ഓള്‍ഡ് ഡല്‍ഹിയും ന്യൂഡല്‍ഹിയും; കാഴ്ചയുടെ രണ്ടു ലോകങ്ങൾ
Mail This Article
ഓള്‍ഡ് ഡല്‍ഹിയും ന്യൂഡല്‍ഹിയും രണ്ടു ലോകങ്ങളാണ്. ഒന്നിന് ആധുനിക ഇന്ത്യയുടെ മുഖമാണെങ്കില്‍ മറ്റേതിന് പഴമയുടെ രൂപമാണ്. ഒരുകാലത്ത് മുഗള്‍സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഓള്‍ഡ് ഡല്‍ഹി. ചരിത്രവും പഴമയും പ്രൗഡിയും നിറഞ്ഞ നിര്‍മിതികളും ആത്മീയതയുമെല്ലാം നിറഞ്ഞ പ്രദേശമാണിത്. വര്‍ഷങ്ങളോളം ഓര്ത്തുവയ്ക്കാനാഗ്രഹിക്കുന്ന ഡല്‍ഹി ഓര്മകള്ക്കുവേണ്ടിയാണ് നിങ്ങളുടെ യാത്രയെങ്കില്‍ ഓള്‍ഡ് ഡല്‍ഹിയില്‍ പോകാന്‍ സ്ഥലങ്ങളേറെയാണ്.
ചെങ്കോട്ട
യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ള സ്ഥലമാണ് ചരിത്രപ്രസിദ്ധമായ ചെങ്കോട്ട. ലാല്‍ ക്വില എന്നറിയപ്പെടുന്ന ചെങ്കോട്ട പഴയ ഡല്‍ഹിയുടെ പ്രധാന നിര്‍മിതിയാണ്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന് പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണിത്. ചെങ്കല്ലുകൊണ്ട് നിര്‍മിക്കപ്പെട്ട ഈ കോട്ട രണ്ടു നൂറ്റാണ്ടോളം മുഗള്‍ രാജാക്കന്മാരുടെ പ്രധാന താമസസ്ഥലം കൂടിയായിരുന്നു. ഡല്‍ഹിയിലെ തന്നെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് ചെങ്കോട്ട. ദിവാന് ഇ ആലം(പൊതുജനങ്ങള്‍ക്കായുള്ള ഹാള്‍), ദിവാന് ഇ ഖാസ്(സ്വകാര്യ വ്യക്തികള്‍ക്കായുള്ള ഹാള്‍) എന്നിങ്ങനെ മനോഹരമായ നിര്‍മിതികള്‍ ചെങ്കോട്ടയിലുണ്ട്. ഡല്‍ഹിയുടെ ചരിത്രം വിവരിക്കുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോയും ഇവിടെ ആസ്വദിക്കാനാവും.
ജുമാ മസ്ജിദ്
ചെങ്കോട്ടയില്‍ നിന്നു നടന്നെത്താനുള്ള ദൂരമേയുള്ളൂ ജുമാ മസ്ജിദിലേക്ക്. ഇന്ത്യയിലെ തന്നെ വലിയ മോസ്കുകളിലൊന്നാണിത്. ഷാജഹാന് തന്നെയാണ് ആയിരങ്ങള്‍ക്ക് ഒരേസമയം പ്രാര്‍ഥിക്കാന്‍ സാധിക്കുന്ന ഈ പള്ളിയുടെ നിര്മാണകാലത്തേയും ചക്രവര്‍ത്തി. ജുമാ മസ്ജിദിന്റെ മിനാരങ്ങളില്‍ ഒന്നിന്റെ മുകളിലേക്ക് കയറാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കും. ഇവിടെ നിന്നു പഴയ ഡല്‍ഹിയുടെ വിശാലമായ കാഴ്ചകള്‍ ആസ്വദിക്കാനാവും.
ചാന്ദ്നി ചൗക്ക്
ചെങ്കോട്ടയുടെ സമീപത്തെ മറ്റൊരു പ്രധാനപ്പെട്ട സഞ്ചാരികളുടെ ആകര്‍ഷണമാണ് ചാന്ദ്നി ചൗക്ക്. സുഗന്ധവ്യജ്ഞനങ്ങളും തുണിയും ആഭരണങ്ങളും ഭക്ഷണവും വില്‍ക്കുന്ന കടകള്‍ നിറഞ്ഞതാണ് ചാന്ദ്നി ചൗക്കിന്റെ വഴികള്‍. ഷാജഹാനാബാദിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഇന്നും സജീവമായുള്ള ഈ കച്ചവട കേന്ദ്രം.
രാജ് ഘട്ട്
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്മാരകമായ രാജ് ഘട്ട് ഓള്‍ഡ് ഡല്‍ഹിയിലാണ്. യമുനയുടെ തീരത്താണ് രാജ് ഘട്ട് സ്ഥിതി ചെയ്യുന്നത്. കറുത്ത മാര്‍ബിള്‍ ഫലകങ്ങള്ക്കടിയിലാണ് ഗാന്ധിയെ സംസ്ക്കരിച്ചിരിക്കുന്നത്. ചുറ്റുമുള്ള പൂന്തോട്ടവും രാജ്ഘട്ടിനെ സമാധാനപ്രിയരുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുന്നു.
ഖാരി ബോലി
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജനങ്ങളുടെ മൊത്ത വില്പന കേന്ദ്രമാണ് ഖാരി ബോലി. ഇവിടുത്തെ ഇടുങ്ങിയ വഴികള്‍ക്കിരുവശവും പലതരത്തിലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളാണ്. മണം കൊണ്ടു തന്നെ ഏതൊക്കെ സാധനങ്ങളാണ് വില്പ്പനക്കുള്ളതെന്ന് തിരിച്ചറിയാനാവും. ഡ്രൈ ഫ്രൂട്സിന്റേയും കശുവണ്ടിയുടേയുമെല്ലാം ധാരാളം വില്പന ശാലകളും ഇവിടെയുണ്ട്. ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ട കേന്ദ്രങ്ങളാണ് ഖാരി ബോലി അടക്കമുള്ള ഓള്‍ഡ് ഡല്‍ഹിയിലെ കേന്ദ്രങ്ങള്‍.
സെന്റ് ജെയിംസ് ചര്‍ച്ച്
1836ല്‍ നിര്‍മിച്ച ഈ പള്ളി ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. മനോഹരമായ ചില്ലു ജാലകങ്ങളും സുന്ദരമായ പ്രകൃതിയും പൂന്തോട്ടങ്ങളുമെല്ലാമുള്ള സെന്റ് ജെയിംസ് ചര്‍ച്ച് ഡല്‍ഹിയിലെ ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നാണ്.
ഗുരുദ്വാര
സിഖുകാരുടെ വിശുദ്ധ ആരാധനാ കേന്ദ്രങ്ങളിലൊന്നായ ഗുരുദ്വാര സിസ് ഗജ് സാഹിബ് സ്ഥിതി ചെയ്യുന്നത് പഴയ ഡല്‍ഹിയിലാണ്. ഒമ്പതാമത്തെ സിഖ് ഗുരു തേജ് ബഹാദൂറിന്റെ സ്മാരകം കൂടിയാണിത്. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ഗുരു തേജ് ബഹാദൂറിനെ വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. ഗുരു തേജ് ബഹാദൂറിനെ വധിച്ച സ്ഥലത്ത് പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്നു കാണുന്ന ഗുരുദ്വാര സിസ് ഗജ് സാഹിബ് നിര്‍മിച്ചത്.
ശ്രീ ദിഗംബര്‍ ജൈന്‍ ലാല്‍ മന്ദിര്‍
ഡല്‍ഹിയില്‍ ചാന്ദ്നി ചൗക്കിലാണ് ശ്രീ ദിഗംബര്‍ ജൈന്‍ ലാല്‍ മന്ദിര്‍ സ്ഥിതി ചെയ്യുന്നത്. 1656ലാണ് ഈ ജൈന ക്ഷേത്രം നിര്‍മിക്കുന്നത്. മഹാവീരനെ ആരാധിക്കുന്നതിനു വേണ്ടി നിര്‍മിച്ചതാണ് ഈ ക്ഷേത്രം. ജൈന മതത്തിലെ 24–ാം തീര്‍ഥങ്കരനാണ് മഹാവീരന്.