ADVERTISEMENT

മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ പ്രീ - വെഡ്ഡിങ് ആഘോഷങ്ങൾക്കാണ് ബിൽ ഗേറ്റ്സ് ഇന്ത്യയിൽ എത്തിയത്. എന്നാൽ, വിവാഹ ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനു മുമ്പ് ഒരു വിനോദസഞ്ചാരിയുടെ റോളിൽ ഇന്ത്യയിൽ ചുറ്റിക്കറങ്ങി ലോക കോടീശ്വരൻ. വിവിധ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഗുജറാത്തിലുള്ള പട്ടേൽ പ്രതിമ കാണാനും ബിൽ ഗേറ്റ്സ് എത്തി.

ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണാർത്ഥം നിർമിച്ചതാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. ഏകദേശം 600 അടി ഉയരത്തിലാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാരുടെ കോളനി ഭരണത്തിനു ശേഷം ഇന്ത്യയെ ഒന്നിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വം ആയിരുന്നു സർദാർ പട്ടേൽ. സ്റ്റാച്യൂ ഓഫ് യൂണിറ്റിയിൽ സന്ദർശനം നടത്തിയ ബിൽ ഗേറ്റ്സ് ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 2018 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റാച്യൂ ഓഫ് യൂണിറ്റി രാജ്യത്തിനു സമർപ്പിച്ചത്. രാജ്യത്തിന്റെ അഭിമാനമായി മാറിയ ഏകതാപ്രതിമ എന്ന എൻജിനിറിങ് വിസ്മയം കൂടിയാണ്.

Image Credit: thisisbillgates/instagram
Image Credit: thisisbillgates/instagram

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണത്തെ തുടർന്നാണ് ബിൽ ഗേറ്റ്സ് ഏകതാപ്രതിമ സന്ദർശിക്കാൻ എത്തിയത്. സാധാരണ ഒരു വിനോദസഞ്ചാരിയെ പോലെ തന്നെയായിരുന്നു ബിൽ ഗേറ്റ്സ് ഇവിടം സന്ദർശിച്ചതും അതിന്റെ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചതും. ഏകതാപ്രതിമ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ക്ഷണത്തിന് ഇൻസ്റ്റഗ്രാമിൽ ബിൽ ഗേറ്റ്സ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 'ഏകതാപ്രതിമ സന്ദർശിക്കാനുള്ള ക്ഷണത്തിന് നന്ദി. ഇത് സർദാർ പട്ടേലിനുള്ള ആദരവും മഹത്തായ ഒരു എൻജിനീയറിങ് വിസ്മയവുമാണ്.' - ബിൽ ഗേറ്റ്സ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രാദേശിക ഗോത്രവർഗ സമൂഹത്തിനും പ്രത്യേകിച്ച് സ്ത്രീകൾക്കും ഏകതാപ്രതിമ നൽകുന്ന സാമ്പത്തിക അവസരങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിക്കുകയും ചെയ്തു. 

Image Credit: thisisbillgates/instagram
Image Credit: thisisbillgates/instagram

ബിൽ ഗേറ്റ്സ് ഏകതാപ്രതിമ സന്ദർശിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഏകതാ പ്രതിമ സന്ദർശനം നടത്തിയതിലെ സന്തോഷം സോഷ്യൽ മീഡിയയിലുടെ അദ്ദേഹം പങ്കുവച്ചതിലൂടെ ലോകത്തിന്റെ വിവിധ കോണുകളിൽ ഉള്ളവർക്ക് ഇവിടം സന്ദർശിക്കാൻ അതൊരു പ്രചോദനമാകുമെന്നും പ്രധാനമന്ത്രി കുറിച്ചു. അതേസമയം, സന്ദർശക ഡയറിയിൽ അദ്ദേഹം ഏകതാ പ്രതിമ സന്ദർശിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. 'ഇതൊരു എൻജിനീയറിങ് അദ്ഭുതമാണ്. സർദാർ പട്ടേലിനുള്ള ആദരവാണ്. വളരെ മനോഹരമായിട്ടുണ്ട്. നിങ്ങളുടെ ആതിഥേയത്വത്തിന് നന്ദി'  - എന്നാണ് ബിൽ ഗേറ്റ്സ് സന്ദർശക ഡയറിയിൽ കുറിച്ചത്.

സന്ദർശനത്തിനായി എത്തിയ ബിൽ ഗേറ്റ്സിനെ ഏകതാ പ്രതിമ സി ഇ ഒ ഉദിത് അഗർവാൾ, സംസ്ഥാന മന്ത്രി ജഗദീഷ് വിശ്വകർമ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഔദ്യോഗിക ഗൈഡുകൾ ഏകതാ പ്രതിമയെക്കുറിച്ചുള്ള വിശദീകരണങ്ങൾ അദ്ദേഹത്തിനു നൽകി.135 മീറ്റർ ഉയരത്തിലുള്ള വ്യൂവിങ് ഗാലറിയിലും ബിൽ ഗേറ്റ്സ് സന്ദർശനം നടത്തി. പ്രാദേശിക ആദിവാസി സ്ത്രീകൾ നടത്തുന്ന ഒരു കഫ്റ്റീരിയയിൽ നിന്നു ഭക്ഷണവും കഴിച്ചു. ഏകതാ പ്രതിമയിൽ ഏറെ സമയം ചെലവഴിച്ച അദ്ദേഹം അതിന്റെ ഫോട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ഏകതാപ്രതിമ

സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണാർത്ഥം നിർമിച്ചിരിക്കുന്ന ഏകതാ പ്രതിമ ലോകത്തിലെ തന്നെ ഈ വിധത്തിലുള്ള ഏറ്റവും വലിയ പ്രതിമയാണ്. 2022 ൽ മാത്രം ഏകതാ പ്രതിമ കാണാനായി 43 ലക്ഷം പേരാണ് എത്തിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഇവിടേക്ക് സന്ദർശകരായി എത്തിയത് 1.6 കോടി സന്ദർശകരാണ്. 2018 ഒക്ടോബർ 31 ന് പട്ടേലിന്റെ 143-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി ഉദ്ഘാടനം ചെയ്തത് . കഴിഞ്ഞ വർഷം അമ്പതു ലക്ഷത്തിനു മുകളിൽ സന്ദർശകരാണ് ഗുജറാത്തിലെ ഏകതാപ്രതിമ കാണാനെത്തിയത്. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ രാവിലെ എട്ടുമണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് ഏകതാപ്രതിമയിലെ സന്ദർശക സമയം.

English Summary:

Bill Gates visited Gujarat’s Statue of Unity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com