'സാഫോ വിത്ത് സാഫോ'; പാരീസിലെ അവധിക്കാല ചിത്രങ്ങളുമായി കല്‍ക്കി
Mail This Article
കുടുംബത്തോടൊന്നിച്ചുള്ള അവധിക്കാല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി കല്‍ക്കി കേക്‌ല. മകള്‍ സാഫോയുടെ ചിത്രങ്ങളും കല്‍ക്കി പോസ്റ്റ് ചെയ്തിട്ടുണ്ട്. ലെസ്ബോസ് ദ്വീപിൽ നിന്നുള്ള ഒരു പുരാതന ഗ്രീക്ക് കവയിത്രിയായിരുന്ന സാഫോയുടെ പ്രതിമയ്ക്ക് മുന്നില്‍ നില്‍ക്കുന്ന മകളുടെ ചിത്രമാണ് ഇത്.
'സാഫോ വിത്ത് സാഫോ' എന്നാണ് ഇതിനൊപ്പം കുറിച്ചിരിക്കുന്നത്. ആയിരക്കണക്കിനു കവിതകള്‍ എഴുതിയ സാഫോയുടെ രചനകളില്‍ വെറും 650 എണ്ണം മാത്രമേ ഇന്നു നിലനില്‍ക്കുന്നുള്ളൂ. ക്രിസ്തുവിനു മുന്‍പുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്ന സാഫോയുടെ രചനകളുടെ ചില ഭാഗങ്ങള്‍, പാപിറസിലും കളിമണ്‍ ശിലകങ്ങളിലും പാത്രങ്ങളിലുമായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
പാരീസിലെ തണുപ്പുകാലത്തിന്‍റെ സുന്ദരമായ ദൃശ്യങ്ങളും കല്‍ക്കി പങ്കുവച്ചിട്ടുണ്ട്. പാരീസെന്നാല്‍ ഈഫല്‍ ടവറാണ് എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം വരുന്നത്. ഈഫല്‍ ടവറില്‍ നിന്നുള്ള ചിത്രങ്ങളും കല്‍ക്കി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പാരീസ്. വർഷംതോറും ഏകദേശം 3 കോടി വിദേശ വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. പ്രകാശത്തിന്‍റെയും പ്രണയത്തിന്‍റെയും കലാകാരന്മാരുടെയുമെല്ലാം നഗരമെന്നറിയപ്പെടുന്ന പാരീസിലെ, ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണമാണ് ഈഫല്‍ ടവര്‍. പണി പൂർത്തീകരിച്ചതു മുതൽ 250 ദശലക്ഷത്തിലധികം ആളുകൾ ഈ ടവർ സന്ദർശിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പണം നല്‍കി ടിക്കറ്റെടുത്തു സന്ദർശിക്കുന്ന സ്മാരകം എന്ന ബഹുമതിയും ഈഫല്‍ ടവറിനുണ്ട്.
ഈഫല്‍ ടവര്‍ കൂടാതെ ബസിലിക്ക ഓഫ് സാക്രെ-കോർ, ലൂവ്രെ മ്യൂസിയം, സെന്‍റര്‍ പോംപിഡോ, മ്യൂസി ഡി ഓർസെ, നോത്രഡാം കത്തീഡ്രല്‍, നെപ്പോളിയന്‍റെ ശവകുടീരം, വെർസൈൽസ് കൊട്ടാരം, ഫോണ്ടെയ്ൻ ബ്ലൂ കൊട്ടാരം മുതലായവയുമെല്ലാം പാരീസിലെ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെടുന്നു.
ഷോൻ നദിയിലൂടെയുള്ള സൂര്യാസ്തമയ യാത്രയും ലോകപ്രശസ്ത രുചികള്‍ വിളമ്പുന്ന റസ്റ്ററന്റുകളും ചരിത്ര മ്യൂസിയങ്ങളുമെല്ലാം പാരീസ് യാത്രയ്ക്ക് മാറ്റു കൂട്ടുന്നു. പാലീസ് റോയൽ (Palais-Royal), ആർക്ക് ഡി ട്രയോംഫ്, പ്ലേസ് ഡി ലാ കോൺകോർഡ് എന്നിവയുൾപ്പെടെയുള്ള ഐക്കണിക് ലാൻഡ്‌മാർക്കുകളും പാരീസിലെ അതിശയിപ്പിക്കുന്ന കാഴ്ചകളാണ്.