അഞ്ചു വര്‍ഷത്തെ കാലാവധിയുള്ള ദുബായ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ; അറിയേണ്ടതെല്ലാം
Mail This Article
കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തയാണ്, ദുബായ് അഞ്ചു വര്‍ഷത്തെ കാലാവധിയുള്ള പുതിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ നല്‍കുന്നു എന്നത്. എന്നാല്‍ ഇതൊരു പുതിയ വാര്‍ത്തയല്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ദുബായ് സർക്കാർ ഈ വീസ നൽകുന്നുണ്ട്. 2021 ൽ യുഎഇയിൽ ആദ്യമായി പ്രഖ്യാപിച്ച മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് ഉടന്‍തന്നെ നടപ്പിലാക്കിയിരുന്നു.
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ ആഴ്ച മുംബൈയിൽ നടന്ന ഒരു ട്രാവൽ എക്‌സ്‌പോയിൽ ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു. ഇതാണ് പുതിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ എന്ന തെറ്റിദ്ധാരണയിലേക്കു നയിച്ചത്.
ദുബായില്‍ താമസിക്കുന്ന കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സുഹൃത്തുക്കളെ കാണാനും ബിസിനസ് പരിപാടികളിൽ പങ്കെടുക്കാനും മറ്റുമായി ഹ്രസ്വകാലത്തേക്ക് ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വളരെ ഉപകാരപ്രദമാണ് ഈ വീസ.
അപേക്ഷ നല്‍കി, രണ്ടു മുതൽ അഞ്ച് വരെ പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നൽകുന്ന വീസ 90 ദിവസത്തേക്ക് രാജ്യത്ത് തുടരാൻ അനുവദിക്കുന്നു, ഇത് സമാനമായ കാലയളവിലേക്ക് ഒരുതവണ നീട്ടാം, മൊത്തം താമസം ഒരു വർഷത്തിൽ 180 ദിവസത്തിൽ കൂടരുത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായതായി ദുബായ് ഇക്കോണമി ആൻഡ് ടൂറിസം ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.
ഈ വീസ ഒരു ഗെയിം ചേഞ്ചറായി മാറിയെന്നും യാത്രയ്ക്കുള്ള അവസാന നിമിഷത്തെ തടസ്സങ്ങൾ നീക്കുകയും ദുബായിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്യുന്നവർക്ക് പ്രിയപ്പെട്ട വീസയാകുമെന്നും ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം പ്രോക്‌സിമിറ്റി മാര്‍ക്കറ്റ്സ് റീജനൽ ഹെഡ് ബദർ അലി ഹബീബ് ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തു.
ദുബായ് ഇക്കോണമി ആൻഡ് ടൂറിസം വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023 ജനുവരി മുതൽ ഡിസംബർ വരെ ഇന്ത്യയിൽനിന്ന് 2.46 ദശലക്ഷം സന്ദർശകരാണ് ദുബായിലേക്ക് യാത്രചെയ്തത്. 2022 ൽ ഇത് 1.84 ദശലക്ഷമായിരുന്നു. അസാധാരണമായ 34% വാർഷിക വളർച്ചയോടെ, ദുബായിലേക്ക് ഏറ്റവും കൂടുതൽ രാജ്യാന്തര സന്ദർശകരെ എത്തിക്കുന്ന രാജ്യമെന്ന പദവി ഇന്ത്യ തുടരുന്നു. ഇന്ത്യൻ വിനോദസഞ്ചാരികളുടെ ഈ ശക്തമായ ഒഴുക്ക്, 2023 ലെ ദുബായുടെ റെക്കോർഡ് ബ്രേക്കിങ് ടൂറിസം പ്രകടനത്തിന് ഗണ്യമായ സംഭാവന നൽകി.
ആഗോളതലത്തില്‍ ദുബായുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരു വർഷം മുമ്പ് ആരംഭിച്ച ദുബായ് ഇക്കണോമിക് അജൻഡയായ ഡി33 യുടെ ലക്ഷ്യങ്ങളുമായി ഈ വളർച്ച ഒത്തുപോകുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ബിസിനസിനും വിനോദത്തിനുമുള്ള മികച്ച മൂന്ന് ആഗോള നഗരങ്ങളിൽ ഒന്നാണ് ദുബായ്.
ഡിഇടിയുടെ കണക്കനുസരിച്ച്, 2023 ൽ ദുബായ് റെക്കോർഡ് എണ്ണം വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തു, 17.15 ദശലക്ഷം രാജ്യാന്തര ‘ഒറ്റരാത്രി’ സന്ദർശകരെ നഗരം ആകർഷിച്ചു. 2022 ല്‍ എത്തിയ 14.36 ദശലക്ഷം വിനോദസഞ്ചാരികളെ അപേക്ഷിച്ച്, 19.4% വാർഷിക വളർച്ചയാണ് കഴിഞ്ഞ കൊല്ലം ഉണ്ടായത്.