യാത്ര ചെയ്യുമ്പോൾ, അപകട സാധ്യതയുള്ള രാജ്യങ്ങളും സുരക്ഷിത രാജ്യങ്ങളും
Mail This Article
യാത്രികര്‍ക്ക് അപകട സാധ്യതയുള്ള രാജ്യങ്ങളും സുരക്ഷിത രാജ്യങ്ങളുമുണ്ട്. യാത്രികരുടെ സുരക്ഷയുടെ അടിസ്ഥാനത്തില്‍ ഇന്റര്‍നാഷണല്‍ എസ്ഒഎസ് തയാറാക്കിയ പട്ടിക 2024 ലെ യാത്രകളെ കൂടുതല്‍ സുരക്ഷിതമാക്കും. അടിയന്തരമായി വൈദ്യസഹായം വേണ്ട സാഹചര്യം മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെയുള്ള വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇങ്ങനെയൊരു പട്ടിക രാജ്യാന്തര എസ്ഒഎസ് തയാറാക്കിയിരിക്കുന്നത്.
ലിബിയയും സൗത്ത് സുഡാനും അടക്കമുള്ള പല ആഫ്രിക്കന്‍ രാഷ്ട്രങ്ങളും അതീവ സുരക്ഷാ ഭീഷണി നേരിടുന്നവയാണ്. സര്‍ക്കാരുകളുടെ സ്വാധീനം പരിമിതമായതോ തീരെ ഇല്ലാത്തതുമായ സാഹചര്യം ഇത്തരം രാജ്യങ്ങളിലേക്കുള്ള യാത്രകളെ കൂടുതല്‍ ദുഷ്കരമാക്കും. സര്‍ക്കാര്‍ ഗതാഗത സംവിധാനങ്ങളുടെ കുറവ് അടക്കം യാത്രികര്‍ നേരിടേണ്ടി വരും. കലാപ സാധ്യതയും പ്രതിഷേധങ്ങളുമെല്ലാം തുടര്‍ച്ചയായി നടക്കുന്ന രാജ്യങ്ങളില്‍ എത്തിപ്പെടുന്ന വിദേശികള്‍ക്കു നേരെ ആക്രമണത്തിനുള്ള സാധ്യത കൂടുതലാണ്. വെനസ്വേല, പാക്കിസ്ഥാന്, ബര്‍മ എന്നീ രാജ്യങ്ങള്‍ ഈ വിഭാഗത്തിലാണ് പെടുന്നത്. രാഷ്ട്രീയ അസ്ഥിരതയും അക്രമങ്ങളും സാമൂഹ്യ അരക്ഷിതാവസ്ഥയുമെല്ലാം കണക്കിലെടുത്താണ് യാത്രികരുടെ ഓരോ രാജ്യങ്ങളിലേയും അപകട സാധ്യത കണക്കുകൂട്ടിയിട്ടുള്ളത്.
സുരക്ഷയെ അടിസ്ഥാനമാക്കി നോക്കിയാല്‍ സ്കാന്ഡിനേവിയന് രാജ്യങ്ങളാണ് ഏറ്റവും മുന്നിലുള്ളത്. ഐസ്ലാന്‍ഡ്, നോര്‍വേ, ഫിന്‍ലാന്‍ഡ്, ഡെന്മാര്ക്ക്, ഗ്രീന്‍ലാന്‍ഡ് എന്നിവയാണ് യാത്രികര്‍ക്ക് പരമാവധി സുരക്ഷ ലഭിക്കുന്ന രാജ്യങ്ങള്‍. സ്വിറ്റ്സര്‍ലന്‍ഡ്, സ്ലൊവേനിയ എന്നിവയും യാത്രികരുടെ സുരക്ഷയില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളാണ്.
യാത്രയ്ക്കിടെ വിദേശത്തുവച്ച് എന്തെങ്കിലും രോഗം പിടിപെട്ടാല്‍ എന്തു ചെയ്യും? നിങ്ങളുടെ ജീവന് രക്ഷിക്കാനും ആരോഗ്യം ഉറപ്പുവരുത്താനും വേണ്ട ചികിത്സാ സൗകര്യം ഇവിടെ ലഭിക്കുമോ? പലരാജ്യങ്ങളും ഈ കാര്യങ്ങളില്‍ പിന്നിലാണ്. അഫ്ഗാനിസ്ഥാന്, ഉത്തരകൊറിയ എന്നിവയ്ക്കൊപ്പം സുഡാനും ലിബിയയും അടക്കമുള്ള പല ആഫ്രിക്കന്‍ രാജ്യങ്ങളിലും എത്തപ്പെടുന്ന സഞ്ചാരികള്‍ ഈ പ്രതിസന്ധിയെ നേരിടാറുണ്ട്. ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്ന രാജ്യങ്ങളില്‍ അമേരിക്ക, കാനഡ, ജപ്പാന്, ഓസ്ട്രേലിയ, സിംഗപ്പൂര്‍ എന്നിവയാണ് മുന്നില്‍.