ഇനി മുംബൈയിൽ ഡ്രൈവറില്ലാത്ത പോഡ് ടാക്സികളുടെ കാലം; ആദ്യയാത്ര ബാന്ദ്ര മുതൽ കുർല വരെ
Mail This Article
വൈദ്യുതിയിൽ സഞ്ചരിക്കുന്ന വാഹനങ്ങളാണ് പോഡ് ടാക്സികൾ. ഇന്ത്യയുടെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ പോഡ് ടാക്സികൾ എത്തുകയായി. ഡ്രൈവറില്ലാത്ത ഇത്തരം വാഹനങ്ങൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്നു. ഏകദേശം അഞ്ച് - ആറ് യാത്രക്കാരെ ഉൾക്കൊള്ളുന്ന ഓട്ടമേറ്റഡ് കാറുകളാണ് ഇവ.
ഇന്ത്യയിൽ മുംബൈയിലാണ് ആദ്യമായി ഡ്രൈവറില്ലാത്ത കാറുകൾ എത്തുന്നത്. ബാന്ദ്ര - കുർല റെയിൽവേ സ്റ്റേഷനുകളെ കണക്ട് ചെയ്യുന്ന ഈ പാത 8.8 കിലോമീറ്റർ ആയിരിക്കും. ഈ രണ്ട് സ്റ്റേഷനുകൾക്കിടയിൽ 38 സ്ഥലങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും. ബാന്ദ്ര - കുർല കോംപ്ലക്സ് മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നതാണ് ലക്ഷ്യം.
പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ ആയിരിക്കും പദ്ധതി. ഇതിന് 2017ൽ 50 കോടിയായിരുന്നു മുടക്കുമുതൽ പ്രതീക്ഷിച്ചത്. എന്നാൽ, നിലവിൽ 1018 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബാന്ദ്ര - കുർല കോംപ്ലക്സിനുള്ളിൽ 5000 സ്ക്വയർ മീറ്ററിൽ ഒരു ഡിപ്പോ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. ടിക്കറ്റ് നിരക്ക് സംബന്ധിച്ച വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.
മുംബൈ മെട്രോപോളിറ്റൻ റീജനൽ ഡവലപ്മെന്റ് അതോറിറ്റി പോഡ് ടാക്സി സർവീസ് തുടങ്ങാൻ അനുമതി നൽകിയിരുന്നു. മുംബൈയുടെ സാമ്പത്തിക കേന്ദ്രമായ ഈ മേഖലയ്ക്ക് പുത്തൻ ഉണർവ് ആയിരിക്കും പോഡ് ടാക്സി സമ്മാനിക്കുക.
പോഡ് ടാക്സിക്ക് 3.5 മീറ്റർ നീളവും 1.45 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമാണ് ഉണ്ടായിരിക്കുക. പോഡ് ടാക്സി സർവീസ് നിരവധി വിദേശ രാജ്യങ്ങളിൽ നിലവിലുണ്ട്. മുംബൈയുടെ പൊതുഗതാഗത സംവിധാന രംഗത്ത് വിപ്ലവകരമായ മുന്നേറ്റമായിരിക്കും പോഡ് ടാക്സികൾ കൊണ്ടു വരിക.