ADVERTISEMENT

ആകെയുള്ളത് 12 മാസങ്ങൾ. അതിനിടയിൽ വീണു കിട്ടുന്ന കുറച്ച് അവധി ദിവസങ്ങൾ. ഇത്തരം അവധി ദിനങ്ങൾ മനസ്സിലാക്കി, അതിനൊപ്പം ഒന്നോ രണ്ടോ ദിവസത്തെ ലീവ് കൂടി ചേർത്ത് ആസൂത്രണം ചെയ്താൽ കുടുംബത്തിനൊപ്പമോ കൂട്ടുകാർക്ക് ഒപ്പമോ യാത്രകൾ ആസ്വദിക്കാം. സഞ്ചാരപ്രിയരായ ഓഫിസ് ജോലിക്കാരാണ് നിങ്ങളെങ്കിൽ ഈ വർഷത്തെ അവധി ദിവസങ്ങൾ മാർക്ക് ചെയ്തോളൂ. കുട്ടികളുമായി യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കാണ് ഈ അവധി ദിവസങ്ങൾ കൂടുതൽ സഹായകമാകുക.

മാർച്ചിൽ അവധികളുടെ മേളം, നേരത്തേ അവധിയെടുത്താൽ രണ്ടു യാത്രകൾ

ശിവരാത്രിയും രണ്ടാം ശനിയും അടുത്തടുത്ത് വരുന്നതാണ് മാർച്ച് 8, 9 തീയതികൾ. ഒപ്പം ഞായറാഴ്ച കൂടി കിട്ടുമ്പോൾ അവധി തന്നെ മൂന്നു ദിവസമായി. അതിനൊപ്പം ഒന്നോ രണ്ടോ ദിവസത്തെ ലീവ് കൂടി എടുത്താൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരു നീണ്ട വീക്കെൻഡ് ആണ്. കുടുംബത്തിനൊപ്പം യാത്ര പോകാനാഗ്രഹിക്കുന്നവർക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാം. കൂടാതെ, ഈസ്റ്റർ അവധിക്കാലവും യാത്രക്കാരെ കാത്തിരിക്കുന്നു. ദുഃഖവെള്ളി, ശനി, ഈസ്റ്റർ (മാർച്ച് 29. 30, 31), ദിവസങ്ങൾ അവധി. ഒപ്പം ഏപ്രിൽ ഒന്നും അവധിയാണ്. ഈ ദിവസങ്ങൾക്കൊപ്പം രണ്ടു ദിവസം അവധി കൂടി എടുത്താൽ വീണ്ടും അവധി ആഘോഷിക്കാൻ ഒരു ലോങ് വീക്കെൻഡ് മാർച്ചിൽത്തന്നെയായി.

ഏപ്രിലിലെ അവധി ചെറിയ പെരുന്നാൾ

റമസാൻ വ്രതത്തിനു ശേഷം ഏപ്രിൽ 10 അല്ലെങ്കിൽ 11ന് ആയിരിക്കും ഇത്തവണത്തെ ചെറിയ പെരുന്നാൾ. അതായത് ബുധനോ വ്യാഴമോ. തുടർന്നു വരുന്നത് രണ്ടാം ശനിയും ഞായറും. അതോടൊപ്പം വിഷുവും എത്തുകയായി. വിഷു ഇത്തവണ ഞായറാഴ്ചയാണ്. എന്നാലും ഒന്നോ രണ്ടോ ദിവസം ലീവ് കൂടി എടുത്താൽ ഒരു വീക്കെൻഡ് ആഘോഷത്തിന് ഇഷ്ടം പോലെ ദിവസങ്ങളായി.

മേയ് മാസത്തിൽ കാത്തിരിക്കുന്നത്

ഏപ്രിൽ 29, 30 ദിവസങ്ങളിൽ ലീവ് എടുത്താൽ അഞ്ചു ദിവസത്തെ അടിപൊളി വീക്കെൻഡ് കിട്ടും. ഏപ്രിൽ 27, 28 ശനിയും ഞായറുമാണ്. മേയ് ഒന്നാം തീയതി മേയ് ദിനമായതിനാൽ അവധിയാണ്. അപ്പോൾ ഏപ്രിൽ 29, 30 ലീവ് കൂടി എടുത്താൽ അഞ്ച് ദിവസം തുടർച്ചയായി അവധിയായി. സ്കൂൾ അവധിക്കാലമാണ് എന്നതും കുട്ടികൾക്കൊപ്പം യാത്ര പോകാനുള്ള വിശേഷാവസരമാണ്.

മഴ ആസ്വദിക്കാം ജൂണിൽ

ബക്രീദ് അവധി തിങ്കളാഴ്ച വരുന്നത് യാത്ര പോകാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷവാർത്തയാണ്. ജൂൺ 15, 16 ശനിയും ഞായറുമാണ്. വേണമെങ്കിൽ വെള്ളിയാഴ്ചയോ അല്ലെങ്കിൽ ബക്രീദ് കഴിഞ്ഞുള്ള ചൊവ്വാഴ്ചയോ ഒരു ലീവ് എടുത്താൽ നാലു ദിവസം നീണ്ട വീക്കെൻഡ് ലഭിക്കും. മഴ ശക്തമായാൽ കാടും മലയും വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാൻ ഒരു സുവർണാവസരം കൂടിയാണ് ഇത്.

പൊതു അവധി ദിവസങ്ങളുടെ നീണ്ട പട്ടികയുമായി ഓഗസ്റ്റ്

രണ്ടു പൊതു അവധി ദിനങ്ങൾക്കിടയിൽ ഒരു ശനിയും ഞായറും. ബാക്കിയുള്ള രണ്ടു ദിവസങ്ങളിൽ ഒന്ന് വർക്കിങ് ഡേയും മറ്റൊന്ന് പ്രാദേശിക അവധി ദിവസവും. അതാണ് ഓഗസ്റ്റിന്റെ പ്രത്യേകത. ഓഗസ്റ്റ് 15 ഇത്തവണ വ്യാഴാഴ്ചയാണ്. വെള്ളി കഴിഞ്ഞാൽ ശനിയും ഞായറും അവധി. അതു കഴിഞ്ഞെത്തുന്ന തിങ്കളാഴ്ച ആവണി അവിട്ടമായതിനാൽ പ്രാദേശിക അവധിയാണ്. ചൊവ്വാഴ്ച ശ്രീനാരായണ ഗുരു ജയന്തി ആയതിനാൽ വീണ്ടും പൊതു അവധി. ചുരുക്കത്തിൽ വെള്ളിയാഴ്ച നേരത്തേ ലീവ് ഒപ്പിച്ചാൽ നീണ്ട ഒരു വീക്കെൻഡ് ആണ് ലഭിക്കുന്നത്. ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന യാത്രകൾ പ്ലാൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഓഗസ്റ്റ് ഒരു അവസരമാണ്.

ഓണാവധി കാത്തിരിക്കുന്നവർ സന്തോഷിക്കാൻ വരട്ടെ

ഇത്തവണ ഒന്നാം ഓണവും തിരുവോണവും ശനി, ഞായർ ദിവസങ്ങളിലാണ്. സെപ്റ്റംബർ 14ന് ഒന്നാം ഓണവും 15ന് തിരുവോണവും. പൊതു അവധി ദിനമായ പതിനാറാം തീയതി മൂന്നാം ഓണത്തിന് ഒപ്പം തന്നെ നബിദിനം കൂടിയെത്തുന്നുണ്ട്. നാലാം ഓണവും വിശ്വകർമ ജയന്തിയുമായ പതിനേഴാം തിയതി പ്രാദേശിക അവധിയാണ്. ഓണം ആഘോഷിക്കാൻ നാലു ദിവസം അവധി നീണ്ടു നിൽക്കുന്ന വീക്കെൻഡ് ആണ് ലഭിക്കുന്നത്.

ഒക്ടോബറിൽ നവരാത്രി അവധി ശനിയും ഞായറും കൊണ്ടുപോയി

ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് പൊതു അവധി ദിവസമാണ്. ബുധനാഴ്ചയാണ് അത്. വ്യാഴം, വെള്ളി ദിവസങ്ങൾ കൂടി ലീവ് എടുത്താൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന അവധിക്കാലം ലഭിക്കും. ഒരു വലിയ യാത്ര പോകാനുള്ള സമയം.

നവംബർ ഒന്നിന് ലീവ് എടുത്താൽ ദീപാവലി അടിപൊളിയാക്കാം

ഒക്ടോബർ 31നാണ് ഇത്തവണ ദീപാവലി. അതായത് വ്യാഴാഴ്ച. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് വെള്ളിയാഴ്ചയാണ്. അന്നു ലീവ് എടുത്താൽ നാലു ദിവസം നീണ്ടു നിൽക്കുന്ന വീക്കെൻഡ് ആണ് നവംബർ ആദ്യം തന്നെ ലഭിക്കുക. 

ഡിസംബറിലെ വർഷാവസാനം നേരത്തേ പ്ലാൻ ചെയ്യാം

ക്രിസ്മസ് ദിനമായ ഡിസംബർ 25 ഇത്തവണ ബുധനാഴ്ചയാണ്. 26, 27 തീയതികളിലെ വ്യാഴം, വെള്ളി ദിവസങ്ങളിൽ നേരത്തെ ലീവ് എടുത്താൽ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന വീക്കെൻഡ് ലഭിക്കും. എന്നാൽ, വർഷാവസാനം അടിപൊളി യാത്ര പോകാൻ ആഗ്രഹിക്കുന്നർ 30, 31 ദിവസങ്ങളിൽ അവധി എടുക്കുന്നത് ആയിരിക്കും നല്ലത്. കാരണം 28, 29 ദിവസങ്ങൾ ശനിയും ഞായറുമാണ്. അപ്പോൾ, രണ്ടു ദിവസം ലീവ് എടുത്താൽ ആകെ നാല് ദിവസം നീണ്ടു നിൽക്കുന്ന വീക്കെൻഡ് ലഭിക്കും. അടുത്ത പുതുവർഷത്തിൽ അടിപൊളിയായി ഓഫിസിലേക്കും പോകാം.

English Summary:

Make your Long Weekend plans for 2024 now by using this schedule.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com