‘ദൈവങ്ങളുടെ ദ്വീപ്’ സന്ദർശിക്കാൻ എത്തുന്നവർക്ക് വിനോദനികുതി
Mail This Article
ധാരാളം സഞ്ചാരികളെത്തുന്ന ദ്വീപാണ് ഇന്തൊനീഷ്യയിലെ ബാലി. എന്നാൽ, ഇത്തവണത്തെ വാലന്റൈൻസ് ഡേയിൽ സഞ്ചാരികൾക്കു ചെറിയൊരു ഞെട്ടൽ നൽകിയിരിക്കുകയാണ് ബാലി. ഫെബ്രുവരി 14 മുതൽ ടൂറിസം ടാക്സ് ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, പുതിയ ടൂറിസം ടാക്സിൽ നിന്നു ചിലർക്കൊക്കെ ഒഴിവും ലഭിച്ചിട്ടുണ്ട്. ഒന്നരലക്ഷം ഇന്തൊനീഷ്യൻ രൂപയാണ് നികുതി. അതായത് പത്ത് യുഎസ് ഡോളർ (829 ഇന്ത്യൻ രൂപ).
ബാലിയിലേക്ക് എത്തുന്ന വിദേശികളായ വിനോദസഞ്ചാരികളാണ് നികുതി അടയ്ക്കേണ്ടത്. മുതിർന്നവർക്ക് മാത്രമല്ല, കുട്ടികൾക്കും നികുതി ബാധകമാണ്. റിപ്പോർട്ടുകൾ അനുസരിച്ച്, കഴിഞ്ഞവർഷം ജൂലൈയിൽ ആയിരുന്നു ആദ്യമായി ടൂറിസം ടാക്സ് സംബന്ധിച്ച പ്രഖ്യാപനം ബാലിയിൽ നടന്നത്. ദ്വീപിന്റെ സംസ്കാരം സംരക്ഷിക്കുന്നതിനും ധനസമാഹരണത്തിനുമാണ് ഇത്. വിനോദസഞ്ചാരത്തെ വളരെയധികം ആശ്രയിക്കുന്ന പ്രദേശമാണ് ബാലി.
നികുതി അടയ്ക്കേണ്ടത് ആരെല്ലാം?
ബാലിയിലേക്ക് എത്തുന്ന എല്ലാ വിദേശ വിനോദസഞ്ചാരികളും നികുതി അടയ്ക്കണം. സമീപ ദ്വീപുകളായ നുസ പെനിഡ, നുസ സെനിംഗൻ, നുസ ലെംബോംഗൻ എന്നീ ദ്വീപുകൾ സന്ദർശിക്കുന്നവർ ഒഴികെയുള്ളവരാണ് നികുതി അടയ്ക്കേണ്ടത്. ഇന്തൊനീഷ്യയിലെ മറ്റ് പ്രദേശങ്ങളിൽ നിന്ന് ആഭ്യന്തര വിമാനങ്ങളിലൂടെയോ മറ്റ് റൂട്ടുകളിലൂടെയോ ബാലിയിലേക്ക് എത്തുന്നവരും ടൂറിസം ടാക്സ് അടയ്ക്കാൻ ബാധ്യസ്ഥരാണ്.
നികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ
അതേസമയം, ചില വീസകൾ കൈവശമുള്ളവർ നികുതി അടയ്ക്കേണ്ട കാര്യമില്ല. അത്തരക്കാർ ഓൺലൈൻ ആയി ലോഗിൻ ചെയ്ത് നികുതി ഇളവിന് അപേക്ഷിക്കേണ്ടതാണ്. നയതന്ത്ര പ്രതിനിധികൾ, ഔദ്യോഗിക വീസയുള്ളവർ, ട്രാൻസ്പോർട്ടേഷൻ വാഹനങ്ങളിലെ ക്രൂ അംഗങ്ങൾ, സ്ഥിരമായതോ താൽക്കാലികമായതോ ആയ താമസ അനുമതി കാർഡുകൾ കൈവശമുള്ളവർ എന്നിവർക്കു നികുതി അടയ്ക്കേണ്ടതില്ല. കൂടാതെ, കുടുംബ ഏകീകരണ വീസകൾ, ഗോൾഡൻ വീസ, സ്റ്റുഡന്റ് വീസ, ബിസിനസ് വീസ എന്നിവയുള്ളവരും നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിലുണ്ട്.
നികുതിയിളവ് ലഭിക്കാൻ ചെയ്യേണ്ടത്
നികുതി അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കപ്പെട്ടവർ ബാലിയിലേക്ക് എത്തുന്നതിന് ഒരു മാസം മുൻപ് തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. പ്രാദേശിക ടൂറിസം അതോറിറ്റി അപേക്ഷ പരിശോധിക്കുകയും അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തീരുമാനം എടുക്കുകയും ചെയ്യും. തുടർന്ന് lovebali.baliprov.go.id എന്ന വെബ്സൈറ്റിലൂടെ വിവരങ്ങൾ അറിയാൻ കഴിയും.
നികുതി അടച്ചില്ലെങ്കിൽ പിടി വീഴും
ബാലിയിലെ രാജ്യാന്തര വിമാനത്താവളത്തിന്റെ ആഗമന ടെർമിനലിലും ബാലിയിലെ ബെനോവ തുറമുഖത്തും ടൂറിസം നികുതി അടയ്ക്കാൻ സഞ്ചാരികൾക്ക് അവസരം ഉണ്ട്. ബാലി ടൂറിസം സിവിൽ സർവീസ് സാത് പോൽ പി പി യൂണിറ്റുകൾ പട്രോളിങ് നടത്തുമെന്ന കാര്യം സഞ്ചാരികൾക്ക് ഓർമ വേണം. ടൂറിസം നികുതി അടച്ചതിന്റെ വൗച്ചറുകൾ ചിലപ്പോൾ പരിശോധനാസമയത്ത് ഹാജരാക്കേണ്ടി വന്നേക്കും.