ആനപ്പുറത്തേറി പ്രധാനമന്ത്രി, കാസിരംഗ ചിത്രങ്ങൾ വൈറൽ
Mail This Article
അസം∙ ലോക പൈതൃക കേന്ദ്രമായ കാസിരംഗ ദേശീയോദ്യോനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ചയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി മോദി അസമിലെത്തിയത്. ദേശീയോദ്യാനത്തിൽ അദ്ദേഹം ആന സഫാരിയും ജീപ്പ് സഫാരിയും നടത്തി. ദേശീയോദ്യാന ഡയറക്ടർ സൊണാലി ഘോഷും മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.ഉച്ചയ്ക്ക് ശേഷം ജോർഹട്ടിൽവച്ച് അഹോം ജനറൽ ലചിത് ബർഫുകൻറെ പ്രതിമ മോദി അനാവരണം ചെയ്യും. പിന്നീട് മെലെങ് മെതലി പോഥറിലേക്ക് പ്രധാനമന്ത്രി യാത്ര തിരിക്കും. 18,000 കോടിയുടെ കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ ഉദ്ഘാടനം നടത്തും. തുടർന്ന് അസം ജനതയെ അഭിസംബോധന ചെയ്യും.
കാസിരംഗയിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളും കടുവകളും അപൂർവയിനത്തിൽപ്പെട്ട പക്ഷികളും കൂടാതെ ഏഷ്യൻ ആനകളും ചെളിയിൽ മുങ്ങി ജീവിക്കുന്ന മാനുകളുമെല്ലാം കാണപ്പെടുന്ന മനോഹരമായ ദേശീയോദ്യാനമാണ് കാസിരംഗ. ആസാമിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ലോകത്തിലെ ആകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും വസിക്കുന്നത്! യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടിയ ഇവിടം പ്രകൃതിസ്നേഹികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.1974-ലാണ് കാസിരംഗ ദേശീയോദ്യാനം നിലവിൽ വരുന്നത്. പിന്നീട് 1905-ൽ റിസർവ് ഫോറസ്ററ് ആയും 1974-ൽ ദേശീയോദ്യാനമായും 2006-ൽ ടൈഗർ റിസർവായും പ്രഖ്യാപിക്കപ്പെട്ടു. നിത്യഹരിത വനമേഖലയായ കാസിരംഗയിൽ ധാരാളം ചതുപ്പുനിലങ്ങളും പുൽമേടുകളും എല്ലാമുണ്ട്. കാട് ഭരിക്കുന്ന ഭീമന്മാരെ അടുത്ത് കാണാനുള്ള അവസരം ഇതേപോലെ കിട്ടുന്ന സ്ഥലങ്ങൾ വേറെ അധികമില്ല. ബ്രഹ്മപുത്രയുടെ സാന്നിധ്യവും അടുത്തുള്ള മികിർ മലകളുടെ മനോഹരമായ കാഴ്ചയും കൂടിയാകുമ്പോൾ ആ അനുഭവം കൂടുതൽ സുന്ദരമാകുന്നു. കേരളത്തിൽ നിന്നുള്ള ധാരാളം ഫൊട്ടോഗ്രാഫർമാരുടെ ഇഷ്ടയിടമാണ് കാസിരംഗ.
സന്ദർശിക്കാൻ പറ്റിയ സമയം
നവംബർ മുതൽ പാർക്ക് സന്ദർശിക്കാം. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. മഴ തുടങ്ങുന്ന ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഇവിടെ പ്രവേശനമില്ല. വെള്ളം കയറുന്നതിനാൽ അടച്ചിടും, ഓക്ടോബറിലാണ് വീണ്ടും തുറക്കുന്നത്. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന പേരിലാണ് കാസിരംഗ ലോകപ്രശസ്തമായത്. എന്നാൽ കാണ്ടാമൃഗങ്ങൾ മാത്രമല്ല, വാട്ടർ ബഫല്ലോ, തൊപ്പിക്കാരൻ ലംഗൂർ, റോക് പൈത്തൺ, ആന, കടുവ, ഗംഗാ ഡോൾഫിൻ, ഗൗർ... മുതലായവയും ഇവിടെയുണ്ട്.
1999 നവംബറിൽ കാസിരംഗ ദേശീയോദ്യാനം വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട്-ടൈഗർ കൺസർവേഷൻ പ്രോഗ്രാം (WWF-TCP) രാജ്യത്തെ ഏറ്റവും മികച്ച പാർക്കുകളിൽ ഒന്നായി തിരഞ്ഞെടുത്ത് മില്ലേനിയം അവാർഡ് നൽകി. മിഹി മുഖ് ആണ് പാർക്കിന്റെ ആരംഭസ്ഥാനം. സങ്കേതത്തിനുള്ളിലേക്ക് കടക്കാൻ ഇവിടെ നിന്നും ആനകളെ വാടകയ്ക്ക് കിട്ടും. അതിരാവിലെ തന്നെ ആനസവാരി നടത്തിയാൽ വന്യമൃഗങ്ങളെ ഏറ്റവും അടുത്ത് കാണാനുള്ള മികച്ച അവസരമാണ് ലഭിക്കുന്നത്. ആനകൾക്ക് കൃത്യമായി പരിശീലനം നൽകാൻ കഴിവുറ്റ പാപ്പാന്മാരുണ്ട്. അവർ ആനകളെ നിയന്ത്രിച്ചു കൊണ്ട് കൂടെത്തന്നെ വരും. ആനസവാരി താല്പര്യമില്ല എന്നുണ്ടെങ്കിൽ വാച്ച് ടവറുകളിൽ കയറി വന്യമൃഗങ്ങളെ നിരീക്ഷിക്കാം. ടൂറിസ്റ്റുകൾക്കായി ഇവിടെയുള്ള റിനോലാന്റ് പാർക്കിൽ ബോട്ട് സവാരി ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.