ADVERTISEMENT

ഇന്ത്യയിലെ വിമാനയാത്രികര്‍ക്ക് പുതിയൊരു എയര്‍ലൈന്‍ കൂടി, FLY91. തുടക്കകാല ഓഫറായി വെറും 1,991 രൂപക്കാണ് ഫ്‌ളൈ 91 വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. മാര്‍ച്ച് 18 ന് ഗോവയിലെ മനോഹര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്തവാളത്തിലേക്ക് രാവിലെ 07.55നായിരുന്നു ആദ്യ യാത്ര. പ്രധാന നഗരങ്ങള്‍ക്കൊപ്പം ടയര്‍ 2 ടയര്‍ 3 നഗരങ്ങളിലേക്കു കൂടി സര്‍വീസുകള്‍ നടത്താനാണ് ഫ്‌ളൈ 91 ന്റെ ലക്ഷ്യം. 

മനോജ് ചാക്കോ, ഫ്ലൈ 91
മനോജ് ചാക്കോ, ഫ്ലൈ 91

രണ്ട് വിമാന സര്‍വീസുകളാണ് ആദ്യ ദിനം ഫ്‌ളൈ 91 നടത്തിയത്. ബെംഗളൂരുവില്‍ നിന്നും സിന്ധുദുര്‍ഗിലേക്കായിരുന്നു രണ്ടാമത്തെ വിമാനം. ആദ്യഘട്ടത്തില്‍ ഗോവ, ഹൈദരാബാദ്, ബെംഗളൂരു, സിന്ധുദുര്‍ഗ് എന്നീ നഗരങ്ങളിലേക്കായിരിക്കും ഫ്‌ളൈ 91 സര്‍വീസ് നടത്തുക. അഗത്തി, ജല്‍ഗോണ്‍, പൂനെ എന്നിവിടങ്ങളിലേക്ക് ഏപ്രിലോടെ സര്‍വീസുകള്‍ ആരംഭിക്കും. വിമാനയാത്ര സാധാരണക്കാരിലേക്കു കൂടി എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് ഫ്‌ളൈ 91 പ്രവര്‍ത്തിക്കുകയെന്ന് ഇനോഗ്രല്‍ ഓഫര്‍ പ്രഖ്യാപിച്ചുകൊണ്ട് കമ്പനി എംഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മനോജ് ചാക്കോ പറഞ്ഞു. 

‘ഫ്ലൈ 91’ന്റെ ആദ്യസർവീസ് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫ്ലാഗ് ഓഫ് ചെയ്യുന്നു
‘ഫ്ലൈ 91’ന്റെ ആദ്യസർവീസ് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫ്ലാഗ് ഓഫ് ചെയ്യുന്നു

പ്രധാന കേന്ദ്രങ്ങള്‍ക്കിടയില്‍ കൃത്യമായ ഇടവേളയില്‍ വിമാന സര്‍വീസ് നടത്താന്‍ ഫ്‌ളൈറ്റ് 91ന് പദ്ധതിയുണ്ട്. ഗോവയ്ക്കും ബെംഗളൂരുവിനുമിടയില്‍ തിങ്കള്‍, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ വിമാന സര്‍വീസുകളുണ്ടാവും. സമാനമായ രീതിയില്‍ ബെംഗളൂരുവിനും സിന്ധുദുര്‍ഗിനുമിടയിലും ഫ്‌ളൈറ്റ് 91 സര്‍വീസുകള്‍ പ്രതീക്ഷിക്കാം. ആഴ്ചയില്‍ രണ്ടു തവണ വീതമായിരിക്കും ഗോവയ്ക്കും ഹൈദരാബാദിനും ഇടയിലും സിന്ധുദുര്‍ഗിനും ഹൈദരാബാദിനും ഇടയിലും വിമാന സര്‍വീസുകള്‍ ഉണ്ടാവുക. 

മലയാളിയുടെ എയർലൈൻസ്; ആദ്യ വിമാനത്തിന്റെ പ്രത്യേകതകൾ അറിയാം...

 രണ്ട് എടിആര്‍ 72-600 വിമാനങ്ങളാണ് തുടക്കത്തില്‍ ഫ്‌ളൈ 91നു വേണ്ടി വിമാന സര്‍വീസുകള്‍ നടത്തുക. വരും മാസങ്ങളില്‍ നാലു വിമാനങ്ങള്‍ കൂടി എത്തുന്നതോടെ ഫ്‌ളൈ 91 കൂടുതല്‍ സജീവമാവും. സര്‍ക്കാരിന്റെ റീജിയണല്‍ കണക്ടിവിറ്റി സ്‌കീമായ UDAN പ്രോത്സാഹിപ്പിക്കുന്നതാണ് ഫ്‌ളൈ 91 ശ്രമങ്ങള്‍. ഗോവ, ഹൈദരാബാദ്, പൂനെ, സിന്ധുദുര്‍ഗ്, ജല്‍ഗോണ്‍, നന്ദേദ്, അഗത്തി എന്നിങ്ങനെയുള്ള നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ സഞ്ചാരികള്‍ക്കും ഗുണം ചെയ്യും. 

പത്തുവര്‍ഷം കണ്ട സ്വപ്‌നം

ഫ്‌ളൈ 91 സ്ഥാപകന്‍ മനോജ് ചാക്കോക്ക് ഇത് പത്തു വര്‍ഷത്തിലേറെയായി കണ്ട സ്വപ്‌നം സാക്ഷാത്ക്കരിച്ച നിമിഷമാണ്. ഇരുന്നൂറിലേറെ നിക്ഷേപകരെയാണ് മനോജ് ചാക്കോ ഇക്കാലത്തിനിടയില്‍ തന്റെ സ്വപ്‌ന പദ്ധതിയുമായി സമീപിച്ചത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സ്ഥാപക ടീമില്‍ അംഗമായിരുന്നുവെന്നത് ഒരു പക്ഷേ ചാക്കോക്ക് തിരിച്ചടിയായെന്നു വേണം കരുതാന്‍. കടം കയറി പൂട്ടിപോയ ഒരു എയര്‍ലൈന്‍ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നയാള്‍ വീണ്ടും വ്യോമയാന കമ്പനിയെന്ന ആശയവുമായി എത്തിയപ്പോള്‍ ഭൂരിഭാഗം പേരും നിക്ഷേപത്തിനു തയ്യാറായില്ല. 

ആകെ 200 കോടി രൂപയായിരുന്നു തന്റെ സ്വപ്‌ന പദ്ധതി തുടങ്ങാന്‍ മനോജ് ചാക്കോക്ക് വേണ്ടിയിരുന്നത്. ഇതില്‍ 100 കോടി രൂപ കോണ്‍വെര്‍ജെന്റ് ഫിനാന്‍സ് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ നിക്ഷേപിക്കാന്‍ തയാറായി. ബാക്കിയുള്ള തുകക്കു വേണ്ടിയായിരുന്നു കഷ്ടപ്പാട്. ഒടുവില്‍ 40 നിക്ഷേപകരില്‍ നിന്നായാണ് മനോജ് ചാക്കോക്ക് ഫ്‌ളൈ91 തുടങ്ങാന്‍ വേണ്ട 100 കോടി രൂപ കൂടി സമാഹരിക്കാനായത്. 

വെല്ലുവിളികള്‍

ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങളാണ് 60 ശതമാനം വ്യോമയാന ഗതാഗതത്തിന്റേയും ആസ്ഥാനങ്ങള്‍. ഈ കണക്കിന് കഴിഞ്ഞ പത്തു വര്‍ഷമായി വലിയ മാറ്റങ്ങളില്ല.  സര്‍ക്കാര്‍ സബ്‌സിഡികള്‍ അനുവദിച്ചിട്ടു പോലും റീജ്യണല്‍ കണക്ടിവിറ്റി സ്‌കീം പ്രകാരം നടത്തിയ വിമാന സര്‍വീസുകളില്‍ 46 ശതമാനവും അവസാനിപ്പിച്ചുവെന്നത് ആശാവഹമായ കണക്കല്ല. 

ടയര്‍ 2, ടയര്‍ 3 നഗരങ്ങള്‍ കേന്ദ്രീകരിച്ച് വിമാന സര്‍വീസ് നടത്തുകയെന്നതില്‍ ഇതു തന്നെയാണ് പ്രധാന വെല്ലുവിളി. വലിയ എയര്‍ലൈനുകളുമായി മത്സരിക്കാന്‍ നില്‍ക്കാതെ അവരുമായി സഹകരിച്ച് മുന്നേറാനാണ് ഫ്‌ളൈ91 ശ്രമം. വന്‍ നഗരങ്ങളിലേക്കുള്ള പ്രധാന വിമാനങ്ങളുടെ സമയത്തിന് അനുസരിച്ച് അടുത്തുള്ള ചെറു നഗരങ്ങളിലേക്ക് യാത്രികരെ എത്തിക്കാന്‍ ഫ്‌ളൈ 91ന് സാധിക്കും. ശ്രീനഗറില്‍ 30 ശതമാനവും കേരളത്തിലും ആന്ധ്രപ്രദേശിലുമെല്ലാം 15-20 ശതമാനവും വിമാന യാത്രികരില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നതും എയര്‍ലൈനുകളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന കണക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com