ആരോഗ്യമുള്ള ആര്‍ക്കും എവറസ്റ്റ് കീഴടക്കാം; യാത്രയിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
Mail This Article
സാങ്കേതികവിദ്യയുടേയും സുരക്ഷാ സൗകര്യങ്ങളുടേയും വളര്‍ച്ചയോടെ ആരോഗ്യവും മനക്കരുത്തുമുള്ള ആര്‍ക്കും കീഴടക്കാവുന്ന ലക്ഷ്യമാക്കി എവറസ്റ്റ്. 1953 ല്‍ ആദ്യമായി മനുഷ്യന്‍ എവറസ്റ്റിനു മുകളിലെത്തിയപ്പോഴത്തെ വെല്ലുവിളികള്‍ ഇന്ന് എവറസ്റ്റ് കയറുന്നവർക്കില്ല. എങ്കില്‍ പോലും ഒറ്റ ദിവസം കൊണ്ട് തീരുമാനിച്ചു പുറപ്പെട്ടു പോവാവുന്ന യാത്രയല്ല ഇത്. എവറസ്റ്റ് യാത്രയ്ക്കു മുൻപ് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഒരുക്കങ്ങളുമുണ്ട്. തീര്‍ച്ചയായും ലക്ഷങ്ങളുടെ ചെലവു വരുന്ന എവറസ്റ്റു യാത്രയ്ക്കു മുമ്പ് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങൾ.
1. ഏതെല്ലാം പെര്‍മിറ്റുകള്‍
എവറസ്റ്റ് ബേസ് ക്യാംപിലേക്കെത്താന്‍ രാജ്യാന്തര യാത്രികര്‍ക്ക് ഏറ്റവും കുറഞ്ഞത് മൂന്നു പെര്‍മിറ്റുകളെങ്കിലും ആവശ്യമുണ്ട്. ചൈന, നേപ്പാള്‍ രാജ്യാന്തര അതിര്‍ത്തിയിലാണ് എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. എവറസ്റ്റ് കൊടുമുടി കയറാനായി ടിബറ്റ് ടൂറിസം ബ്യൂറോയുടെ പെര്‍മിറ്റ് ആവശ്യമാണ്. ഇത് ടിബറ്റ് ട്രാവല്‍ ഏജന്‍സികള്‍ വഴി നേടാനാവും. ഫ്രോണ്ടിയര്‍ പാസാണ് രണ്ടാമത്തേത്. ലാസയിലെ ടിബറ്റ് പൊലീസ് വിഭാഗമാണ് ഇത് നല്‍കേണ്ടത്. എവറസ്റ്റ് കൊടുമുടി കയറാനും സാങ്മു അതിര്‍ത്തി വഴി നേപ്പാളിലേക്കു പോവാനും ഈ പെര്‍മിറ്റ് നിങ്ങള്‍ക്ക് ഉപയോഗിക്കാനാവും. പബ്ലിക്ക് സെക്യൂരിറ്റി ബ്യൂറോ അനുവദിക്കുന്ന ട്രാവല്‍ പെര്‍മിറ്റാണ് മൂന്നാമത്തേത്. ഇതുവഴി ടിബറ്റിലെ ടിന്‍ഗ്രി, ഡ്രോമോ, ന്യാലം, മെഡോങ്, ബുറാങ്, പെമാക്കോ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്കും പോവാനാവും.
2. ട്രാക്കിങ് ചിപ്പ്
2024 എവറസ്റ്റ് കൊടുമുടി സീസണ് മുന്നോടിയായി നേപ്പാള്‍ എവറസ്റ്റ് കയറാനെത്തുന്നവര്‍ക്കെല്ലാം ചിപ്പ് ഘടിപ്പിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം തന്നെ പ്രധാന മലകയറ്റ കമ്പനികള്‍ മലകയറ്റക്കാര്‍ക്ക് ചിപ്പ് നല്‍കുന്നുണ്ട്. ഇത് സര്‍ക്കാര്‍ തലത്തില്‍ ഔദ്യോഗികവും നിര്‍ബന്ധവുമാക്കുകയാണ് ചെയ്തതെന്ന് നേപ്പാള്‍ വിനോദസഞ്ചാര വകുപ്പ് തലവന്‍ രാകേഷ് ഗുരുങ് പറഞ്ഞിരുന്നു. 10-15 ഡോളര്‍ വില വരുന്ന ചിപ്പുകള്‍ മലകയറ്റക്കാരുടെ ജാക്കറ്റില്‍ തുന്നി പിടിപ്പിക്കുകയാണ് ചെയ്യുക. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ യാത്രികര്‍ എവിടെയാണെന്ന് പെട്ടെന്ന് കണ്ടെത്താന്‍ ഈ ചിപ്പ് സഹായിക്കും. എവറസ്റ്റ് കയറി ഇറങ്ങിയ ശേഷം ഈ ചിപ്പുകള്‍ തിരിച്ചു നല്‍കണം.
3. ക്ലൈമ്പിങ് ഗിയര്‍
അത്യാവശ്യം വേണ്ട സവിശേഷമായ വസ്ത്രങ്ങളെക്കുറിച്ചും സുരക്ഷാ ഗിയറുകളെക്കുറിച്ചും എവറസ്റ്റ് കയറാന്‍ പോവുന്നതിനു മുമ്പ് അറിഞ്ഞിരിക്കണം. ക്യാംപിങ് ഗിയറുകളുടേയും മലകയറ്റ ഉപകരണങ്ങളുടേയും ഉപയോഗരീതികളും പരിചയപ്പെടണം.
വസ്ത്രം
കൊടും തണുപ്പ് താങ്ങാവുന്ന ജാക്കറ്റും പാന്റുകളും, ഈര്‍പ്പം വലിച്ചെടുക്കാന്‍ ശേഷിയുള്ള ബേസ് ലെയര്‍ വസ്ത്രങ്ങള്‍, ഗ്ലൗവ്‌സും മിറ്റനുകളും, തൊപ്പികളും ബലാക്ലേവുകളും, യുവി സുരക്ഷയുള്ള സണ്‍ഗ്ലാസുകള്‍, ബൂട്ടുകളും കാലുറകളും ക്രാമ്പോണുകളും എന്നിങ്ങനെ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുകയും ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടവ ഏറെയാണ്.
മലകയറ്റത്തിനുള്ള ഉപകരണങ്ങള്‍
ഹെല്‍മറ്റ്, ഐസ് ആക്‌സ്, മലകയറ്റത്തിനുള്ള കയറുകള്‍, കരാബൈനര്‍, പുള്ളീസ്, ബെല്ലി ഡിവൈസസ്, ഐസ് സ്‌ക്രൂകള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഉപകരണങ്ങള്‍ മലകയറ്റത്തിനു വേണ്ടതുണ്ട്. ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പഠിക്കുകയെന്നതും പ്രധാനമാണ്.
സേഫ്റ്റി ഗിയര്‍
അവലാഞ്ചെ ട്രാന്‍സെയ്‌വര്‍, മെഡിക്കല്‍ കിറ്റ്, ഓക്‌സിജന്‍ സിലിണ്ടറുകള്‍, ആള്‍ട്ടിട്ട്യൂഡ് സിക്‌നെസ് പരിഹരിക്കാന്‍ പോര്‍ട്ടബിള്‍ ആള്‍ട്ടിറ്റിയൂഡ് ക്ലൈംബര്‍ എന്നിവയെല്ലാം നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും.
ക്യാംപിങ് ഗിയര്‍
ഉയര്‍ന്ന കാറ്റിനേയും തണുപ്പിനേയും പ്രതിരോധിക്കാന്‍ സഹായിക്കുന്ന ടെന്റ്, സ്ലീപ്പിങ് ബാഗ്, സ്ലീപ്പിങ് പാഡ്, പോര്‍ട്ടബിള്‍ സ്റ്റൗവും ഇന്ധനവും.
നാവിഗേഷന്‍ ആൻഡ് കമ്മ്യൂണിക്കേഷന്‍
ജിപിഎസ് ഉപകരണങ്ങള്‍, നാവിഗേഷനായുള്ള ആള്‍ട്ടിമീറ്റര്‍, ടു വേ റേഡിയോ, സാറ്റലൈറ്റ് ഫോണ്‍.
മറ്റുള്ളവ
സണ്‍സ്‌ക്രീമും ലിപ് ബാമും, ടൂത്ത് ബ്രഷ് പേസ്റ്റ് പോലുള്ള വ്യക്തി ശുചിത്വത്തിനുള്ള വസ്തുക്കള്‍, ഹെഡ് ലാംപും ബാറ്ററികളും. അത്യാവശ്യ സാധനങ്ങള്‍ കരുതാന്‍ കനം കുറഞ്ഞതും വേഗത്തില്‍ ഉണങ്ങുന്നതുമായ ബാക്ക് പാക്ക്, സ്‌നോ ബ്ലൈന്‍ഡ്‌നെസ് ഒഴിവാക്കാന്‍ ഗ്ലേസിയര്‍ ഗ്ലാസുകള്‍.
4. ഭക്ഷണവും പോഷണവും
ഏതു ഭക്ഷണവും വാരി വലിച്ചു കഴിക്കുന്ന പരിപാടിയൊന്നും എവറസ്റ്റ് കയറാന്‍ പോവുമ്പോള്‍ നടക്കില്ല. കൃത്യമായതും പോഷക സമൃദ്ധമായതുമായ ഭക്ഷണം അത്യാവശ്യമാണ്. എവറസ്റ്റ് കയറുകയെന്നത് ശാരീരികമായും മാനസികമായും വലിയ വെല്ലുവിളിയാണ്. അതുകൊണ്ടു തന്നെ വലിയ ഊര്‍ജ്ജം ചെലവാക്കേണ്ട ലക്ഷ്യവുമാണിത്. അതിന് അനുസരിച്ചുള്ള കലോറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
ഭാരം കുറഞ്ഞതും എന്നാല്‍ പോഷക സമൃദ്ധവുമായ ആഹാരങ്ങളായിരിക്കണം കൊണ്ടു പോവേണ്ടത്. ഡ്രൈ ഫ്രൂട്ട്‌സ്, എനര്‍ജി ബാറുകള്‍, നട്‌സ്, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവയെല്ലാം അനുയോജ്യമാണ്. കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ സമൃദ്ധമായുള്ള ഭക്ഷണം കൂടെ കരുതണം. ഇത് ആവശ്യത്തിന് ഊര്‍ജം ഉറപ്പിക്കാന്‍ സഹായിക്കും. ആൾട്ടിറ്റ്യൂഡ് പ്രശ്‌നം ഉള്ളതു കൊണ്ട് ആവശ്യത്തിന് പരമാവധി വെള്ളം കുടിക്കുകയും കയ്യില്‍ കരുതുകയും വേണം.
5. ഷെര്‍പ ഗൈഡുകള്‍
എവറസ്റ്റ് കയറാന്‍ തീരുമാനിക്കുമ്പോള്‍ ഒഴിവാക്കാനാവാത്തവരാണ് ഷെര്‍പകള്‍. ടെന്‍സിങ് നോര്‍ഗെ എന്ന ഷെര്‍പയുടെ സഹായമില്ലാതെ എവറസ്റ്റ് കയറിയിറങ്ങുകയെന്നത് എഡ്മണ്ട് ഹിലാരിക്കുപോലും അസാധ്യമായിരുന്നു. നേപ്പാളിലെ സോളു കുംബു മേഖലയിലുള്ളവരാണ് ഷെര്‍പകള്‍. ഭാരവും വഹിച്ചും അല്ലാതെയും എവറസ്റ്റിനു മുകളിലേക്ക് ഒരു ആത്മീയ യാത്ര പോലെ കയറി ഇറങ്ങുന്ന ഷെര്‍പകളാണ് ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി മറ്റു രാജ്യക്കാര്‍ക്ക് ഇത്രമേല്‍ പ്രാപ്യമാക്കിയത്.