തീർഥാടകർക്ക് ഇനി ശുഭയാത്ര, കൊല്ലത്തു നിന്ന് തിരുപ്പതിയിലേക്കു പുതിയ ട്രെയിൻ
Mail This Article
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തിരുപ്പതി തിരുമല ബാലാജി ക്ഷേത്രം എന്നറിയപ്പെടുന്ന തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രം. കേരളത്തിൽ നിന്നുള്ള തിരുപ്പതി തീർഥാടകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് കൊല്ലത്തു നിന്ന് തിരുപ്പതിയിലേക്കുള്ള തീവണ്ടി സർവീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ ആയിട്ടാണ് ഈ സേവനം ഉദ്ഘാടനം ചെയ്തത്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എം പിമാരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
കൊല്ലത്തു നിന്ന് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് തിരുപ്പതിയിലേക്ക് ട്രെയിൻ പുറപ്പെടുക. തിരുപ്പതിയിൽ നിന്ന് ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്തേക്കും തീവണ്ടി പുറപ്പെടും. 15-ാം തീയതി ഉച്ചയ്ക്ക് 2.40-ന് തിരുപ്പതിയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി 16ന് 6.20-ന് കൊല്ലത്തെത്തും. പതിനാറാം തീയതി രാവിലെ കൊല്ലത്തു നിന്ന് തിരുപ്പതിയിലേക്കും.
കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പുർ, ഈറോഡ്, സേലം, ജോലാർപ്പെട്ട്, കാട്പാടി, ചിറ്റൂർ എന്നിവിടങ്ങളിലാണ് തീവണ്ടിക്ക് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. രണ്ട് എസി ടു ടയർ, അഞ്ച് എസി ത്രീ ടയർ, ഏഴ് സ്ലീപ്പർ ക്ലാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, ഒരു സെക്കൻഡ് ക്ലാസ്, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക കോച്ച് എന്നിവയാണ് തീവണ്ടിയിൽ യാത്രക്കാർക്കായി സജ്ജമാക്കിയിരിക്കുന്നത്.
തിരുപ്പതി തീർഥാടകർക്ക് മാത്രമല്ല ശബരിമല തീർഥാടകർക്കും ഈ ട്രെയിൻ ഗുണപ്രദമാണ്. തമിഴ് നാട്ടിൽ ആന്ധ്രപ്രദേശിൽ നിന്നും ശബരിമലയിലേക്ക് എത്തുന്നവർക്ക് ചെങ്ങന്നൂരിൽ വണ്ടിയിറങ്ങി പമ്പയിലേക്ക് പോകാൻ സാധിക്കും. വ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും പുതിയ തീവണ്ടിയുടെ സേവനം ഉപകാരപ്രദമാകും.
രാജ്യത്തെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ തിരുപ്പതി
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തിരുപ്പതി. ആന്ധ്രപ്രദേശിലെ തിരുമല മലനിരകളുടെ ഏഴാമത്തെ കൊടുമുടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏഴു മലകളുടെ പ്രഭു എന്നും ഈ മല അറിയപ്പെടുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന തീർഥാടനകേന്ദ്രങ്ങളിൽ വത്തിക്കാന് പിന്നിൽ രണ്ടാം സ്ഥാനത്താണ് തിരുപ്പതി. 2.2 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ ക്ഷേത്രം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി ദിവസം തോറും ഏകദേശം 25,000 തീർഥാടകരാണ് ഇവിടേക്ക് എത്തുന്നത്.
ചരിത്രം കണ്ട ക്ഷേത്രം
നിരവധി ശക്തരായ രാജവംശത്തിന്റെ ഉയർച്ചയും വളർച്ചയും പതനവും കണ്ട ക്ഷേത്രം കൂടിയാണ് തിരുപ്പതി ക്ഷേത്രം. പാണ്ഡ്യൻമാരും ചോളൻമാരും പല്ലവൻമാരും ഈ ക്ഷേത്രത്തിന്റെ ക്ഷേമത്തിനും ഉയർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ചു. പതിനാറാം നൂറ്റാണ്ടിൽ വിജയനഗർ ഭരണാധികാരികളാണ് ക്ഷേത്രത്തിന് ഒരു പുതിയ മുഖം നൽകുകയും കൂടുതൽ സമ്പന്നമാക്കുകയും ചെയ്തത്. ഹൈന്ദവ രാജാക്കൻമാരുടെ പതനത്തിനു ശേഷം കർണാടകയിലെ മുസ്ലിം രാജാക്കൻമാരും ബ്രിട്ടീഷുകാരും ക്ഷേത്രത്തിന്റെ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്തു.
തിരുപ്പതി ക്ഷേത്രത്തിൽ സന്ദർശനത്തിന് എത്തുന്നവർക്ക് ഇവിടെ സന്ദർശിക്കുവാൻ മറ്റനേകം ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും ഉണ്ട്. ശ്രീ പത്മാവതി അമ്മാവരി ക്ഷേത്രം, തിരുമല തിരുപ്പതി ദേവസ്ഥാനം, ശ്രീ കല്യാണ വെങ്കടേശ്വര സ്വാമി ക്ഷേത്രം, ജപാലി തീർഥം, ശ്രീ ഗോവിന്ദരാജസ്വാമി ക്ഷേത്രം, കപില തീർഥം, ഇസ്കോൺ, തലകോന വെള്ളച്ചാട്ടം, റോക്ക് ഗാർഡൻ, ഡീർ പാർക്, ആകാശ ഗംഗ, റീജിയണൽ സയൻസ് സെന്റർ, ചന്ദ്രഗിരി കൊട്ടാരവും കോട്ടയും, മ്യൂസിയം എന്നിങ്ങനെ നിരവധി കാഴ്ചകളാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.