ADVERTISEMENT

ഡല്‍ഹി സന്ദർശിക്കുന്നവർക്ക് രാഷ്ട്രപതി ഭവനിലെ മനോഹരമായ പൂന്തോട്ടം കാണാനും അവസരമുണ്ട്. അമൃത് ഉദ്യാന്‍ എന്നു പേരു മാറ്റിയ മുഗള്‍ ഗാര്‍ഡന്‍ വര്‍ഷത്തില്‍ നിശ്ചിത ദിവസങ്ങള്‍ മാത്രമേ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാറുള്ളൂ. ഫെബ്രുവരി രണ്ടു മുതല്‍ മാര്‍ച്ച് 31 വരെയാണ് ഇത്തവണ അമൃത് ഉദ്യാനിലേക്കു പ്രവേശനം. 

march-travel-mob
യാത്രകൾ പ്ലാൻ ചെയ്യാം. മാർച്ച് 8 - ശിവരാത്രി മാർച്ച് 29, 30, 31- ദുഃഖവെള്ളി, ശനി, ഈസ്റ്റർ. ഏപ്രിൽ ഒന്നും അവധി.
march-travel-mob
യാത്രകൾ പ്ലാൻ ചെയ്യാം. മാർച്ച് 8 - ശിവരാത്രി മാർച്ച് 29, 30, 31- ദുഃഖവെള്ളി, ശനി, ഈസ്റ്റർ. ഏപ്രിൽ ഒന്നും അവധി.

ലുഡ്യന്‍സ് ഡല്‍ഹിയിലാണ് അമൃത് ഉദ്യാന്‍ സ്ഥിതി ചെയ്യുന്നത്. ന്യൂഡല്‍ഹിയുടെ രൂപകല്‍പന നിര്‍വഹിച്ച വിഖ്യാത ബ്രിട്ടിഷ് എന്‍ജിനീയര്‍ എഡ്വിന്‍ ലുഡ്യന്‍സിന്റെ പേരാണ് ഈ സ്ഥലത്തിനു നല്‍കിയിരിക്കുന്നത്. അമൃത് ഉദ്യാനും സര്‍ എഡ്വിന്‍ ലുഡ്യന്‍സ് തന്നെയാണ് ഡിസൈന്‍ ചെയ്തത്. 1911ല്‍ കൊല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കു തലസ്ഥാനം മാറ്റാന്‍ ബ്രിട്ടന്‍ തീരുമാനിച്ചപ്പോള്‍, ഡല്‍ഹിയെ തലസ്ഥാനമായ ന്യൂഡല്‍ഹിയാക്കി മാറ്റിയത് ലുഡ്യന്‍സിന്റെ നേതൃത്വത്തിലായിരുന്നു. മുഗള്‍ ശൈലിയിലാണ് അമൃത് ഉദ്യാന്‍ രൂപകല്‍പന ചെയ്തത്. അതുകൊണ്ടുതന്നെ ആഗ്രയിലെ താജ്മഹലിലെയും ഡല്‍ഹിയിലെ ഹുമയൂണിന്റെ ശവകുടീരത്തിലെയും കശ്മീരിലെ നിശാത് ബാഗിലെയും പൂന്തോട്ടങ്ങള്‍ക്ക് അമൃത് ഉദ്യാനുമായി സാമ്യമുണ്ട്.

‌വ്യത്യസ്തങ്ങളായ പൂച്ചെടികളും ജലധാരകളുമെല്ലാം പല തട്ടുകളിലായി വിവിധ ജ്യാമിതീയ രൂപങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട് അമൃത് ഉദ്യാനില്‍. രാഷ്ട്രപതി ഭവന്റെ ഭാഗമായതുകൊണ്ടുതന്നെ മികച്ച സുരക്ഷയോടെ, ഉയര്‍ന്ന നിലവാരത്തിൽ‌ പരിപാലിക്കപ്പെടുന്ന പൂന്തോട്ടമാണിത്. രാഷ്ട്രപതിഭവനോട് ചേര്‍ന്നുള്ള ഭാഗത്ത് താമരപ്പൊയ്കകളും ജലധാരകളും തട്ടു തട്ടായ നിര്‍മിതികളുമുണ്ട്. കിഴക്കു ഭാഗത്ത് വൃത്താകൃതിയിലുള്ള കുളവും ചിത്രശലഭ പൂന്തോട്ടവും സജ്ജീകരിച്ചിരിക്കുന്നു. രണ്ടു ഭാഗങ്ങളിലും ടെന്നിസ് ‌കോര്‍ട്ടുകളും റോസാപ്പൂക്കളുടേയും ബൊഗെയ്ൻ വില്ലകളുടേയും വലിയ തോട്ടങ്ങളുമുണ്ട്. 

18 ഇനങ്ങളിലായി 42,000 ത്തിലേറെ ടുലിപ്പ്, ഡാഫഡില്‍സ്, ലില്ലി എന്നിങ്ങനെ പലതരം പൂക്കളാല്‍ സമൃദ്ധമാണ് അമൃത് ഉദ്യാന്‍. നൂറ് ഇനങ്ങളിലുള്ള റോസ് ചെടികളുടെ ശേഖരവും ഇവിടെയുണ്ട്. കുട്ടികള്‍ക്കു വേണ്ടി നിര്‍മിച്ച ബാല്‍ വതികയും 225 വര്‍ഷം പഴക്കമുള്ള, വടക്കേ ഇന്ത്യയുടെ വീട്ടി’ എന്നറിയപ്പെടുന്ന 'ശീഷം' വൃക്ഷവും അമൃത് ഉദ്യാനിലുണ്ട്. ബോണ്‍സായ് ഗാര്‍ഡന്‍, ഫ്‌ളോറല്‍ ക്ലോക്ക്, മ്യൂസിക്കല്‍ ഫൗണ്ടന്‍, സെന്‍ട്രല്‍ ലോണ്‍, ലോങ് ഗാര്‍ഡന്‍, ചോട്ടി നരങ്കി, തൂങ്ങുന്ന പൂന്തോട്ടം, വൃത്താകൃതിയിലുള്ള പൂന്തോട്ടം, ട്രേ ഗാര്‍ഡന്‍, സെന്‍ ഗാര്‍ഡന്‍, ഗംഭീരങ്ങളായ അരയാല്‍ മരങ്ങള്‍ എന്നിങ്ങനെ നീളുന്നു അമൃത് ഉദ്യാനിലെ കാഴ്ചകള്‍. സന്ദര്‍ശകര്‍ക്ക് ഭക്ഷണം കഴിക്കാനായി ഫുഡ് പാര്‍ക്കും ഇവിടെയുണ്ട്.

മാര്‍ച്ച് 31 വരെ, തിങ്കൾ ഒഴികെയുള്ള ദിവസങ്ങളില്‍ അമൃത് ഗാര്‍ഡന്‍ സന്ദര്‍ശിക്കാം. ഹോളി ആഘോഷിക്കുന്ന മാര്‍ച്ച് 25ന് അമൃത് ഉദ്യാന് അവധിയായിരിക്കും. ചില ദിവസങ്ങളിൽ, പ്രത്യേക വിഭാഗങ്ങൾക്കായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 22 ന് പ്രത്യേക പരിഗണന വേണ്ടവര്‍ക്കും 23ന് പ്രതിരോധ, പാരാമിലിറ്ററി, പൊലീസ് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും മാര്‍ച്ച് ഒന്നിന് സ്ത്രീകള്‍ക്കും ഗോത്രവിഭാഗക്കാര്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും മാര്‍ച്ച് അഞ്ചിന് അനാഥാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും മാത്രമായിരിക്കും പ്രവേശനം.

സാധാരണ ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് നാലു വരെയാണ് അമൃത് ഉദ്യാനില്‍ പ്രവേശനമുണ്ടാവുക. രാഷ്ട്രപതി ഭവനിലെ നോര്‍ത്ത് അവന്യുവിലെ 35–ാം നമ്പര്‍ ഗേറ്റില്‍നിന്ന് ടിക്കറ്റുകള്‍ ലഭിക്കും. സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് മെട്രോ സ്‌റ്റേഷനില്‍നിന്ന് 35–ാം നമ്പര്‍ ഗേറ്റിലേക്ക് രാവിലെ 9.30 മുതല്‍ ഓരോ അര മണിക്കൂര്‍ ഇടവേളയിലും ബസ് സര്‍വീസുമുണ്ടാവും. 

അമൃത് ഗാര്‍ഡനിലേക്കുള്ള പ്രവേശന ടിക്കറ്റിന് പണം ഈടാക്കുന്നില്ല. എങ്കിലും പ്രവേശന ടിക്കറ്റ് ഉറപ്പിക്കാനായി രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യേണ്ടതുണ്ട്. നേരിട്ടു വന്ന് ടിക്കറ്റെടുക്കണമെങ്കില്‍ 35–ാം നമ്പര്‍ ഗേറ്റിലെ സെല്‍ഫ് സര്‍വീസ് കിയോസ്‌കിന്റെ സേവനം തേടാം. ഏറ്റവും അടുത്തുള്ള മെട്രോ സ്‌റ്റേഷന്‍ സെന്‍ട്രല്‍ സെക്രട്ടേറിയേറ്റാണ്. ശിവാജി സ്‌റ്റേഡിയം (ഓറഞ്ച് ലൈന്‍, രണ്ട് കിമി), പട്ടേല്‍ ചൗക്ക് (യെല്ലോ ലൈന്‍, 2.1 കിമി) എന്നിവിടങ്ങളില്‍നിന്ന് അമൃത് ഉദ്യാനിലേക്ക് ഓട്ടോ പിടിക്കുകയോ നടക്കുകയോ ചെയ്യാം.

English Summary:

'Amrit Udyan', to open for public from Tuesday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com