്പിക്കുന്നതാണ് ഇക്കൊല്ലത്തെ 'സുസ്ഥിര യാത്രകളും, അനന്തമായ ഓര്‍മകളും' എന്ന സന്ദേശം. പരമാവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങളില്ലാത്ത യാത്രകളെ പ്രോത്സാഹിപ്പിക്കണമെന്നാണ് സന്ദേശം പറയുന്നത്. മനുഷ്യന്റെ പരിസ്ഥിതിയിലെ ഇടപെടലുകള്‍ കുറച്ചുകൊണ്ടുള്ള കുറഞ്ഞ കാര്‍ബണ്‍ ഫൂട്ട്പ്രിന്റുള്ള യാത്രകളാണ് ഭാവി. വെറുതെ സ്ഥലം കാണാനും ഭക്ഷണം കഴിക്കാനുമുള്ളത് എന്നതിനേക്കാള്‍ യാത്രകളെ അനുഭവമാക്കി മാറ്റാന്‍ ഈയൊരുമാറ്റം കൊണ്ടു സാധിക്കും.
ഐക്യരാഷ്ട്ര സഭ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (UNWTO) 1970 ല്‍ സ്ഥാപിതമാവുന്നതോടെയാണ് ദേശീയ വിനോദസഞ്ചാര ദിനം ആഘോഷിച്ചു തുടങ്ങുന്നത്. യാത്രയുടെ സാമൂഹ്യവും സാംസ്‌കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ മൂല്യങ്ങളെക്കുറിച്ച് ദേശീയ വിനോദസഞ്ചാര ദിനം ഓര്‍മിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാദേശിക സമൂഹങ്ങളുടെ പൈതൃക സമ്പത്തുകളേയും പ്രകൃതിയുടെ അദ്ഭുതങ്ങളേയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും വിനോദസഞ്ചാര ദിനം പറയുന്നു.
യാത്രകള്‍ കൊണ്ടു വ്യക്തികള്‍ക്കും സമൂഹത്തിനും രാജ്യത്തിനുമുണ്ടാവുന്ന നേട്ടങ്ങള്‍ വിശദീകരിക്കാനുള്ള അവസരം കൂടിയാണ് ഇത്തരം ആഘോഷങ്ങള്‍. രാജ്യാന്തര തലത്തില്‍ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന് ഒരു ദിവസം മാറ്റിവയ്ക്കുന്നതോടെ രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ കൂടിയാണ് മറികടക്കുന്നത്. ദേശങ്ങള്‍ക്കപ്പുറത്തെ പരസ്പര ബഹുമാനത്തിന്റെയും വൈവിധ്യത്തിന്റെയും മൂല്യങ്ങളുടേയും അടിസ്ഥാനത്തിലുള്ള ബന്ധിതമായ ലോകത്തെക്കുറിച്ചാണ് ഓരോ വിനോദസഞ്ചാര ദിനവും വിളിച്ചു പറയുന്നത്.
പല രാജ്യങ്ങളുടേയും സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമാണ് വിനോദസഞ്ചാരം. അതുകൊണ്ടുതന്നെ ഒരു വ്യവസായമെന്ന നിലയില്‍ വിനോദസഞ്ചാര മേഖലയ്ക്കുള്ള പ്രാധാന്യത്തെ ഓര്‍മിപ്പിച്ചുള്ള പരിപാടികളും ദേശീയ വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി നടക്കും. ഹോട്ടലുകളും റിസോര്‍ട്ടുകളും മുതല്‍ പ്രാദേശിക കരകൗശല വിദഗ്ധരും കലാകാരന്മാരും ഗൈഡുകളും വരെ ഇന്ന് വിനോദസഞ്ചാര മേഖലയുടെ ഭാഗമാണ്. ഓരോ യാത്രകളും വ്യക്തിപരമായ ഓര്‍മകളും അനുഭവങ്ങളുമാണ് ഓരോ യാത്രികര്‍ക്കും സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ വ്യക്തികള്‍ക്ക് യാത്രയിലുള്ള പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിപാടികളും വിനോദ സഞ്ചാര ദിനത്തില്‍ നടക്കും.