കശ്മീരില്‍ വീണ്ടും മഞ്ഞു വീണു; അവധി ആഘോഷിക്കാന്‍ സഞ്ചാരികളുടെ തിരക്ക്
Mail This Article
രണ്ടുമാസം നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം, കശ്മീരിന്‍റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വീണ്ടും മഞ്ഞുവീണു. ഇതോടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള അവധിദിനങ്ങള്‍ ആഘോഷിക്കാന്‍ കശ്മീരിലേക്ക് സഞ്ചാരികള്‍ കൂട്ടത്തോടെ ഒഴുകിയെത്തി. ഗുൽമാർഗ്, പഹൽഗാം, സോൻമാർഗ്, ഗുരെസ്, മച്ചിൽ, കർണ്ണ ദൂദ്പത്രി, ഷോപ്പിയാൻ എന്നിവയുൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഇടയ്ക്കിടെ മഞ്ഞുവീഴുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ശ്രീനഗർ നഗരത്തിന്റെ ചില ഭാഗങ്ങളിൽ നേരം പുലരുന്നതിന് മുമ്പ് നേരിയ ചാറ്റൽമഴ പെയ്തെങ്കിലും അതിനു ശേഷം വെയില്‍ വന്നു. നഗരത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് 0.5 ഡിഗ്രി സെൽഷ്യസ് ആണ്. പഹൽഗാം, ഖാസിഗുണ്ട്, ഗുൽമാർഗ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുടെ തുടക്കത്തോടെ താപനിലയില്‍ വ്യതിയാനങ്ങൾ അനുഭവപ്പെട്ടു.
മഞ്ഞു വീണതോടെ, ചരിത്രപ്രസിദ്ധമായ മുഗൾ റോഡിലൂടെയുള്ള മനോഹരമായ ശൈത്യകാല വിസ്മയഭൂമിയായ ദക്‌സമിലും വിനോദസഞ്ചാരികൾ നിറഞ്ഞു. മഞ്ഞുമൂടിയ പർവതങ്ങളുടെയും ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന പൈൻ മരങ്ങളുടെയും കാഴ്ച വളരെ മനോഹരമായി ഇവിടെ ആസ്വദിക്കാം.
ഷോപിയാൻ ഭാഗത്തെ അവസാന ഗ്രാമമായ ഹീർപോരയിൽ ഏകദേശം 3 മുതൽ 4 ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടായി. ഒറീസ, പഞ്ചാബ്, ഗുജറാത്ത്, എൻസിആർ എന്നിവിടങ്ങളിൽ നിന്നുള്ള ഒട്ടേറെ വിനോദസഞ്ചാരികളെ കാശ്മീരിലേക്ക് ആകർഷിക്കുന്ന ശൈത്യകാലം ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ മഞ്ഞുവീഴ്ചയാണിത്. എന്നിരുന്നാലും പീർ കി ഗലി പർവതത്തിൽ കാര്യമായ മഞ്ഞുവീഴ്ചയെത്തുടർന്ന് അധികൃതർ മുഗൾ റോഡ് അടച്ചതിനാൽ വിനോദസഞ്ചാരികൾക്കു ഹീർപോരയ്ക്ക് അപ്പുറത്തേക്ക് യാത്ര ചെയ്യാനായില്ല. അനന്തനാഗ് ജില്ലയിലെ സിന്തൻ ടോപ്പിലേക്കും ഒട്ടേറെ വിനോദസഞ്ചാരികൾ ഒഴുകിയെത്തി.
കശ്മീരില്‍ നിലവിൽ "ചില്ല-ഇ-കലൻ" എന്നറിയപ്പെടുന്ന ശീതകാലമാണ്. 40 ദിവസം നീണ്ടുനിൽക്കുന്ന കഠിനമായ ശീതകാലം വളരെ പ്രയാസമേറിയതാണ്. കശ്മീരിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കുറഞ്ഞ താപനില ഫ്രീസിങ് പോയിന്‍റിനും താഴെയാണ്. ജലാശയങ്ങളും പൈപ്പുകളിലെ വെള്ളവുമെല്ലാം ഐസായി മാറിയ നിലയിലാണ്. മഞ്ഞുവീഴ്ചയില്ലാതായതിനാല്‍, താഴ്‌വരയിലൊന്നാകെ സാധാരണയേക്കാള്‍ തണുത്ത രാത്രികളും ചൂടുള്ള പകലുകളുമാണ് അനുഭവപ്പെട്ടത്.
'ചില്ല-ഇ-കലൻ' ജനുവരി 31 ന് അവസാനിക്കും. അതിനുശേഷമുള്ള, 20 ദിവസത്തെ 'ചില്ല-ഇ-ഖുർദ്', 10 ദിവസത്തെ 'ചില്ല-ഇ-ബച്ച' എന്നീ സമയങ്ങളിലും തണുപ്പ് തുടരും. ഫെബ്രുവരി ആദ്യവാരം വരെ താഴ്‌വരയിലെ മിക്ക സ്ഥലങ്ങളിലും നേരിയ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു.
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കേബിൾ കാർ പദ്ധതിയായ ഗുൽമാർഗ് ഗൊണ്ടോളയാണ് കശ്മീരിലെ മഞ്ഞുകാലം ഏറ്റവും ഏറ്റവും ആകര്‍ഷകമാക്കുന്ന വിനോദങ്ങളില്‍ ഒന്ന്. കഴിഞ്ഞ കൊല്ലം, സീസണിലെ ആദ്യ മഞ്ഞുവീഴ്ച ഉണ്ടായ നവംബറിൽ തന്നെ ഗുല്‍മാര്‍ഗിലേക്ക് സഞ്ചാരികള്‍ എത്തി.
കഴിഞ്ഞ വർഷം, ഡിസംബര്‍ വരെയുള്ള സമയത്ത് ഒരു ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഗൊണ്ടോള സവാരി ആസ്വദിച്ചതായാണ് കണക്ക്. ഇത് ഗൊണ്ടോള സവാരി നടത്തുന്ന ജെ & കെ കേബിൾ കാർ കോർപ്പറേഷന് 108 കോടി രൂപയിലധികം വരുമാനം നല്‍കി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന റോപ്പ് വേയും, 14,000 അടി ഉയരമുള്ള ഏഷ്യയിലെ ഏറ്റവും ഉയർന്ന ഓപ്പറേറ്റിംഗ് കേബിൾ കാറുമാണ് ഗുൽമാർഗ് ഗൊണ്ടോള.